ഒരു ടിവി ഷോയുടെ ഒരു എപ്പിസോഡിന്റെ കേന്ദ്ര ഭാഗമായിരുന്നു, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മഞ്ഞുമായി ബന്ധപ്പെട്ട അപകടങ്ങളുടെ സങ്കലനം. ആളുകൾ മേൽക്കൂരയിൽ നിന്ന് സ്കീയിംഗ് നടത്തി താഴോട്ടു വീഴുകയും വസ്തുക്കളിൽ ചെന്നിടിക്കുകയും ഐസിൽ തെന്നി വീഴുകയും ചെയ്യുന്ന ഹോം വീഡിയോകൾ കണ്ട ആളുകൾചിരിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. വിഡിയോയിൽ ഉൾപ്പെട്ടവർ തന്നെ വീഡിയോ കണ്ടപ്പോൾ സ്വന്തം വിഡ്ഢിത്തം ഓർത്ത് ഏറ്റവും ഉച്ചത്തിൽ ചിരിച്ചു.
രസകരമായ ഹോം വീഡിയോകൾ ഒരു മോശം കാര്യമല്ല, എന്നാൽ അവയ്ക്ക് നമ്മെക്കുറിച്ച് എന്തെങ്കിലുമൊക്കെ വെളിപ്പെടുത്താൻ കഴിയും: മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ട് ചിരിക്കാനോ അല്ലെങ്കിൽ മുതലെടുക്കാനോ ഉള്ള പ്രവണത നമുക്കുണ്ട്. എതിരാളികളായ യിസ്രായേൽ, ഏദോം എന്നീ രണ്ടു രാഷ്ട്രങ്ങളെക്കുറിച്ചുള്ള അത്തരത്തിലുള്ള ഒരു കഥ ഓബദ്യാവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേലിനെ അവരുടെ പാപത്തിനു ശിക്ഷിക്കുന്നത് ഉചിതമെന്നു ദൈവം കണ്ടപ്പോൾ, ഏദോം സന്തോഷിച്ചു. അവർ യിസ്രായേല്യരെ മുതലെടുത്തു, അവരുടെ നഗരങ്ങൾ കൊള്ളയടിച്ചു, അവരുടെ പലായനം തടഞ്ഞു, ശത്രുക്കളെ പിന്തുണച്ചു (ഓബദ്യാവ് 1:13-14). പ്രവാചകനായ ഓബദ്യാവിലൂടെ ഏദോമിന് ഒരു മുന്നറിയിപ്പ് ലഭിച്ചു: “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു” (വാ. 12, 15).
മറ്റുള്ളവരുടെ വെല്ലുവിളികളും കഷ്ടപ്പാടുകളും കാണുമ്പോൾ, അവർ അത് സ്വയം വരുത്തിവച്ചതായി തോന്നിയാലും, നാം ഗർവ്വത്തെക്കാൾ മനസ്സലിവു തിരഞ്ഞെടുക്കണം. മറ്റുള്ളവരെ വിധിക്കാൻ നമുക്ക് അർഹതയില്ല. ദൈവത്തിനു മാത്രമേ അതിനു കഴിയൂ. ഈ ലോകത്തിന്റെ ഭരണം അവനുള്ളതാണ് (വാ. 21). നീതിയുടെയും കരുണയുടെയും മേൽ അവനു മാത്രമാണ് അധികാരം.
മറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളോട് നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്? സ്നേഹവും കരുണയും നിറഞ്ഞ ഒരു പ്രതികരണം എങ്ങനെയിരിക്കും?
കാരുണ്യവാനായ ദൈവമേ, എന്റെ സ്വയനീതീകരണത്തിന്റെ വികാരങ്ങളെ എന്നോട് ക്ഷമിക്കണമേ. നിങ്ങളുടെ നീതിക്കും കരുണയ്ക്കും നന്ദിപറയുന്നു.