1941 ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ സോക്രട്ടിക് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. യേശുവിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും അജ്ഞേയവാദികളും തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.
ഒരു മതേതര സർവ്വകലാശാലയിലെ മതപരമായ സംവാദങ്ങൾ അസാധാരണമല്ല, എന്നാൽ ആശ്ചര്യപ്പെടുത്തുന്നത്, പതിനഞ്ച് വർഷം സോക്രട്ടിക് ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നത് ആരായിരുന്നു എന്നതാണ് – മഹാനായ ക്രിസ്തീയ പണ്ഡിതൻ സി. എസ്. ലൂയിസ്. തന്റെ ആശയങ്ങൾ പരീക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ലൂയിസ്, ക്രിസ്തുവിലുള്ള വിശ്വാസം ഏതു വലിയ സൂക്ഷ്മപരിശോധനയെയും അതിജീവിക്കുമെന്നു വിശ്വസിച്ചു. യേശുവിൽ വിശ്വസിക്കുന്നതിന് വിശ്വസനീയവും യുക്തിസഹവുമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ഒരർത്ഥത്തിൽ ലൂയിസ്, പീഡ നിമിത്തം ചിതറിപ്പോയ വിശ്വാസികളോടുള്ള പത്രൊസിന്റെ ഉപദേശം പ്രയോഗിക്കുകയായിരുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ’’ (1 പത്രൊസ് 3:15). പത്രൊസ് രണ്ട് പ്രധാന ആശയങ്ങൾ ഉന്നയിക്കുന്നു: ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയ്ക്കു നമുക്ക് നല്ല കാരണങ്ങളുണ്ട്, നമ്മുടെ ന്യായവാദം “സൌമ്യതയും ഭയഭക്തിയും പൂണ്ടു’’ അവതരിപ്പിക്കണം.
ക്രിസ്തുവിൽ വിശ്വസിക്കുന്നത് മതപരമായ ഒളിച്ചോട്ടമോ ശുഭപ്രതീക്ഷയുടെ ചിന്തയോ അല്ല. യേശുവിന്റെ പുനരുത്ഥാനവും, അതിന്റെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന സൃഷ്ടിയുടെ തെളിവുകളും ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകളിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനത്തിലും ആത്മാവിന്റെ ശക്തിയിലും നാം ആശ്രയിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കാൻ നമുക്ക് തയ്യാറാകാം.
നിങ്ങളുടെ വിശ്വാസം മറ്റൊരാളുമായി എങ്ങനെ പങ്കുവെക്കാൻ കഴിയും? യേശുവിന്റെ പുനരുത്ഥാനത്തിനുള്ള എന്തു തെളിവാണ്, അത് അത്ഭുതകരമാണെങ്കിലും, അതിനെ ന്യായയുക്തമാക്കുന്നത്?
സർവ്വശക്തനായ ദൈവമേ, അങ്ങയിലുള്ള എന്റെ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിന് എനിക്ക് വിശ്വസനീയമായ തെളിവുകൾ നൽകിയതിനു നന്ദി.