എന്റെ അമ്മയ്ക്ക് ഒരു മൈൽ അകലെ നിന്ന് പ്രതിസന്ധി മണത്തറിയാൻ കഴിയുമെന്നു തോന്നുന്നു. ഒരിക്കൽ, സ്‌കൂളിലെ ഒരു കഠിനമായ ദിവസത്തിനുശേഷം, ആരും ശ്രദ്ധിക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ നിരാശ മറയ്ക്കാൻ ശ്രമിച്ചു. “എന്തു പറ്റി?’’ അമ്മ ചോദിച്ചു. എന്നിട്ട് അമ്മ കൂട്ടിച്ചേർത്തു, “ഒന്നും ഇല്ല എന്നു പറയുന്നതിന് മുമ്പ്, ഞാൻ നിന്റെ അമ്മയാണെന്ന് ഓർക്കുക. ഞാൻ നിന്നെ പ്രസവിച്ചു, നീ നിന്നെ അറിയുന്നതിനേക്കാൾ നന്നായി എനിക്ക് നിന്നെ അറിയാം.’’ ഞാൻ ആരാണെന്ന അമ്മയുടെ ആഴത്തിലുള്ള അവബോധം, എനിക്ക് അമ്മയെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളിൽ എനിക്കൊപ്പം ഉണ്ടായിരിക്കാൻ അമ്മയെ സഹായിക്കുന്നുവെന്ന് അമ്മ സ്ഥിരമായി എന്നെ ഓർമ്മിപ്പിച്ചു.

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മെ അടുത്തറിയുന്ന ഒരു ദൈവം നമ്മെ പരിപാലിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ്, തന്റെ മക്കളുടെ ജീവിതത്തോടുള്ള ദൈവത്തിന്റെ ശ്രദ്ധയെ പ്രശംസിച്ചു, “യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു’’ (സങ്കീർത്തനം 139:1-2). നാം ആരാണെന്ന് ദൈവത്തിന് അറിയാമെന്നതിനാൽ – നമ്മുടെ ഓരോ ചിന്തയും ആഗ്രഹവും പ്രവൃത്തിയും – അവന്റെ സമൃദ്ധമായ സ്‌നേഹത്തിന്റെയും കരുതലിന്റെയും അതിരുകൾക്കപ്പുറത്ത് നമുക്ക് പോകാൻ കഴിയുന്ന ഒരിടവുമില്ല (വാ. 7-12). ദാവീദ് എഴുതിയതുപോലെ, “ഞാൻ … സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും’’ (വാ. 9-10). ജീവിതത്തിൽ നാം എവിടെയായിരുന്നാലും, പ്രാർത്ഥനയിൽ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ നമുക്കാവശ്യമായ സ്‌നേഹവും ജ്ഞാനവും മാർഗനിർദേശവും നൽകുമെന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും.