ഒരു ദശാബ്ദത്തോളം കുട്ടികളില്ലാതിരുന്നതിനു ശേഷം, 2011 ൽ ഞാനും ഭാര്യയും ഒരു പുതിയ രാജ്യത്ത് ജീവിതം തുടങ്ങാൻ തീരുമാനിച്ചു. ഈ നീക്കം ആവേശകരമായിരുന്നപ്പോൾ തന്നേ, അതിനുവേണ്ടി എനിക്ക് ഒരു പ്രക്ഷേപണ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. നഷ്ടബോധം തോന്നിയ ഞാൻ, എന്റെ സുഹൃത്ത് ലിയാമിനോട് ഉപദേശം ചോദിച്ചു.
“ഇനിമേൽ എന്റെ വിളി എന്താണെന്ന് എനിക്കറിയില്ല,’’ ഞാൻ നിരാശയോടെ ലിയാമിനോട് പറഞ്ഞു.
“താങ്കൾ ഇവിടെ സംപ്രേക്ഷണം ചെയ്യുന്നില്ലേ?’’ അവൻ ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു.
“താങ്കളുടെ വിവാഹജീവിതം എങ്ങനെയുണ്ട്?’’
അവൻ വിഷയം മാറ്റിയതിൽ ആശ്ചര്യപ്പെട്ടെങ്കിലും ഞാനും മെറിനും നന്നായി പോകുന്നുണ്ടെന്ന് ഞാൻ ലിയാമിനോട് പറഞ്ഞു. ഹൃദയത്തകർച്ചയെ ഞങ്ങൾ ഒരുമിച്ച് അഭിമുഖീകരിച്ചു, എങ്കിലും പ്രതിസന്ധി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
“പ്രതിബദ്ധതയാണ് സുവിശേഷത്തിന്റെ കാതൽ,’’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. “ഓ, നിങ്ങളുടേതുപോലെ പ്രതിബദ്ധതയുള്ള വിവാഹങ്ങളെയാണ് ലോകം കാണേണ്ടത്! താങ്കൾ ചെയ്യുന്ന കാര്യങ്ങൾക്കപ്പുറമായി, നിങ്ങൾ ആരാണെന്നിലൂടെ ചെലുത്തുന്ന സ്വാധീനം എത്രമാത്രമെന്ന് നിങ്ങൾ ഇരുവരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.’’
കഠിനമായ ജോലി സാഹചര്യം തിമൊഥെയൊസിനെ നിരാശനാക്കിയപ്പോൾ, അപ്പൊസ്തലനായ പൗലൊസ് അവന് പ്രവൃത്തി ലക്ഷ്യങ്ങൾ നൽകിയില്ല. പകരം, അവന്റെ സംസാരം, പെരുമാറ്റം, സ്നേഹം, വിശ്വാസം, പരിശുദ്ധി എന്നിവയിലൂടെ ഒരു മാതൃക വെക്കുകയും ഭക്തിയുള്ള ജീവിതം നയിക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (4:12-13, 15). വിശ്വസ്തതയോടെ ജീവിക്കുന്നതിലൂടെ അവനു മറ്റുള്ളവരെ ഏറ്റവും നന്നായി സ്വാധീനിക്കുവാൻ കഴിയും.
നമ്മുടെ സ്വഭാവമാണ് ഏറ്റവും പ്രധാനം എന്നിരിക്കിലും, നമ്മുടെ തൊഴിൽ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ വിലമതിക്കുന്നത് എളുപ്പമാണ്. ഞാൻ അത് മറന്നിരുന്നു. എന്നാൽ സത്യത്തിന്റെ ഒരു വാക്ക്, കൃപയുള്ള പ്രവൃത്തി, പ്രതിജ്ഞാബദ്ധമായ ഒരു വിവാഹത്തിനു പോലും വലിയ മാറ്റം കൊണ്ടുവരാൻ കഴിയും – കാരണം അവയിലൂടെ ദൈവത്തിന്റെ സ്വന്തം നന്മയുടെ ഒരു ഭാഗം ലോകത്തെ സ്പർശിക്കുന്നു.
ആരാണ് നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ളത്? അവർക്ക് എന്ത് ഗുണങ്ങൾ ഉണ്ടായിരുന്നു? ഇന്ന് വിശ്വസ്തതയുടെ ഒരു മാതൃക വെക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പ്രിയ ദൈവമേ, ഞാൻ ചെയ്യുന്ന ജോലി ഞാൻ ആയിത്തീരുന്ന വ്യക്തിയോളം പ്രധാനമല്ലെന്ന് ഓർക്കാൻ എന്നെ സഹായിക്കണമേ. ദയവായി എന്നെ കൂടുതൽ അങ്ങയെപ്പോലെയാക്കണമേ.