അവധിക്കാലം അടുത്തപ്പോൾ, ഓൺലൈൻ ഓർഡറുകളുടെ അഭൂതപൂർവമായ കുത്തൊഴുക്കു കാരണം പാക്കേജുകൾ എത്താൻ വൈകി. മെയിൽ ഡെലിവറിയുടെ വേഗതയിലുള്ള നിയന്ത്രണം ഞങ്ങൾക്കില്ലാത്തതിനാൽ എന്റെ കുടുംബം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെട്ട ഒരു സമയം ഞാനോർക്കുന്നു. എന്നിരുന്നാലും, അതിവേഗ ഷിപ്പിംഗ് ഉൾപ്പെടുന്ന ഒരു അക്കൗണ്ടിനായി എന്റെ അമ്മ സൈൻ അപ്പ് ചെയ്തപ്പോൾ, ഈ പ്രതീക്ഷ മാറി. ഇപ്പോൾ രണ്ട് ദിവസത്തെ ഗ്യാരന്റി ഡെലിവറി ഉള്ളതിനാൽ, കാര്യങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ ശീലിച്ചിരിക്കുന്നു, കാലതാമസത്തിൽ ഞങ്ങൾ നിരാശരാകുന്നു.
തൽക്ഷണ സംതൃപ്തിക്ക് പരിചിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, കാത്തിരിപ്പ് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആത്മീയ മണ്ഡലത്തിൽ, ക്ഷമയ്ക്ക് ഇപ്പോഴും പ്രതിഫലമുണ്ട്. വിലാപങ്ങളുടെ പുസ്തകം എഴുതപ്പെട്ടപ്പോൾ, ബാബിലോണിയൻ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതിൽ യിസ്രായേല്യർ വിലപിക്കുകയായിരുന്നു. അവർക്കു നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. എന്നിരുന്നാലും, അരാജകത്വത്തിനിടയിൽ, ദൈവം തന്റെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നതിനാൽ, താൻ അവനെ കാത്തിരിക്കുമെന്ന് എഴുത്തുകാരൻ ധൈര്യത്തോടെ ഉറപ്പിച്ചു (വിലാപങ്ങൾ 3:24). നമ്മുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരം വൈകുമ്പോൾ നാം ഉത്കണ്ഠാകുലരായിത്തീരുമെന്ന് ദൈവത്തിന് അറിയാം. ദൈവത്തിനായി കാത്തിരിക്കാൻ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് തിരുവെഴുത്ത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “അവന്റെ കരുണ തീർന്നു പോയിട്ടില്ല” (വാ. 22) എന്നതിനാൽ നാം ക്ഷയിച്ചുപോകുകയോ ഉത്ക്കണ്ഠാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, ദൈവത്തിന്റെ സഹായത്താൽ നമുക്ക് “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്കുവാൻ” (സങ്കീർത്തനം 37:7) കഴിയും. വാഞ്ഛകളോടും ഉത്തരം കിട്ടാത്ത പ്രാർത്ഥനകളോടും മല്ലിടുമ്പോഴും അവന്റെ സ്നേഹത്തിലും വിശ്വസ്തതയിലും ആശ്രയിച്ചുകൊണ്ട് നമുക്ക് ദൈവത്തിനായി കാത്തിരിക്കാം.
നിങ്ങൾ എങ്ങനെയാണ് ദൈവത്തിനായി കാത്തിരുന്നിട്ടുള്ളത്? അവന്റെ സമയത്തിനായി എങ്ങനെ ആശ്രയിക്കാം?
സ്വർഗ്ഗീയ പിതാവേ, ചിലപ്പോഴൊക്കെ അങ്ങയെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടായി തോന്നാറുണ്ട്. അങ്ങയിൽ പ്രത്യാശിച്ചുകൊണ്ടേയിരിക്കാൻ എനിക്ക് ശക്തി തരണമേ.