ഗ്രാൻഡ് കാന്യണിലൂടെ ഇരുപത്തിയഞ്ചു ദിവസത്തെ വഞ്ചി തുഴയലിനുശേഷം സാക്ക് എൽഡറും സുഹൃത്തുക്കളും കരയിലേക്കടുപ്പിച്ചു. അവരുടെ റാഫ്റ്റുകൾ കൊണ്ടുപോകാൻ വന്നയാൾ അവരോട് കോവിഡ് 19 വൈറസിനെക്കുറിച്ച് പറഞ്ഞു. അയാൾ തമാശ പറയുകയാണെന്ന് അവർ കരുതി. എന്നാൽ അവർ മലയിടുക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ അവരുടെ ഫോണുകൾ ശബ്ദിച്ചു – മാതാപിതാക്കളുടെ അടിയന്തര സന്ദേശങ്ങളായിരുന്നു അവ. സാക്കും കൂട്ടുകാരും സ്തംഭിച്ചുപോയി. നദിയിലേക്ക് മടങ്ങാനും ഇപ്പോൾ അറിഞ്ഞ കാര്യത്തിൽ നിന്നു രക്ഷപ്പെടാനും അവർ ആഗ്രഹിച്ചു.

വീണുപോയ ലോകത്തിൽ, അറിവ് പലപ്പോഴും വേദനിപ്പിക്കുന്നതാണ്. സഭാപ്രസംഗിയിലെ ജ്ഞാനിയായ പ്രബോധകൻ ഇങ്ങനെ നിരീക്ഷിച്ചു: “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു’’ (1:18). ഒരു കുട്ടിയുടെ ആനന്ദദായകമായ അറിവില്ലായ്മയിൽ ആരാണ് അസൂയപ്പെടാത്തത്? വംശീയത, അക്രമം, ക്യാൻസർ എന്നിവയെക്കുറിച്ച് അവൾക്ക് ഇതുവരെ അറിവില്ല. നാം വളർന്ന് നമ്മുടെ സ്വന്തം ദൗർബല്യങ്ങളും തിന്മകളും തിരിച്ചറിയുന്നതിനു മുമ്പ് നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ? നമ്മുടെ കുടുംബത്തിന്റെ രഹസ്യങ്ങൾ പഠിക്കുന്നതിനുമുമ്പ് – എന്തുകൊണ്ടാണ് നമ്മുട അങ്കിൾ അമിതമായി മദ്യപിക്കുന്നത് അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയത്? – നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ?

അറിവിൽ നിന്നുള്ള വേദന മാറ്റാനാവില്ല. അറിഞ്ഞുകഴിഞ്ഞാൽ, അങ്ങനെയില്ലെന്ന് നടിച്ചിട്ടു കാര്യമില്ല. എന്നാൽ സഹിച്ചുനിൽക്കാനും മുമ്പോട്ടുപോകാനും നമ്മെ പ്രാപ്തരാക്കുന്ന ഉയർന്ന അറിവുണ്ട്. യേശു ദൈവവചനമാണ്, നമ്മുടെ ഇരുട്ടിൽ പ്രകാശിക്കുന്ന വെളിച്ചമാണ് (യോഹന്നാൻ 1:1-5). അവൻ “നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’’ (1 കൊരിന്ത്യർ 1:30). നിങ്ങളുടെ വേദനയാണ് യേശുവിന്റെ അടുത്തേക്ക് ഓടാനുള്ള കാരണം. അവൻ നിങ്ങളെ അറിയുകയും നിങ്ങൾക്കായി കരുതുകയും ചെയ്യുന്നു.