മരിയ തന്റെ ഫാസ്റ്റ്-ഫുഡ് ഉച്ചഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയിലേക്കു പോയി. അവൾ അവളുടെ ബർഗറിൽ കടിച്ചപ്പോൾ, അവളുടെ കണ്ണുകൾ കുറെ മേശകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഉടക്കി. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതും, തലമുടി പാറിപ്പറന്നതുമായിരുന്നു, അവൻ ഒരു ഒഴിഞ്ഞ പേപ്പർ കപ്പിൽ മുറുകെ പിടിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടെന്ന് വ്യക്തം. അവൾക്ക് എങ്ങനെ സഹായിക്കാനാകും? അല്പം പണം കൊടുക്കുന്നത് ബുദ്ധിശൂന്യമായി തോന്നി. അവൾ ഒരു ഭക്ഷണം വാങ്ങി അവനു സമ്മാനിച്ചാൽ, അവനു നാണക്കേടാകുമോ?
ധനികനായ ഒരു ഭൂവുടമയായ ബോവസ് ദരിദ്രയായ കുടിയേറ്റ വിധവ രൂത്തിനെ തന്റെ വയലിൽ നിന്ന് പെറുക്കാൻ ക്ഷണിച്ച കഥ അപ്പോഴാണ് മരിയ ഓർത്തത്. അവൻ തന്റെ ആളുകളോട് ആജ്ഞാപിച്ചു: “അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു’’ (രൂത്ത് 2:15-16). അതിജീവനത്തിനായി സ്ത്രീകൾ പുരുഷന്മാരുമായുള്ള ബന്ധത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു സംസ്കാരത്തിൽ, ബോവസ് ദൈവത്തിന്റെ സ്നേഹനിർഭരമായ കരുതൽ പ്രകടമാക്കി. ഒടുവിൽ, ബോവസ് രൂത്തിനെ വിവാഹം കഴിച്ചു, അവളുടെ അതിദരിദ്രമായ അവസ്ഥയിൽ നിന്ന് അവളെ വീണ്ടെടുത്തു (4:9-10).
മരിയ പോകാൻ എഴുന്നേറ്റപ്പോൾ, അവൾ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് താൻ ഭക്ഷിക്കാതിരുന്ന ഫ്രൈ പാക്കറ്റ് അടുത്തുള്ള മേശപ്പുറത്ത് വെച്ചു. അയാൾക്ക് വിശക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവളുടെ “ഫാസ്റ്റ് ഫുഡ് വയലിൽ’’ നിന്ന് പെറുക്കാം. പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ ചിത്രീകരിക്കുന്നതിലൂടെ ദൈവത്തിന്റെ ഹൃദയമാണ് തിരുവെഴുത്തുകളിലെ കഥകളിൽ വെളിപ്പെടുന്നത്.
നിങ്ങളുടെ ജീവിതത്തിലെ സമൃദ്ധിയിൽ നിന്ന് “പെറുക്കാൻ’’ നിങ്ങൾ ക്ഷണിച്ചേക്കാവുന്ന ആരെങ്കിലും ഇന്ന് നിങ്ങൾക്ക് ചുറ്റും ഉണ്ടോ? ദൈവിക ഹൃദയത്തോടെ നിങ്ങൾക്ക് പ്രതികരിക്കാൻ കഴിയുന്ന നിങ്ങൾക്കു ചുറ്റുമുള്ള ആവശ്യങ്ങൾ വെളിപ്പെടുത്താൻ ദൈവത്തോട് അപോക്ഷിക്കുക.
പ്രിയ പിതാവേ, ഇന്ന് എനിക്ക് അങ്ങയുടെ സ്നേഹം നീട്ടാൻ ആവശ്യമായിരിക്കുന്നവരെ എനിക്കു കാണിച്ചുതരണമേ.