ഈ അടുത്തകാലത്ത് എന്റെ കമ്പ്യൂട്ടർ തകരാറിലാകുകയും ഞാനത് സ്വയം നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനായി പല വീഡിയോകളും കാണുകയും, അതും പരാജയപ്പെട്ടപ്പോൾ ചില സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തു. എന്നാൽ അവരുടെ ശ്രമവും വിജയിക്കാത്തതിനാൽ അടുത്തുള്ള സർവ്വീസ് സെന്ററിൽ പോകാതെ നിവൃത്തിയില്ലാതെയായിരുന്നു; വാറണ്ടി കാലാവധി കഴിഞ്ഞിട്ടില്ലായിരുന്നു എന്ന് നന്ദിയോടെ ഓർക്കുന്നു.
വിശദമായി പരിശോധിച്ചതിന് ശേഷം ടെക്നീഷ്യൻ പറഞ്ഞത് “ഹാർഡ് ഡിസ്ക് മാറ്റാതെ പറ്റില്ല, അത് കമ്പ്യൂട്ടറിനെ ആദ്യം ഫാക്ടറിയിൽ നിർമ്മിച്ചതു പോലെയാക്കും.” എനിക്ക് കുറെ ഡാറ്റ നഷ്ടപ്പെടുമെങ്കിലും കമ്പ്യൂട്ടർ വാങ്ങിയപ്പോൾ ഉള്ളതു പോലെ പുതിയതാകും എന്നാണ് ഇതിനർത്ഥം. പുറമെ പഴയതായി തോന്നിയാലും ഉള്ളിൽ പുതിയതായിരിക്കും.
ദൈവത്തിന്റെ പാപക്ഷമയും ഇങ്ങനെയാണ്. നാം പാപം ചെയ്ത് സ്വന്ത വഴിയിൽ പോകുകയും, എന്നാൽ നമ്മുടെ കുറവുകളും ബലഹീനതകളും അംഗീകരിക്കുമ്പോൾ നമ്മെ താൻ നിർമ്മിച്ചപ്പോൾ ഉള്ളതുപോലെ ആക്കി മാറ്റുവാനും കഴിയും. അവൻ നമുക്ക് ഒരു പുതിയ ഹൃദയം നല്കി, പുതിയ തുടക്കം തരും, രണ്ടാമത് ഒരു അവസരം. നമ്മുടെ ശരീരങ്ങൾ ക്ഷീണവും രോഗവും ബാധിച്ചതാകാം. എന്നാൽ ഹൃദയം നിർമ്മിച്ച നാളിലെ പോലെ പുതുതാകും. അവിടുന്ന് വാഗ്ദത്തം ചെയ്തതുപോലെ, “ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.” (യെഹെസ്കേൽ 36:26)
നിങ്ങളുടെ ജീവിതത്തിൽ ദൈവം പുതുക്കം നല്കേണ്ട മേഖലകൾ ഏതൊക്കെയാണ്? തന്റെ സഹായവും പുതുക്കവും തേടുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?
പ്രിയ പിതാവേ, എന്നിൽ അപചയം വരുത്തുന്ന സകല പാപങ്ങളും നീക്കി, ക്രിസ്തുവിലുള്ള എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് എന്നെ പുതുക്കേണമേ.