സൃഷ്ടിയുടെ ഉദയം മുതൽ കഥകൾ മനുഷ്യനെ ആകർഷിച്ചിട്ടുണ്ട് – ലിഖിത ഭാഷ നിലനിൽക്കുന്നതിന് വളരെ മുമ്പുതന്നെ അറിവ് കൈമാറുന്നതിനുള്ള ഒരു മാർഗമായി അവ പ്രവർത്തിച്ചിരുന്നു. ഒരു കഥ കേൾക്കുന്നതിനോ വായിക്കുന്നതിനോ ഉള്ള ആനന്ദം നമുക്കെല്ലാം അറിയാം, “ഒരിടത്തൊരിടത്ത്’’ എന്നതുപോലുള്ള തുടക്ക വരികളിൽ ഉടനടി നമ്മെ ആകർഷിക്കുന്നു. ഒരു കഥയുടെ ശക്തി കേവലം ആസ്വാദനത്തിനപ്പുറം വ്യാപിക്കുന്നതായി കാണാം: നമ്മൾ ഒരുമിച്ച് ഒരു കഥ കേൾക്കുമ്പോൾ, നമ്മുടെ ഹൃദയമിടിപ്പുകൾ സമന്വയിക്കുന്നതായി തോന്നുന്നു! ഒരു ദിവസത്തെ നമ്മുടെ വ്യക്തിഗത ഹൃദയമിടിപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, മറ്റൊരാളുടെ ഹൃദയമിടിപ്പുകൾ യാദൃശ്ചികമായി പൊരുത്തപ്പെടുമെങ്കിലും, ഒരേ സമയം ഒരേ കഥ കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളെല്ലാം ഒരേ താളത്തിൽ ആകുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

“ആദിയിൽ’’ (ഉൽപത്തി 1:1) എന്ന വാക്കുകളോടെയാണ് ദൈവം തന്റെ കഥ നമ്മോട് പറയാൻ തുടങ്ങുന്നത്. ആദാമും ഹവ്വായും ആദ്യമായി ശ്വസിച്ച നിമിഷം മുതൽ (വാ. 27), നമ്മുടെ വ്യക്തിഗത ജീവിതത്തെ മാത്രമല്ല – ഒരു പക്ഷേ അതിലും പ്രധാനമായി – തന്റെ മക്കളെന്ന നിലയിൽ നമ്മുടെ കൂട്ടായ ജീവിതത്തെയും രൂപപ്പെടുത്താൻ ദൈവം ആ ചുരുളഴിയുന്ന കഥ ഉപയോഗിച്ചു. ബൈബിളിലൂടെ – ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ സാങ്കലിപ്കമല്ലാത്ത കഥ – യേശുവിൽ വിശ്വസിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കായി വേർതിരിക്കപ്പെട്ടവരുമായ നമ്മുടെ ഹൃദയങ്ങൾ  ഒന്നിച്ചുചേരുന്നു (1 പത്രൊസ് 2:9).

പ്രതികരണമായി, രചയിതാവിന്റെ സർഗ്ഗാത്മക സൃഷ്ടികളാൽ ആഹ്ലാദംകൊള്ളുന്ന നമ്മുടെ ഹൃദയങ്ങൾ പങ്കിട്ട താളത്തിൽ മിടിക്കട്ടെ. നമുക്ക് അവന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കാം, “ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും’’ (സങ്കീർത്തനം 96:3) പ്രഖ്യാപിച്ചുകൊണ്ട്, അവരെയും അതിന്റെ ഭാഗമാകാൻ ക്ഷണിക്കാം.