2020 ലെ വസന്തകാലത്ത് രാത്രി ആകാശത്തിനു കീഴിൽ, സാൻഡീഗോ തീരത്ത് സർഫിംഗ് നടത്തിക്കൊണ്ടിരുന്നവർ ജൈവികപ്രകാശതരംഗങ്ങൾ വമിക്കുന്ന തിരകൾക്കു മുകളിലൂടെ സർഫ് ചെയ്യുകയുണ്ടായി. ഈ ലൈറ്റ്‌ഷോകൾക്ക് കാരണമായത് ഫൈറ്റോപ്ലാങ്ക്ടൺ എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മജീവികളായിരുന്നു. “അലഞ്ഞുതിരിയുന്നവൻ’’ എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. പകൽ സമയത്ത്, ഈ ജീവജാലങ്ങൾ ചുവന്ന വേലിയേറ്റങ്ങൾ സൃഷ്ടിക്കുകയും സൂര്യപ്രകാശം പിടിച്ചെടുത്ത് അതു രാസോർജ്ജമായി മാറ്റുകയും ചെയ്യുന്നു. ഇരുട്ടിൽ അസ്വസ്ഥമാകുമ്പോൾ, അവ ഒരു നീല വൈദ്യുത വെളിച്ചം പുറപ്പെടുവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവർ സ്വർഗ്ഗത്തിന്റെ പൗരന്മാരാണ്, അവർ ചുവന്നവേലിയേറ്റ ആൽഗകളെപ്പോലെ, ഭൂമിയിൽ അലഞ്ഞുതിരിയുന്നവരായോ ഒഴുകുന്നവരായോ ജീവിക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങൾ നമ്മുടെ സുസ്ഥിരമായ പദ്ധതികളെ തടസ്സപ്പെടുത്തുമ്പോൾ, ലോകത്തിന്റെ വെളിച്ചമായ യേശുവിനെപ്പോലെ പ്രതികരിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അങ്ങനെ നമുക്ക് ഇരുട്ടിൽ അവന്റെ തിളക്കമാർന്ന സ്വഭാവം പ്രതിഫലിപ്പിക്കാൻ കഴിയും. പൗലൊസ് അപ്പൊസ്തലന്റെ അഭിപ്രായത്തിൽ, ക്രിസ്തുവുമായുള്ള നമ്മുടെ അടുപ്പത്തെയും അവനിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയെക്കാളും വിലപ്പെട്ട മറ്റൊന്നില്ല (ഫിലിപ്പിയർ 3:8-9). യേശുവിനെ അറിയുന്നതും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയും നമ്മെ മാറ്റുന്നു, അത് നമ്മുടെ ജീവിതരീതിയെയും പരിശോധനകൾ നമ്മുടെ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോൾ നാം പ്രതികരിക്കുന്ന രീതിയെയും സ്വാധീനിക്കുന്നുവെന്ന് അവന്റെ ജീവിതം തെളിയിച്ചു (വാ. 10-16).
നാം ദിവസവും ദൈവപുത്രനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമുക്കാവശ്യമായ സത്യത്താൽ നമ്മെ സജ്ജരാക്കുന്നു – ഈ ഭൂമിയിലെ എല്ലാ വെല്ലുവിളികളും ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു (വാ. 17-21). ദൈവം നമ്മെ വീട്ടിലേക്കു വിളിക്കുകയോ അല്ലെങ്കിൽ വീണ്ടും വരുകയോ ചെയ്യുന്ന ദിവസം വരെ ഇരുട്ടിനെ മുറിച്ചുകൊണ്ട് നമുക്കു ദൈവത്തിന്റെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും വിളക്കുകളാകാം.
അവന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ ക്രിസ്തു നിങ്ങൾക്കു നൽകിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ജീവിത വെല്ലുവിളികളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എങ്ങനെ മാറിയിരിക്കുന്നു? ക്രിസ്തുവിന്റെ സ്നേഹവും സ്വഭാവവും കൊണ്ട് തിളങ്ങുന്ന ഒരു “അലഞ്ഞുതിരിയുന്നവൻ’’ ആകാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
ശക്തനും കരുണാമയനുമായ യേശുവേ, പ്രയാസകരമായ സാഹചര്യങ്ങൾ എന്റെ ജീവിതത്തെ തടസ്സപ്പെടുത്തുമെന്നു ഭീഷണി മുഴക്കുമ്പോൾ, ഞാൻ നിന്നിൽ ഉറപ്പിച്ചിരിക്കുന്ന പ്രത്യാശ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കുന്നതിനായി എന്നിലൂടെ പ്രകാശിക്കണമേ.