നമ്മുടെ ഭാവി ദൈവത്തിൽ ഭരമേല്പിക്കുക
2010 ൽ, ലാസ്ലോ ഹാനിയേച്ച് ബിറ്റ്കോയിൻ (അക്കാലത്ത് ഒരു ഡിജിറ്റൽ കറൻസി ഒരു പൈസയുടെ ഒരംശം) ഉപയോഗിച്ച് ആദ്യ വാങ്ങൽ നടത്തി. രണ്ട് പിസ്സകൾക്കായി 10,000 ബിറ്റ്കോയിനുകൾ നൽകി (അന്ന് 25 ഡോളർ ഏകദേശം 1,125 രൂപയായിരുന്നു). 2021 ൽ, ആ വർഷത്തെ ഏറ്റവും ഉയർന്ന മൂല്യത്തിൽ, ആ ബിറ്റ്കോയിനുകൾക്ക് ഏകദേശം 3,900 കോടി രൂപയിൽ കൂടുതൽ മൂല്യമുണ്ടാകും. മൂല്യം കുതിച്ചുയരുന്നതിന് മുമ്പ്, അദ്ദേഹം പിസ്സകൾക്കായി മൊത്തം 100,000 ബിറ്റ്കോയിനുകൾ ചെലവഴിച്ചു. അദ്ദേഹം ആ ബിറ്റ്കോയിനുകൾ സൂക്ഷിച്ചിരുന്നെങ്കിൽ - - എന്താണ് വരാൻ പോകുന്നതെന്ന് അദ്ദേഹം അറിഞ്ഞിരുന്നെങ്കിൽ - അവയുടെ മൂല്യം അദ്ദേഹത്തെ അറുപത്തിയെട്ട് മടങ്ങ് ശതകോടീശ്വരനാക്കുകയും ഫോബ്സിന്റെ “ലോകത്തിലെ ഏറ്റവും ധനികർ’’ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമായിരുന്നു.
തീർച്ചയായും, ഹാനിയേച്ചിന് അതറിയാൻ കഴിയുമായിരുന്നില്ല. നമ്മിലാർക്കും കഴിയുമായിരുന്നില്ല. ഭാവിയെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്കിടയിലും, സഭാപ്രസംഗി പറയുന്നത് ശരിയാണ്: “സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല’’ (10:14). നമുക്കു യഥാർത്ഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ അറിവുണ്ടെന്നോ, മറ്റൊരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ നമുക്ക് ചില പ്രത്യേക ഉൾക്കാഴ്ചയുണ്ടെന്നോ നമ്മിൽ ചിലർ ചിന്തിക്കുകയോ ചെയ്തുകൊണ്ടു സ്വയം വഞ്ചിക്കാറുണ്ട്. എന്നാൽ സഭാപ്രസംഗി ചൂണ്ടിക്കാണിക്കുന്നതുപോലെ: “അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?’’ (വാ. 14). അങ്ങനെ ആരുമില്ല.
തിരുവെഴുത്ത് ഒരു ജ്ഞാനിയെയും വിഡ്ഢിയെയും തമ്മിൽ താരതമ്യപ്പെടുത്തുന്നു, രണ്ടുപേരും തമ്മിലുള്ള അനേകം വ്യത്യാസങ്ങളിൽ ഒന്ന് ഭാവിയെക്കുറിച്ചുള്ള താഴ്മയമാണ് (സദൃശവാക്യങ്ങൾ 27:1). ജ്ഞാനി തീരുമാനങ്ങൾ എടുക്കുമ്പോൾ, ചക്രവാളത്തിനപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് യഥാർത്ഥത്തിൽ ദൈവത്തിനു മാത്രമേ അറിയൂ എന്ന് അവൻ തിരിച്ചറിയുന്നു. എന്നാൽ വിഡ്ഢികൾ തങ്ങൾക്കില്ലാത്ത അറിവ് ഊഹിക്കുന്നു. നമ്മുടെ ഭാവി യഥാർത്ഥത്തിൽ അറിയുന്ന ഒരേയൊരുവനിൽ വിശ്വസിക്കുന്നതിനുള്ള ജ്ഞാനം നമുക്കുണ്ടാകട്ടെ.
വിശ്വാസം പ്രവൃത്തിയിൽ
2021 ലെ ഒരു സായാഹ്നത്തിൽ ഒരു പ്രദേശത്തു വീശിയടിച്ച ചുഴലിക്കാറ്റ് ഒരു കുടുംബത്തിന്റെ കളപ്പുരയെ നശിപ്പിച്ചു. 1800 കളുടെ അവസാനം മുതൽ കളപ്പുര കുടുംബസ്വത്തിലുണ്ടായിരുന്നതിനാൽ ഇത് ഒരു ദുഃഖകരമായ നഷ്ടമായിരുന്നു. ജോണും ഭാര്യയും അടുത്ത ദിവസം രാവിലെ പള്ളിയിലേക്കു പോകുമ്പോൾ, അവർ കേടുപാടുകൾ കാണുകയും എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെ അവർ കാർ നിർത്തി വിവരങ്ങൾ തിരക്കി, ശുചീകരണത്തിന് കുടുംബത്തിനു സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. കാർ വേഗത്തിൽ തിരിച്ച്, അവർ വസ്ത്രം മാറാൻ വീട്ടിലേക്കു മടങ്ങി. അക്രമാസക്തമായ കാറ്റിൽ തകർന്നുവീണ കളപ്പുരയുടെ അ്വശിഷ്ടങ്ങൾ വൃത്തിയാക്കാൻ ആ ദിവസം അവിടെ താമസിച്ചു. ആ കുടുംബത്തെ സേവിച്ചതിലൂടെ അവർ തങ്ങളുടെ വിശ്വാസം പ്രാവർത്തികമാക്കി.
“പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’’ (യാക്കോബ് 2:26) എന്നു യാക്കോബ് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അനുസരണയോടെ ദൈവത്തെ അനുഗമിച്ച അബ്രഹാമിന്റെ ഉദാഹരണം യാക്കോബ് നൽകുന്നു (വാ. 23; ഉല്പത്തി 12:14; 15:6; എബ്രായർ 11:8 കാണുക). യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ പോയ ചാരന്മാരെ ഒളിപ്പിച്ചപ്പോൾ യിസ്രായേലിന്റെ ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയ രാഹാബിനെയും യാക്കോബ് പരാമർശിക്കുന്നു (യാക്കോബ് 2:25; യോശുവ 2; 6:17 കാണുക).
“ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു?’’ (യാക്കോബ് 2:14), അത് അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. “വിശ്വാസമാണ് വേരുകൾ, സൽപ്രവൃത്തികളാണ് ഫലം,’’ മാത്യു ഹെൻറി അഭിപ്രായപ്പെടുന്നു, “നമുക്ക് രണ്ടും ഉണ്ടെന്ന് ഉറപ്പുവരുത്തണം.’’ ദൈവത്തിന് നമ്മുടെ നല്ല പ്രവൃത്തികൾ ആവശ്യമില്ല, എന്നാൽ നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തികളാൽ തെളിയിക്കപ്പെടണം.
പിന്നിലേക്കു വായിക്കുക
ഒരു നല്ല കഥയുടെ സസ്പെൻസ് ഇഷ്ടപ്പെടുന്നവർക്ക് ഒരു നിഗൂഢ നോവലിന്റെ അവസാന അധ്യായം ആദ്യം വായിക്കുന്നത് ഒരു മോശം ആശയമായി തോന്നാം. എന്നാൽ ചില ആളുകളെ സംബന്ധിച്ച് ഒരു പുസ്തകം എങ്ങനെ അവസാനിക്കുന്നുവെന്ന് അറിയാമെങ്കിൽ അവരതു കൂടുതൽ ഉത്സാഹത്തോടെ വായിക്കുന്നു.
ബൈബിൾ മനസ്സിലാക്കുന്നതിൽ ഈ സമ്പ്രദായം എത്ര പ്രധാനമാണെന്ന് ഗ്രന്ഥകാരൻ റിച്ചാർഡ് ഹെയ്സ് റീഡിംഗ് ബാക്ക്വേർഡ് എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവെഴുത്തുകളുടെ ചുരുളഴിയുന്ന വാക്കുകളും സംഭവങ്ങളും ഭാവിയെ എങ്ങനെ മുൻകൂട്ടി കാണുകയും പരസ്പരം പ്രതിധ്വനിക്കുകയും പരസ്പരം വെളിച്ചം വീശുകയും ചെയ്യുന്നു എന്ന് ചിത്രീകരിക്കുന്നതിലൂടെ, നമ്മുടെ ബൈബിളുകൾ മുന്നോട്ടും പിന്നോട്ടും വായിക്കാനുള്ള കാരണം പ്രൊഫസർ ഹെയ്സ് നൽകുന്നു.
യേശു ഉയിർത്തെഴുന്നറ്റതിനു ശേഷം മാത്രമാണ്, താൻ മൂന്നു ദിവസം കൊണ്ട് തകർന്ന ആലയം പുനർനിർമിക്കുമെന്ന അവന്റെ അവകാശവാദം ശിഷ്യന്മാർക്ക് മനസ്സിലായതെന്ന് ഹെയ്സ് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. “അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്'’’ എന്ന അപ്പൊസ്തലനായ യോഹന്നാൻ നമ്മോടു പറയുന്നു (യോഹന്നാൻ 2:21). അപ്പോൾ മാത്രമാണ് മുമ്പൊരിക്കലും അവർക്കു മനസ്സിലാകാതിരുന്ന പെസഹാ ആഘോഷത്തിന്റെ അർത്ഥം അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞുള്ളു (മത്തായി 26:17-29 കാണുക). ഒരു പുരാതന രാജാവിന്റെ ദൈവഭവനത്തോടുള്ള അഗാധമായ വികാരങ്ങൾക്ക് യേശു അർത്ഥത്തിന്റെ പൂർണത നൽകിയതെങ്ങനെയെന്ന് ഒരു തിരിഞ്ഞുനോട്ടത്തിലൂടെ മാത്രമേ അവർക്ക് ചിന്തിക്കാനാകൂ (സങ്കീർത്തനം 69:9; യോഹന്നാൻ 2:16-17). ദൈവത്തിന്റെ യഥാർത്ഥ ആലയത്തിന്റെ (യേശു) വെളിച്ചത്തിൽ അവരുടെ തിരുവെഴുത്തുകൾ വീണ്ടും വായിക്കുന്നതിലൂടെ മാത്രമേ യിസ്രായേലിന്റെ മതാചാരങ്ങളും മിശിഹായും പരസ്പരം വെളിച്ചം വീശുന്നതാണെന്ന് ശിഷ്യന്മാർക്കു മനസ്സിലാക്കാൻ കഴിയൂ.
ഇപ്പോൾ, ഇതേ തിരുവെഴുത്തുകൾ പിന്നോട്ടും പിന്നോട്ടും വായിക്കുന്നതിലൂടെ മാത്രമേ, നമുക്ക് ആവശ്യമുള്ളതോ നാം ആഗ്രഹിച്ചതോ ആയ എല്ലാം യേശുവിൽ കാണാൻ കഴിയൂ.
സോക്രട്ടിക് ക്ലബ്ബ്
1941 ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സോക്രട്ടിക് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു. യേശുവിൽ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും അജ്ഞേയവാദികളും തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് രൂപീകരിച്ചത്.
ഒരു മതേതര സർവ്വകലാശാലയിലെ മതപരമായ സംവാദങ്ങൾ അസാധാരണമല്ല, എന്നാൽ ആശ്ചര്യപ്പെടുത്തുന്നത്, പതിനഞ്ച് വർഷം സോക്രട്ടിക് ക്ലബ്ബിന്റെ അധ്യക്ഷനായിരുന്നത് ആരായിരുന്നു എന്നതാണ് - മഹാനായ ക്രിസ്തീയ പണ്ഡിതൻ സി. എസ്. ലൂയിസ്. തന്റെ ആശയങ്ങൾ പരീക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ലൂയിസ്, ക്രിസ്തുവിലുള്ള വിശ്വാസം ഏതു വലിയ സൂക്ഷ്മപരിശോധനയെയും അതിജീവിക്കുമെന്നു വിശ്വസിച്ചു. യേശുവിൽ വിശ്വസിക്കുന്നതിന് വിശ്വസനീയവും യുക്തിസഹവുമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ഒരർത്ഥത്തിൽ ലൂയിസ്, പീഡ നിമിത്തം ചിതറിപ്പോയ വിശ്വാസികളോടുള്ള പത്രൊസിന്റെ ഉപദേശം പ്രയോഗിക്കുകയായിരുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ’’ (1 പത്രൊസ് 3:15). പത്രൊസ് രണ്ട് പ്രധാന ആശയങ്ങൾ ഉന്നയിക്കുന്നു: ക്രിസ്തുവിലുള്ള നമ്മുടെ പ്രത്യാശയ്ക്കു നമുക്ക് നല്ല കാരണങ്ങളുണ്ട്, നമ്മുടെ ന്യായവാദം “സൌമ്യതയും ഭയഭക്തിയും പൂണ്ടു’’ അവതരിപ്പിക്കണം.
ക്രിസ്തുവിൽ വിശ്വസിക്കുന്നത് മതപരമായ ഒളിച്ചോട്ടമോ ശുഭപ്രതീക്ഷയുടെ ചിന്തയോ അല്ല. യേശുവിന്റെ പുനരുത്ഥാനവും, അതിന്റെ സ്രഷ്ടാവിനു സാക്ഷ്യം വഹിക്കുന്ന സൃഷ്ടിയുടെ തെളിവുകളും ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകളിലാണ് നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്നത്. ദൈവത്തിന്റെ ജ്ഞാനത്തിലും ആത്മാവിന്റെ ശക്തിയിലും നാം ആശ്രയിക്കുമ്പോൾ, നമ്മുടെ മഹാനായ ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ പങ്കുവെക്കാൻ നമുക്ക് തയ്യാറാകാം.
ദൈവം നിങ്ങളെ അറിയുന്നു
എന്റെ അമ്മയ്ക്ക് ഒരു മൈൽ അകലെ നിന്ന് പ്രതിസന്ധി മണത്തറിയാൻ കഴിയുമെന്നു തോന്നുന്നു. ഒരിക്കൽ, സ്കൂളിലെ ഒരു കഠിനമായ ദിവസത്തിനുശേഷം, ആരും ശ്രദ്ധിക്കില്ല എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ നിരാശ മറയ്ക്കാൻ ശ്രമിച്ചു. “എന്തു പറ്റി?’’ അമ്മ ചോദിച്ചു. എന്നിട്ട് അമ്മ കൂട്ടിച്ചേർത്തു, “ഒന്നും ഇല്ല എന്നു പറയുന്നതിന് മുമ്പ്, ഞാൻ നിന്റെ അമ്മയാണെന്ന് ഓർക്കുക. ഞാൻ നിന്നെ പ്രസവിച്ചു, നീ നിന്നെ അറിയുന്നതിനേക്കാൾ നന്നായി എനിക്ക് നിന്നെ അറിയാം.’’ ഞാൻ ആരാണെന്ന അമ്മയുടെ ആഴത്തിലുള്ള അവബോധം, എനിക്ക് അമ്മയെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളിൽ എനിക്കൊപ്പം ഉണ്ടായിരിക്കാൻ അമ്മയെ സഹായിക്കുന്നുവെന്ന് അമ്മ സ്ഥിരമായി എന്നെ ഓർമ്മിപ്പിച്ചു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മെ അടുത്തറിയുന്ന ഒരു ദൈവം നമ്മെ പരിപാലിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ്, തന്റെ മക്കളുടെ ജീവിതത്തോടുള്ള ദൈവത്തിന്റെ ശ്രദ്ധയെ പ്രശംസിച്ചു, “യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു’’ (സങ്കീർത്തനം 139:1-2). നാം ആരാണെന്ന് ദൈവത്തിന് അറിയാമെന്നതിനാൽ - നമ്മുടെ ഓരോ ചിന്തയും ആഗ്രഹവും പ്രവൃത്തിയും - അവന്റെ സമൃദ്ധമായ സ്നേഹത്തിന്റെയും കരുതലിന്റെയും അതിരുകൾക്കപ്പുറത്ത് നമുക്ക് പോകാൻ കഴിയുന്ന ഒരിടവുമില്ല (വാ. 7-12). ദാവീദ് എഴുതിയതുപോലെ, “ഞാൻ ... സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും’’ (വാ. 9-10). ജീവിതത്തിൽ നാം എവിടെയായിരുന്നാലും, പ്രാർത്ഥനയിൽ ദൈവത്തെ വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ നമുക്കാവശ്യമായ സ്നേഹവും ജ്ഞാനവും മാർഗനിർദേശവും നൽകുമെന്ന അറിവിൽ നമുക്ക് ആശ്വാസം കണ്ടെത്താനാകും.