മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് ഡോ. റെബേക്ക ലീ ക്രംപ്ലർ. എന്നിട്ടും അവളുടെ ജീവിതകാലത്ത് (1831-95), അവൾ “അവഗണിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും, നിസ്സാരമായി ചിത്രീകരിക്കപ്പെടുകയും’’ ചെയ്തു എന്ന് അവൾ ഓർക്കുന്നു. എന്നിരുന്നാലും, ചികിത്സിക്കുന്നതിലും അവളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിലും അവൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അവളുടെ വംശത്തെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കി ചിലർ അവളെ വിധിക്കാൻ തുനിഞ്ഞിട്ടും, “എപ്പോൾ വേണമെങ്കിലും എവിടെയും ഉത്തരവാദിത്വം നിർവഹിക്കാനുള്ള നവ്യവും ധൈര്യപൂർവ്വവുമായ സന്നദ്ധത’’ തനിക്കുണ്ടായിരുന്നതായി ക്രംപ്ലർ സ്ഥിരീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതും സ്വതന്ത്രരായ അടിമകൾക്ക് വൈദ്യസഹായം നൽകുന്നതും ദൈവത്തെ സേവിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അവൾ വിശ്വസിച്ചു. ഖേദകരമെന്നു പറയട്ടെ, ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിയുന്നതുവരെ അവളുടെ നേട്ടങ്ങൾക്ക് ഔപചാരികമായ അംഗീകാരം അവൾക്ക് ലഭിച്ചില്ല.
ചുറ്റുമുള്ളവരാൽ നമ്മൾ അവഗണിക്കപ്പെടുകയോ വിലകുറച്ചു കാണപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളുണ്ട്. എന്നിരുന്നാലും, ദൈവം നമ്മെ ഒരു ദൗത്യത്തിനായി വിളിച്ചപ്പോൾ, ലോകത്തിന്റെ അംഗീകാരവും അഭിനന്ദനവും നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ’’ (കൊലൊസ്യർ. 3:23). ദൈവത്തെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവന്റെ ശക്തിയിലും നേതൃത്വത്തിലും തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ഏറ്റവും പ്രയാസമേറിയ ജോലികൾ പോലും നിർവഹിക്കാൻ നമുക്കു കഴിയും. അപ്പോൾ നമുക്ക് ഭൗമിക അംഗീകാരം ലഭിക്കുന്നതിൽ നമ്മുടെ ശ്രദ്ധ കുറയുകയും അവനു മാത്രം നൽകാൻ കഴിയുന്ന പ്രതിഫലം സ്വീകരിക്കാൻ നാം കൂടുതൽ ആകാംക്ഷയുള്ളവരാകുകയും ചെയ്യും (വാ. 24).
എപ്പോഴാണ് നിങ്ങൾ ചെയ്ത നന്മ അവഗണിക്കപ്പെട്ടതായി തോന്നിയത്? നിങ്ങളുടെ പ്രവർത്തനങ്ങളിൽ ദൈവത്തെ മുൻനിരയിൽ നിർത്തുന്നത് എങ്ങനെ പരിശീലിക്കാൻ കഴിയും?
സ്വർഗ്ഗീയ പിതാവേ, അങ്ങേയ്ക്കുവേണ്ടി നന്മ ചെയ്യുന്നതിന് എന്നെ വിളിച്ചതിനു നന്ദി. അങ്ങ്് എന്നെ വിളിച്ച ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കണമേ.