ഒരു ദിവസം രാവിലെ ഞങ്ങളുടെ ഇളയ കുട്ടികൾ നേരത്തെ എഴുന്നേറ്റ് പ്രഭാതഭക്ഷണം ഉണ്ടാക്കാൻ തീരുമാനിച്ചു. കഠിനമായ ഒരു ആഴ്ചയ്ക്കു ശേഷം ക്ഷീണിച്ച ഞാനും ഭാര്യയും ആ ശനിയാഴ്ച രാവിലെ 7:00 മണി വരെ ഉറങ്ങാൻ ശ്രമിച്ചു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു! കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ്  താഴേക്ക് ഓടിയ ഞാൻ കണ്ടത് തകർന്ന പാത്രവും, തറയിൽ ഉടനീളം ചിതറിക്കിടക്കുന്ന ഓട്‌സുമാണ്, ഞങ്ങളുടെ അഞ്ചു വയസ്സുകാരൻ ജോനാസ് തറയിൽ നിന്ന് അതു തൂത്തെടുക്കാൻ തീവ്രമായി ശ്രമിക്കുന്നു. എന്റെ കുട്ടികൾക്കു വിശക്കുന്നുണ്ടായിരുന്നു, എങ്കിലും അവർ സഹായം ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആശ്രിതത്വത്തിൽ എത്തുന്നതിനുപകരം, അവർ സ്വാതന്ത്ര്യം തിരഞ്ഞെടുത്തു, ഫലം തീർച്ചയായും ഒരു പാചക ആനന്ദമായിരുന്നില്ല.

മാനുഷികമായി പറഞ്ഞാൽ, കുട്ടികൾ ആശ്രിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് വളരാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പക്വത എന്നാൽ, സ്വാതന്ത്ര്യത്തിൽ നിന്ന് അവനിൽ ആശ്രയിക്കുന്നതിലേക്കു നീങ്ങുക എന്നതാണ്. അത്തരം ആശ്രിത മാർഗങ്ങൾ നാം പരിശീലിക്കുന്നിടത്താണ് പ്രാർത്ഥന പ്രാധാന്യമുള്ളതാകുന്നത്. യേശു തന്റെ ശിഷ്യന്മാരെയും – അവനിൽ വിശ്വസിക്കുന്ന നമ്മെയും – പ്രാർത്ഥിക്കാൻ പഠിപ്പിക്കുമ്പോൾ, “ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം (അപ്പം) ഇന്നു തരേണമേ’’ (മത്തായി 6:11) എന്ന ഒരു ആശ്രയത്വത്തിന്റെ പ്രാർത്ഥന പഠിപ്പിക്കുകയായിരുന്നു. അപ്പം എന്നത് ഉപജീവനം, വിടുതൽ, മാർഗനിർദേശം എന്നിവയുടെ ഒരു പ്രതീകമാണ് (വാ. 11-13). അതിനൊക്കെയും അതിലേറെ കാര്യങ്ങൾക്കും നമ്മൾ ദൈവത്തെ ആശ്രയിക്കുന്നു.

യേശുവിൽ സ്വയ-നിർമ്മിത വിശ്വാസികൾ ഇല്ല, അവന്റെ കൃപയിൽ നിന്ന് നാം ഒരിക്കലും ബിരുദം നേടുകയുമില്ല. നമ്മുടെ ജീവിതത്തിലുടനീളം, ‘സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട്’ (വാ. 9) പ്രാർത്ഥിക്കുമ്പോൾ ആശ്രയത്വത്തിന്റെ ഭാവം സ്വീകരിച്ചുകൊണ്ട് നമുക്ക് എല്ലായ്‌പ്പോഴും നമ്മുടെ ദിവസം ആരംഭിക്കാം.