2000 ൽ, ഒരു ഉയർന്ന കമ്പനി തങ്ങളുടെ കമ്പനിയെ 375 കോടി രൂപയ്ക്ക്, അക്കാലത്തെ ഹോം സിനിമകളുടെയും വീഡിയോ ഗെയിമുകളുടെയും റന്റൽ രാജാവായ മറ്റൊരു കമ്പനിക്കു വിൽക്കാൻ വാഗ്ദാനം ചെയ്തു. നെറ്റ്ഫ്ലിക്സ് എന്ന ഈ കമ്പനിക്ക് ഏകദേശം 3,00,000 വരിക്കാരുണ്ടായിരുന്നു, അതേസമയം വലിയ മൂവി റെന്റൽ കമ്പനിക്ക് ദശലക്ഷക്കണക്കിനു വരിക്കാരുണ്ടായിരുന്നു. ഈ കമ്പനി അവരുടെ ചെറിയ എതിരാളിയെ വാങ്ങാനുള്ള അവസരം പാഴാക്കി. ഫലം? ഇന്ന് നെറ്റ്ഫഌക്‌സിന് 18 കോടിയിലധികം വരിക്കാരുണ്ട്, അതിന്റെ മൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയാണ്. അവർ വിൽക്കാൻ ആഗ്രഹിച്ച മറ്റൊരു കമ്പനിയാകട്ടെ തകർന്നുപോയി. നമ്മിൽ ആർക്കും ഭാവി പ്രവചിക്കാൻ കഴികയില്ല.
നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നമുക്കാണെന്നും ഭാവിയിലേക്കുള്ള നമ്മുടെ പദ്ധതികൾ വിജയിക്കുമെന്നും വിശ്വസിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ യാക്കോബ് പറയുന്നു, “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ’’ (4:14). ജീവിതം നമ്മൾ പലപ്പോഴും മനസ്സിലാക്കുന്നതിനേക്കാൾ ഹ്രസ്വവും വേഗമേറിയതും കൂടുതൽ ദുർബലവുമാണ്. ആസൂത്രണം ആവശ്യമാണ്, എന്നാൽ അനുമാനത്തിന്റെ പാപം നിയന്ത്രണം നമ്മുടെ കൈയിലാണെന്ന അനുമാനത്തിലാണ്. അതുകൊണ്ടാണ് “നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ എന്നു യാക്കോബ് മുന്നറിയിപ്പു നൽകുന്നത്, കാരണം “ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു’’ (വാ. 16).
ഈ പാപകരമായ രീതി ഒഴിവാക്കാനുള്ള മാർഗം ദൈവത്തോടുള്ള നന്ദിപൂർവമായ പങ്കാളിത്തമാണ്. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും’’ ദൈവത്തിങ്കൽനിന്നാണെന്ന് കൃതജ്ഞത നമ്മെ ഓർമ്മിപ്പിക്കുന്നു (1:17). അപ്പോൾ നാം ദൈവത്തിങ്കലേക്കു വരുമ്പോൾ, നമ്മുടെ ഇന്നത്തെയും ഭാവിയിലെയും പദ്ധതികളെ അനുഗ്രഹിക്കണം എന്നു വെറുതെ പറയാതെ, അവിടുന്നു ചെയ്യുന്ന കാര്യങ്ങളിൽ അവിടുത്തോടു ചേർന്നു പ്രവർത്തിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം അവിടുത്തോട് അപേക്ഷിക്കുന്നു. “കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ’’ (4:15) എന്നു പ്രാർത്ഥിക്കുന്നതിന്റെ അർത്ഥം ഇതാണ്.
നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണമേറ്റെടുക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്? നിങ്ങൾ ദൈവത്തിനു കീഴടങ്ങുകയും അവിടുത്തോടൊപ്പം ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നത് എന്താണ് അർത്ഥമാക്കുന്നത്?
പ്രിയ യേശുവേ, എന്റെ പദ്ധതികളും ഭയങ്ങളും ആഗ്രഹങ്ങളും ഞാൻ അങ്ങയെ ഭരമേല്പിക്കുന്നു. ഞാൻ അഹങ്കാരിയോ നിഷ്ക്രിയനോ ആകാതെ അങ്ങയോടൊപ്പം പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, കാരണം അങ്ങ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല.