ബാർക്കർ കുടുംബത്തിന്റെ ക്രിസ്തുമസ് വീഡിയോ മികച്ചതായിരുന്നു. നീളൻ കുപ്പായം ധരിച്ച മൂന്ന് ഇടയന്മാർ (കുടുംബത്തിന്റെ ഇളയ മക്കൾ) ഒരു പുൽമേടിലെ തീയ്ക്ക് ചുറ്റും ഇരുന്നു. പെട്ടെന്ന് മലമുകളിൽ നിന്ന് ഒരു മാലാഖ ഇറങ്ങിവന്നു (അവരുടെ വലിയ സഹോദരി, പിങ്ക് നിറത്തിലുള്ള ഉയരം കൂടിയ ഷൂവുകൾ ഒഴികെ ബാക്കിയെല്ലാം മനോഹരമായി കാണപ്പെട്ടു). സൗണ്ട്ട്രാക്ക് ഉച്ചത്തിലാകുമ്പോൾ, ഇടയന്മാർ വിസ്മയത്തോടെ ആകാശത്തേക്ക് നോക്കി. ഒരു വയലിലൂടെയുള്ള ഒരു നടത്തം അവരെ ഒരു യഥാർത്ഥ ശിശുവിന്റെ അടുത്തേക്ക് നയിച്ചു. ഒരു ആധുനിക കളപ്പുരയിലുള്ള അവരുടെ കുഞ്ഞു സഹോദരൻ. മൂത്ത സഹോദരി ഇപ്പോൾ മറിയയുടെ വേഷം അണിഞ്ഞു.
പിന്നീട് “ബോണസ് സവിശേഷതകൾ’’ വന്നു, അവരുടെ പിതാവു ഞങ്ങളെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് നോക്കാൻ അനുവദിച്ചു. കുട്ടികൾ ചിണുങ്ങിക്കൊണ്ടു പരാതി പറഞ്ഞു, “എനിക്ക് തണുക്കുന്നു.’’ “എനിക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോകണം!’’ “നമുക്ക് വീട്ടിൽ പോകാമോ?’’ “കുട്ടികളേ, ശ്രദ്ധിക്കൂ,’’ അവരുടെ അമ്മ ഒന്നിലധികം തവണ പറഞ്ഞു. ക്രിസ്തുമസ് കാർഡിൽ നിന്ന് യാഥാർത്ഥ്യം വളരെ അകലെയായിരുന്നു.
നന്നായി എഡിറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ ലെൻസിലൂടെ യഥാർത്ഥ ക്രിസ്തുമസ് കഥ കാണാൻ എളുപ്പമാണ്. എന്നാൽ യേശുവിന്റെ ജീവിതം അത്ര സുഗമമല്ലായിരുന്നു. അസൂയാലുവായ ഹെരോദാവ് അവനെ ശൈശവത്തിൽ കൊല്ലാൻ ശ്രമിച്ചു (മത്തായി 2:13). മറിയയും യോസേഫും അവനെ തെറ്റിദ്ധരിച്ചു (ലൂക്കൊസ് 2:41-50). ലോകം അവനെ വെറുത്തു (യോഹന്നാൻ 7:7). ഒരു കാലത്തേക്ക്, “അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല’’ (7:5). അവന്റെ ദൗത്യം ദാരുണമായ മരണത്തിലേക്ക് നയിച്ചു. തന്റെ പിതാവിനെ ബഹുമാനിക്കാനും നമ്മെ രക്ഷിക്കാനുമാണ് അവൻ ഇതെല്ലാം ചെയ്തത്.
യേശുവിന്റെ ഈ വാക്കുകളോടെയാണ് ബാർക്കർ കുടുംബത്തിന്റെ വീഡിയോ അവസാനിച്ചത്: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല’’ (യോഹന്നാൻ 14:6). അത് നമുക്ക് ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യമാണ് – എന്നേക്കും.
നിങ്ങൾ എങ്ങനെയാണ് തികഞ്ഞവരായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുന്നത്? യേശുവിന്റെ പൂർണമായ ശക്തിയുടെ ആവശ്യം നിങ്ങൾക്ക് എങ്ങനെ നന്നായി അംഗീകരിക്കാനാകും?
പിതാവേ, അങ്ങയോട് നിത്യമായ അനുരഞ്ജനപ്പെടാൻ എനിക്കു വഴിയൊരുക്കുന്നതിനായി അങ്ങയുടെ പുത്രനെ അയച്ചതിനു നന്ദി.