യുവതിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ആജീവനാന്ത ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിൽ, അവളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം സ്വരൂപിക്കുന്നതിനായി, അടുത്ത ദിവസം അവൾ ഒരു പള്ളി ബസാറിലെ കേന്ദ്ര വേദിയിൽ നിൽക്കേണ്ടതാണ്. എന്നാൽ ഞാൻ അതിനു യോഗ്യയല്ല, ഷാർലറ്റ് എലിയറ്റ് ന്യായവാദം ചെയ്തു. മറിഞ്ഞും തിരിഞ്ഞും കിടന്നുകൊണ്ട് അവൾ തന്റെ യോഗ്യതകളെ സംശയിച്ചു, അവളുടെ ആത്മീയ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ചോദ്യം ചെയ്തു. അടുത്ത ദിവസവും അവൾ അസ്വസ്ഥയായിരുന്നു, ഒടുവിൽ അവൾ പേനയും പേപ്പറും എടുക്കാൻ ഒരു മേശക്കരികിലേക്ക് നീങ്ങി, എന്നിട്ട് ഒരു ക്ലാസിക് സ്തുതിഗീതത്തിന്റെ വരികൾ എഴുതി, “ഞാൻ ആയിരിക്കുന്നതു പോലെ’’ (“Just as I am’’).

“ഞാൻ ആയിരിക്കുന്നതു പോലെ ഒരു അപേക്ഷയും കൂടാതെ, / എന്നാൽ നിന്റെ രക്തം എനിക്കുവേണ്ടി ചൊരിയപ്പെട്ടു, / നിന്റെ അടുക്കൽ വരുവാൻ നീ എന്നെ മാടി വിളിച്ചു / ദൈവ കുഞ്ഞാടേ, ഞാൻ വരുന്നു, ഞാൻ വരുന്നു.’’

1835 ൽ എഴുതിയ അവളുടെ വാക്കുകൾ, അവനെ സേവിക്കാൻ യേശു തന്റെ ശിഷ്യന്മാരെ വിളിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്നു. അവർ തയ്യാറായതുകൊണ്ടല്ല. അവർ തയ്യാറായിരുന്നില്ല. എന്നാൽ അവൻ അവരെ അധികാരപ്പെടുത്തി – അവർ ആയിരുന്ന അവസ്ഥയിൽ. ഒരു അപരിഷ്‌കൃത സംഘമായ അവന്റെ പന്ത്രണ്ടംഗ സംഘത്തിൽ ഒരു നികുതിപിരിവുകാരനും ഒരു തീവ്രവാദിയും, അമിതമോഹമുള്ള രണ്ട് സഹോദരന്മാരും (മർക്കൊസ് 10:35-37 കാണുക), അവനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്‌ക്കര്യോത്താവും ഉൾപ്പെട്ടിരുന്നു (മത്തായി 10:4). എന്നിട്ടും, “രോഗികളെ സൌഖ്യമാക്കുവാനും മരിച്ചവരെ ഉയിർപ്പിപ്പാനും; കുഷ്ഠരോഗികളെ ശുദ്ധമാക്കുവാനും ഭൂതങ്ങളെ പുറത്താക്കുവാനും’’ അവൻ അവർക്ക് അധികാരം നൽകി (വാ. 8).—അവരെല്ലാം “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും’’  കരുതാതെയാണ് പോയത് (വാ. 9-10).

“ഞാൻ നിങ്ങളെ അയയ്ക്കുന്നു’’ അവൻ പറഞ്ഞു (വാ. 16), അവർക്ക് അവൻ മതിയായിരുന്നു. അവനോട് “ഉവ്വ്’’ എന്ന് പറയുന്ന നമുക്ക് ഓരോരുത്തർക്കും അവൻ ഇന്നും  മതിയായവനാണ്.