Month: ഡിസംബര് 2022

ശക്തമായി ഓട്ടം പൂർത്തിയാക്കുക

2019 ൽ പോളണ്ടിൽ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 103 വയസ്സുള്ള മൻ കൗർ എന്ന വനിത ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ വനിതാ അത്‌ലറ്റായി മത്സരിച്ചു. നാല് ഇനങ്ങളിൽ (ജാവലിൻ ത്രോ, ഷോട്ട്പുട്ട്, 60 മീറ്റർ ഡാഷ്, 200 മീറ്റർ ഓട്ടം) കൗർ സ്വർണം നേടിയത് ശ്രദ്ധേയമയി. എന്നാൽ 2017 ലെ ചാമ്പ്യൻഷിപ്പിൽ ഓടിയതിനേക്കാൾ വേഗത്തിൽ അവൾ ഓടിയെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്. തന്റെ രണ്ടാം സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഒരു വലിയ മുത്തശ്ശിയായ കൗർ എങ്ങനെ ശക്തമായി ഫിനിഷ് ചെയ്യാമെന്ന് കാണിച്ചുതന്നു.

അപ്പൊസ്തലനായ പൗലൊസ് തന്റെ അവസാന വർഷങ്ങളിലേക്കു താൻ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് ഒരു ഇളയ ശിഷ്യനായ തിമൊഥെയൊസിന് എഴുതി. “എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു’’ എന്ന് പൗലൊസ് എഴുതി (2 തിമൊഥെയൊസ് 4:6). തന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുമ്പോൾ, താൻ ശക്തമായി പൂർത്തിയാക്കുകയാണെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ വിശ്വസിച്ചു. “ഞാൻ നല്ല പോർ പൊരുതു,’’ പൗലൊസ് പറഞ്ഞു. “ഞാൻ ഓട്ടം തികെച്ചു’’ (വാ. 7). അവൻ തന്റെ  ശ്രദ്ധേയമായ നേട്ടങ്ങൾ കണക്കാക്കുകയോ അവയുടെ വലിയ സ്വാധീനത്തെ വിലയിരുത്തുകയോ (അവ വളരെ വലുതാണെങ്കിലും) ചെയ്തതുകൊണ്ടായിരുന്നില്ല അവന് ഈ ആത്മവിശ്വാസം ഉണ്ടായത്. മറിച്ച്, താൻ “വിശ്വാസം കാത്തു’’ എന്ന് അവനറിയാമായിരുന്നു (വാ. 7). അപ്പൊസ്തലൻ യേശുവിനോട് വിശ്വസ്തനായിരുന്നു. തന്നെ നാശത്തിൽ നിന്ന് രക്ഷിച്ചവനെ അവൻ ദുഃഖങ്ങളിലും സന്തോഷത്തിലും അനുഗമിച്ചു. തന്റെ വിശ്വസ്ത ജീവിതത്തിന്റെ ആഹ്ലാദകരമായ അന്ത്യമായ 'നീതിയുടെ കിരീട'വുമായി യേശു ഒരുങ്ങി നിൽക്കുന്നതായി അവനറിയാമായിരുന്നു (വാ. 8).

ഈ കിരീടം ചില ഉന്നതർക്കുള്ളതല്ലെന്നും, “[ക്രിസ്തുവിന്റെ] പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ’’ (വാക്യം 8) ഉള്ളതാണെന്നും പൗലൊസ് തറപ്പിച്ചുപറയുന്നു. നാം ഒരു പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, തന്നെ സ്‌നേഹിച്ച എല്ലാവരെയും കിരീടമണിയിക്കാൻ യേശു കാത്തിരിക്കുകയാണെന്ന് നമുക്ക് ഓർക്കാം, നമുക്ക് കരുത്തോടെ ജീവിക്കാം.

തകർച്ചയുടെ നടുവിലെ കൃപ

അത് എന്നെ തട്ടിയപ്പോൾ ഞാൻ അപ്രതീക്ഷിതമായ ഒരു മയക്കത്തിലേക്ക് നീങ്ങുകയായിരുന്നു. ബേസ്‌മെന്റിൽ നിന്ന്, എന്റെ മകൻ തന്റെ ഇലക്ട്രിക് ഗിറ്റാറിൽ ഒരു കോഡ് വായിച്ചു. ചുവരുകളിൽ പ്രതിധ്വനിച്ചു. സമാധാനമില്ല. നിശബ്ദതയില്ല. ഉറക്കമില്ല. നിമിഷങ്ങൾക്കുശേഷം, മത്സരിക്കുന്ന വിധം മറ്റൊരു സംഗീതം എന്റെ ചെവികളെ സ്വാഗതം ചെയ്തു: എന്റെ മകൾ പിയാനോയിൽ “അമേസിംഗ് ഗ്രേസ്’’ വായിക്കുന്നു.

സാധാരണയായി, എനിക്ക് എന്റെ മകന്റെ ഗിറ്റാർ വായിക്കുന്നതു കേൾക്കാൻ ഇഷ്ടമാണ്. എന്നാൽ ആ സമയം അത് എന്നെ അസ്വസ്ഥനാക്കി. എങ്കിലും ജോൺ ന്യൂട്ടന്റെ സ്തുതിഗീതത്തിന്റെ പരിചിതമായ നോട്ടുകൾ, അരാജകത്വങ്ങൾക്കിടയിലും കൃപ തഴച്ചുവളരുന്നുവെന്ന് എന്നെ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ കൊടുങ്കാറ്റുകൾ എത്ര ഉച്ചത്തിലുള്ളതോ, ആവശ്യമില്ലാത്തതോ അല്ലെങ്കിൽ വഴിതെറ്റിക്കുന്നതോ ആയാലും, ദൈവത്തിന്റെ കൃപയുടെ മൃദുവായ നോട്ടുകൾ വ്യക്തവും സത്യവുമാണ്, നമ്മുടെ മേലുള്ള അവന്റെ ജാഗ്രതയെ അവ ഓർമ്മിപ്പിക്കുന്നു.

ആ യാഥാർത്ഥ്യം നാം തിരുവെഴുത്തുകളിൽ കാണുന്നു. സങ്കീർത്തനം 107:23-32ൽ, അവരെ എളുപ്പത്തിൽ വിഴുങ്ങാൻ കഴിയുന്ന ഒരു ചുഴലിക്കാറ്റിനെതിരെ നാവികർ ശക്തമായി പോരാടുന്നു. “അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി’’ (വാ. 26). എന്നിട്ടും അവർ നിരാശരായില്ല, എന്നാൽ “അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു’’ (വാ. 28). അവസാനമായി, നാം വായിക്കുന്നു: “ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു’’ (വാ. 30).

തകർച്ചയുടെ നിമിഷങ്ങളിൽ, അവ ജീവന് ഭീഷണിയാണെങ്കിലും അതല്ല, കേവലം ഉറക്കത്തിനു ഭീഷണിയാണെങ്കിലും, ശബ്ദത്തിന്റെയും ഭയത്തിന്റെയും വേലിയേറ്റം നമ്മുടെ ആത്മാവിനെ ആക്രമിക്കും. എന്നാൽ നാം ദൈവത്തിൽ വിശ്വസിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, അവന്റെ സാന്നിധ്യത്തിന്റെയും കരുതലിന്റെയും കൃപ - അവന്റെ അചഞ്ചലമായ സ്‌നേഹത്തിന്റെ സങ്കേതം - നാം അനുഭവിക്കുന്നു

ഞാൻ ആയിരിക്കുന്നതുപോലെ

യുവതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആജീവനാന്ത ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, അവളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി, അടുത്ത ദിവസം അവൾ ഒരു പള്ളി ബസാറിലെ കേന്ദ്ര വേദിയിൽ നിൽക്കേണ്ടതാണ്. എന്നാൽ ഞാൻ അതിനു യോഗ്യയല്ല, ഷാർലറ്റ് എലിയറ്റ് ന്യായവാദം ചെയ്തു. മറിഞ്ഞും തിരിഞ്ഞും കിടന്നുകൊണ്ട് അവൾ തന്റെ യോഗ്യതകളെ സംശയിച്ചു, അവളുടെ ആത്മീയ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ചോദ്യം ചെയ്തു. അടുത്ത ദിവസവും അവൾ അസ്വസ്ഥയായിരുന്നു, ഒടുവിൽ അവൾ പേനയും പേപ്പറും എടുക്കാൻ ഒരു മേശക്കരികിലേക്ക് നീങ്ങി, എന്നിട്ട് ഒരു ക്ലാസിക് സ്തുതിഗീതത്തിന്റെ വരികൾ എഴുതി, “ഞാൻ ആയിരിക്കുന്നതു പോലെ’’ (“Just as I am’’).

“ഞാൻ ആയിരിക്കുന്നതു പോലെ ഒരു അപേക്ഷയും കൂടാതെ, / എന്നാൽ നിന്റെ രക്തം എനിക്കുവേണ്ടി ചൊരിയപ്പെട്ടു, / നിന്റെ അടുക്കൽ വരുവാൻ നീ എന്നെ മാടി വിളിച്ചു / ദൈവ കുഞ്ഞാടേ, ഞാൻ വരുന്നു, ഞാൻ വരുന്നു.’’

1835 ൽ എഴുതിയ അവളുടെ വാക്കുകൾ, അവനെ സേവിക്കാൻ യേശു തന്റെ ശിഷ്യന്മാരെ വിളിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അവർ തയ്യാറായതുകൊണ്ടല്ല. അവർ തയ്യാറായിരുന്നില്ല. എന്നാൽ അവൻ അവരെ അധികാരപ്പെടുത്തി - അവർ ആയിരുന്ന അവസ്ഥയിൽ. ഒരു അപരിഷ്‌കൃത സംഘമായ അവന്റെ പന്ത്രണ്ടംഗ സംഘത്തിൽ ഒരു നികുതിപിരിവുകാരനും ഒരു തീവ്രവാദിയും, അമിതമോഹമുള്ള രണ്ട് സഹോദരന്മാരും (മർക്കൊസ് 10:35-37 കാണുക), അവനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്‌ക്കര്യോത്താവും ഉൾപ്പെട്ടിരുന്നു (മത്തായി 10:4). എന്നിട്ടും, “രോഗികളെ സൌഖ്യമാക്കുവാനും മരിച്ചവരെ ഉയിർപ്പിപ്പാനും; കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും ഭൂതങ്ങളെ പുറത്താക്കുവാനും’’ അവൻ അവർക്ക് അധികാരം നൽകി (വാ. 8).—അവരെല്ലാം “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും’’  കരുതാതെയാണ് പോയത് (വാ. 9-10).

“ഞാൻ നിങ്ങളെ അയയ്ക്കുന്നു’’ അവൻ പറഞ്ഞു (വാ. 16), അവർക്ക് അവൻ മതിയായിരുന്നു. അവനോട് “ഉവ്വ്’’ എന്ന് പറയുന്ന നമുക്ക് ഓരോരുത്തർക്കും അവൻ ഇന്നും  മതിയായവനാണ്.

നമ്മുടെ എല്ലാ ഇടപാടുകളിലും

1524 ൽ, മാർട്ടിൻ ലൂഥർ ഇങ്ങനെ നിരീക്ഷിച്ചു: “വ്യാപാരികൾക്ക് തങ്ങൾക്കിടയിൽ ഒരു പൊതുനിയമമുണ്ട്, അത് അവരുടെ മുഖ്യ തത്വമാണ്. . . . എനിക്ക് എന്റെ ലാഭം ഉള്ളിടത്തോളവും എന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്തുന്നിടത്തോളവും ഞാൻ എന്റെ അയൽക്കാരനെ കാര്യമാക്കുന്നില്ല.’’ ഇരുനൂറിലേറെ വർഷങ്ങൾക്കുശേഷം, ന്യൂജേഴ്‌സിയിലെ മൗണ്ട് ഹോളിയിൽ നിന്നുള്ള ജോൺ വൂൾമാൻ, യേശുവിനോടുള്ള പ്രതിബദ്ധത തന്റെ തയ്യൽക്കട ഇടപാടുകളെ സ്വാധീനിക്കാൻ അനുവദിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനുള്ള പിന്തുണയുടെ പേരിൽ, തൊഴിലാളികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് കോട്ടൺ അല്ലെങ്കിൽ ഡൈ വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. വ്യക്തമായ മനസ്സാക്ഷിയോടെ, അദ്ദേഹം തന്റെ അയൽക്കാരനെ സ്‌നേഹിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി ജീവിക്കുകയും ചെയ്തു.

അപ്പൊസ്തലനായ പൗലൊസ് “വിശുദ്ധിയിലും നിർമ്മലതയിലും’’ ജീവിക്കാൻ ശ്രമിച്ചു (2 കൊരിന്ത്യർ 1:12). കൊരിന്തിലെ ചിലർ യേശുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ ഇടയിൽ തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. തന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറ്റവും അടുത്ത സൂക്ഷ്മപരിശോധനയെ നേരിടാൻ കഴിയുമെന്ന് അവൻ എഴുതി (വാ. 13). ഫലപ്രാപ്തിക്കായി താൻ ആശ്രയിക്കുന്നത് സ്വസന്തശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലും കൃപയിലാണെന്നും അവൻ കാണിച്ചു (വാ. 12). ചുരുക്കത്തിൽ, പൗലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസം അവന്റെ എല്ലാ ഇടപാടുകളിലും വ്യാപിച്ചു.

നാം യേശുവിന്റെ സ്ഥാനപതികളായി ജീവിക്കുമ്പോൾ, നമ്മുടെ എല്ലാ ഇടപാടുകളിലും - കുടുംബം, ബിസിനസ്സ്, കൂടാതെ മറ്റു പലതിലും - സുവാർത്ത മുഴങ്ങാൻ നമുക്ക് ശ്രദ്ധിക്കാം. ദൈവത്തിന്റെ ശക്തിയാലും കൃപയാലും നാം അവന്റെ സ്‌നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുകയും ആണു ചെയ്യുന്നത്.

ഒരുമിച്ചു മിടിക്കുന്നു

സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് - ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല - ഒരു പക്ഷേ അതിലും പ്രധാനമായി - തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ - ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ - യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ  ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).

പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.