1916 ൽ, അമേരിക്കയിലെ മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയശേഷം ആ വർഷത്തിന്റെ അവസാനം, നെൽസണും വിവാഹതരായിട്ട് ആറുമാസം മാത്രം കഴിഞ്ഞ വധുവും ചൈനയിൽ എത്തി. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ഒരു ചൈനീസ് ഹോസ്പിറ്റലിൽ സർജനായി – 20 ലക്ഷം ചൈനക്കാർ താമസിക്കുന്ന പ്രദേശത്തെ ഏക ആശുപത്രിയായിരുന്നു അത്. നെൽസൺ തന്റെ കുടുംബത്തോടൊപ്പം ഇരുപത്തിനാല് വർഷം ആ പ്രദേശത്ത് താമസിച്ചു, ആശുപത്രി നടത്തുകയും ശസ്ത്രക്രിയകൾ നടത്തുകയും ആയിരക്കണക്കിന് ആളുകളുമായി സുവിശേഷം പങ്കുവെക്കുകയും ചെയ്തു. വിദേശികളെ അവിശ്വസിക്കുന്നവർ ഒരിക്കൽ “വിദേശി പിശാച് ”എന്ന് വിളിച്ചിരുന്ന നെൽസൺ ബെൽ പിന്നീട് “ചൈനീസ് ജനതയെ സ്‌നേഹിക്കുന്ന ബെൽ” എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ മകൾ രൂത്ത് പിന്നീട് സുവിശേഷകനായ ബില്ലി ഗ്രഹാമിനെ വിവാഹം കഴിച്ചു.

നെൽസൺ ഒരു മികച്ച ശസ്ത്രക്രിയാ വിദഗ്ദ്ധനും ബൈബിൾ അദ്ധ്യാപകനുമായിരുന്നുവെങ്കിലും, അനേകരെ യേശുവിലേക്ക് ആകർഷിച്ചത് അദ്ദേഹത്തിന്റെ കഴിവുകളല്ല, അദ്ദേഹത്തിന്റെ സ്വഭാവവും സുവിശേഷത്തിനനുസരിച്ച ജീവിച്ച രീതിയുമായിരുന്നു. ക്രേത്തയിലെ സഭയെ പരിപാലിക്കുന്ന യുവ വിജാതീയ നേതാവായിരുന്ന തീത്തൊസിനുള്ള പൗലൊസിന്റെ കത്തിൽ, ക്രിസ്തുവിനെപ്പോലെ ജീവിക്കുന്നത് നിർണ്ണായകമാണെന്ന് അപ്പൊസ്തലൻ പറഞ്ഞു, കാരണം അത് സുവിശേഷത്തെ ആകർഷകമാക്കും (തീത്തൊസ് 2:910). എങ്കിലും നാം ഇത് സ്വന്തം ശക്തിയിലല്ല ചെയ്യുന്നത്. നമ്മുടെ വിശ്വാസത്തിന്റെ സത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന (വാ. 1) നിലയിൽ “സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ” (വാ. 12) ജീവിക്കാൻ ദൈവകൃപ നമ്മെ സഹായിക്കുന്നു.

നമുക്കു ചുറ്റുമുള്ള പലർക്കും ഇപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം അറിയില്ല, പക്ഷേ അവർക്ക് നമ്മെ അറിയാം. അവന്റെ സന്ദേശം ആകർഷകമായ രീതിയിൽ പ്രതിഫലിപ്പിക്കാനും വെളിപ്പെടുത്താനും അവൻ നമ്മെ സഹായിക്കട്ടെ.