2021 ലെ ഒരു സായാഹ്നത്തിൽ ഒരു പ്രദേശത്തു വീശിയടിച്ച ചുഴലിക്കാറ്റ് ഒരു കുടുംബത്തിന്റെ കളപ്പുരയെ നശിപ്പിച്ചു. 1800 കളുടെ അവസാനം മുതൽ കളപ്പുര കുടുംബസ്വത്തിലുണ്ടായിരുന്നതിനാൽ ഇത് ഒരു ദുഃഖകരമായ നഷ്ടമായിരുന്നു. ജോണും ഭാര്യയും അടുത്ത ദിവസം രാവിലെ പള്ളിയിലേക്കു പോകുമ്പോൾ, അവർ കേടുപാടുകൾ കാണുകയും എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെ അവർ കാർ നിർത്തി വിവരങ്ങൾ തിരക്കി, ശുചീകരണത്തിന് കുടുംബത്തിനു സഹായം ആവശ്യമാണെന്നു മനസ്സിലാക്കി. കാർ വേഗത്തിൽ തിരിച്ച്, അവർ വസ്ത്രം മാറാൻ വീട്ടിലേക്കു മടങ്ങി. അക്രമാസക്തമായ കാറ്റിൽ തകർന്നുവീണ കളപ്പുരയുടെ അ്‌വശിഷ്ടങ്ങൾ വൃത്തിയാക്കാൻ ആ ദിവസം അവിടെ താമസിച്ചു. ആ കുടുംബത്തെ സേവിച്ചതിലൂടെ അവർ തങ്ങളുടെ വിശ്വാസം പ്രാവർത്തികമാക്കി.

“പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’’ (യാക്കോബ് 2:26) എന്നു യാക്കോബ് പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ അനുസരണയോടെ ദൈവത്തെ അനുഗമിച്ച അബ്രഹാമിന്റെ ഉദാഹരണം യാക്കോബ് നൽകുന്നു (വാ. 23; ഉല്പത്തി 12:14; 15:6; എബ്രായർ 11:8 കാണുക). യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ പോയ ചാരന്മാരെ ഒളിപ്പിച്ചപ്പോൾ യിസ്രായേലിന്റെ ദൈവത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയ രാഹാബിനെയും യാക്കോബ് പരാമർശിക്കുന്നു (യാക്കോബ് 2:25; യോശുവ 2; 6:17 കാണുക).

“ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു?’’ (യാക്കോബ് 2:14), അത് അവർക്ക് ഒരു ഗുണവും ചെയ്യുന്നില്ല. “വിശ്വാസമാണ് വേരുകൾ, സൽപ്രവൃത്തികളാണ് ഫലം,’’ മാത്യു ഹെൻറി അഭിപ്രായപ്പെടുന്നു, “നമുക്ക് രണ്ടും ഉണ്ടെന്ന് ഉറപ്പുവരുത്തണം.’’ ദൈവത്തിന് നമ്മുടെ നല്ല പ്രവൃത്തികൾ ആവശ്യമില്ല, എന്നാൽ നമ്മുടെ വിശ്വാസം നമ്മുടെ പ്രവൃത്തികളാൽ തെളിയിക്കപ്പെടണം.