Month: ഡിസംബര് 2022

ഞാൻ മണിമുഴക്കം കേട്ടു

ഹെൻറി വാഡ്‌സ്‌വർത്ത് ലോംഗ്‌ഫെല്ലോയുടെ 1863 ലെ കവിതയെ അടിസ്ഥാനമാക്കിയുള്ള “ക്രിസ്മസ് ദിനത്തിൽ ഞാൻ മണിമുഴക്കം കേട്ടു’’ എന്നത് അസാധാരണമായ ഒരു ക്രിസ്മസ് ഗാനമാണ്. പ്രതീക്ഷിച്ച ക്രിസ്മസ് സന്തോഷത്തിനും ഉന്മേഷത്തിനും പകരം, ഈ വരികൾ ഒരു വിലാപം രൂപപ്പെടുത്തുന്നു: “നിരാശയോടെ ഞാൻ തല കുനിച്ചു / ഭൂമിയിൽ സമാധാനമില്ലെന്ന് ഞാൻ പറഞ്ഞു / വെറുപ്പ് ശക്തമാണ്, ഭൂമിയിൽ ദൈവപ്രസാദമുള്ള / മനുഷ്യർക്കു സമാധാനം എന്ന ഗാനം പരിഹസിക്കപ്പെടുന്നു.’’ എന്നിരുന്നാലും, ഈ വിലാപം പ്രതീക്ഷയിലേക്ക് നീങ്ങുന്നു, “ദൈവം മരിച്ചിട്ടില്ല, അവൻ ഉറങ്ങുന്നുമില്ല / തെറ്റ് പരാജയപ്പെടും, ശരി വിജയിക്കും / ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.” 

വിലാപത്തിൽ നിന്നുയരുന്ന പ്രത്യാശയുടെ മാതൃക ബൈബിളിലെ വിലാപ സങ്കീർത്തനങ്ങളിലും കാണാം. അതുപോലെ, സങ്കീർത്തനക്കാരൻ സങ്കീർത്തനം 43 ആരംഭിക്കുന്നത്, തന്നെ ആക്രമിക്കുന്ന ശത്രുക്കളെക്കുറിച്ചും (വാ. 1) തന്നെ മറന്നതായി തോന്നുന്ന തന്റെ ദൈവത്തെക്കുറിച്ചും (വാ. 2) നിലവിളിച്ചുകൊണ്ടാണ്. എന്നാൽ ഗായകൻ തന്റെ വിലാപത്തിൽ തുടരുന്നില്ല - തനിക്ക് പൂർണ്ണമായി മനസ്സിലാകാത്തതും എന്നാൽ താൻ ആശ്രയിക്കുന്നതുമായ ദൈവത്തെ നോക്കി അവൻ പാടുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും’’ (വാ. 5).

വിലാപത്തിനുള്ള കാരണങ്ങളാൽ ജീവിതം നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും അവ പതിവായി അനുഭവിക്കുന്നു. പക്ഷേ, ആ വിലാപം നമ്മെ പ്രത്യാശയുടെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ അനുവദിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷത്തോടെ പാടാൻ കഴിയും - നമ്മുടെ കണ്ണുനീരിലൂടെ നാമതു പാടുന്നതെങ്കിലും.

നല്ലതിനോടു പറ്റിക്കൊൾക

ഞങ്ങളുടെ കാർ ഒരു തുറസ്സായ മൈതാനത്തിനു സമീപം പാർക്ക് ചെയ്തിട്ട്, അതിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മിക്കവാറും എല്ലായ്‌പ്പോഴും ഞങ്ങളുടെ വസ്ത്രങ്ങളിൽ ചില കായ്കൾ ഒട്ടിപ്പിടിച്ചിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. “കിട്ടുന്ന വാഹനത്തിൽ കയറി സഞ്ചരിക്കുന്ന’’ ഈ കുഞ്ഞന്മാർ വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ കടന്നുപോകുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവയിൽ പറ്റിപ്പിടിച്ച് അവരുടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തുന്നു. എന്റെ പ്രാദേശിക വയലിലും ലോകമെമ്പാടും ഇങ്ങനെ വിത്തുകൾ പ്രചരിപ്പിക്കുന്നത് പ്രകൃതിയുടെ രീതിയാണ്.

പറ്റിപ്പിടിച്ചിരിക്കുന്ന കായ്്കൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, “നല്ലതിനോടു പറ്റിക്കൊൾവാൻ’’ (റോമർ 12:9) യേശുവിൽ വിശ്വസിക്കുന്നവരെ ഉപദേശിക്കുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ മറ്റുള്ളവരെ സ്‌നേഹിക്കാൻ ശ്രമിക്കുമ്പോൾ, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നന്മയിൽ മുറുകെ പിടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് തിന്മയെ അകറ്റാനും അവൻ നമ്മെ നയിക്കുന്നതുപോലെ നമ്മുടെ “നിർവ്യാജ’’ സ്‌നേഹത്തിൽ ആയിരിക്കാനും കഴിയും (വാ. 9).

ഈ വിത്തുകൾ കൈകൊണ്ട് വെറുതെ തൂത്താൽ പോകുകയില്ല, അവ നിങ്ങളിലേക്ക് പറ്റിക്കിടക്കും. ദൈവത്തിന്റെ കാരുണ്യത്തിലും മനസ്സലിവിലും കല്പനകളിലും മനസ്സ് നിലനിർത്തിക്കൊണ്ട് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കും - അവന്റെ ശക്തിയിൽ - നാം സ്‌നേഹിക്കുന്നവരെ മുറുകെ പിടിക്കാൻ കഴിയും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യത്തിനുമുമ്പിൽ വെക്കാൻ ഓർമ്മിച്ചുകൊണ്ട് “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു’’ നിലകൊള്ളാൻ അവൻ നമ്മെ സഹായിക്കുന്നു, (വാ. 10).

അതെ, ആ വി്ത്തുകൾ വെല്ലുവിളി ഉയർത്തുന്നതായിരിക്കും, എന്നാൽ മറ്റുള്ളവരെ സ്‌നേഹത്തിൽ മുറുകെപ്പിടിക്കാനും ദൈവശക്തിയാൽ “നല്ലതിനെ’’ മുറുകെ പിടിക്കാനും അവ എന്നെ ഓർമ്മിപ്പിക്കുന്നു (വാ. 9; ഫിലിപ്പിയർ 4:8-9 കൂടി കാണുക).

നമ്മുടെ ഷെൽട്ടറിലേക്ക് ഓടുക

ആറാം ക്ലാസ്സുകാരുടെ ബാസ്‌ക്കറ്റ്‌ബോൾ കളി നന്നായി നടക്കുകയായിരുന്നു. മാതാപിതാക്കളും മുത്തശ്ശിമാരും അവരവരുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ടീമുകളിലെ ആൺകുട്ടികളുടെ ഇളയ സഹോദരങ്ങളും സഹോദരിമാരും സ്‌കൂൾ ഇടനാഴിയിൽ നിന്ന് കളി ആസ്വദിച്ചു. പെട്ടെന്ന്, സൈറണുകൾ മുഴങ്ങി, ജിമ്മിൽ ലൈറ്റുകൾ മിന്നി. ഒരു ഫയർ അലാറം മുഴങ്ങി. താമസിയാതെ സഹോദരങ്ങൾ പരിഭ്രാന്തരായി മാതാപിതാക്കളെ അന്വേഷിച്ച് ജിമ്മിലേക്ക് ഓടിയെത്തി. 

പക്ഷേ തീ ഇല്ലായിരുന്നു; അബദ്ധത്തിൽ അലാറം പ്രവർത്തനക്ഷമമായതാണ്. പക്ഷേ, ഞാൻ നോക്കിനിൽക്കെ, കുട്ടികൾ - ഒരു പ്രതിസന്ധി മനസ്സിലാക്കി - അവരുടെ മാതാപിതാക്കളുടെ കരവലയത്തിലേക്ക് ലജ്ജയില്ലാതെ ഓടിയ രീതി എന്നെ ഞെട്ടിച്ചു. ഭയത്തിന്റെ സമയത്ത് സുരക്ഷിതത്വബോധവും ഉറപ്പും നൽകാൻ കഴിയുന്നവരിലുള്ള ആത്മവിശ്വാസത്തിന്റെ മഹത്തായ ചിത്രം!

ദാവീദ് വലിയ ഭയം അനുഭവിച്ച ഒരു സമയത്തെ തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നു. ശൗലും മറ്റ് നിരവധി ശത്രുക്കളും (2 ശമൂവേൽ 22:1) അവനെ പിന്തുടർന്നു. ദൈവം ദാവീദിനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചശേഷം, നന്ദിയുള്ള ആ മനുഷ്യൻ ദൈവത്തിന്റെ സഹായത്തെക്കുറിച്ച് സ്തുതിഗീതം ആലപിച്ചു. അവൻ ദൈവത്തെ “എന്റെ പാറ, എന്റെ കോട്ട, എന്റെ രക്ഷകൻ” എന്ന് വിളിച്ചു (വാ. 2). “മരണപാശങ്ങളും” “പാതാളത്തിന്റെ കെണികളും’’ (വാ. 6) അവനെ വേട്ടയാടിയപ്പോൾ, ദാവീദ് “യഹോവയെ വിളിച്ചു” അവന്റെ നിലവിളി “അവന്റെ ചെവികളിൽ എത്തി’’ (വാ. 7). അവസാനം, അവൻ “എന്നെ രക്ഷിച്ചു” എന്ന് ദാവീദ് പ്രഖ്യാപിച്ചു (വാ. 18, 20, 49).

ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിൽ നമുക്ക് “പാറ”യിലേക്ക് ഓടാം (വാ. 32). നാം ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ, അവൻ മാത്രമാണ് നമുക്ക് ആവശ്യമായ അഭയവും അഭയവും നൽകുന്നത് (വാ. 23).

ഭാരം ലഘൂകരിക്കുക

ഞങ്ങളുടെ പുതുതായി രൂപീകരിച്ച ബൈബിൾ പഠന ക്ലാസ്സിലെ സ്ത്രീകൾ ദുരന്തങ്ങളുടെ ഒരു പരമ്പരയെ അഭിമുഖീകരിച്ചപ്പോൾ, ഞങ്ങൾ പെട്ടെന്ന് ആഴമായ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുവാൻ തുടങ്ങി. പിതാവിന്റെ വിയോഗം, വിവാഹമോചനത്തിനു ശേഷമുള്ള വിവാഹ വാർഷികത്തിന്റെ വേദന, പൂർണ ബധിരനായ ഒരു കുട്ടിയുടെ ജനനം, കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവരാനുള്ള ഓട്ടത്തിന്റെ അനുഭവം. ആർക്കും ഒറ്റയ്ക്കു ചുമക്കാൻ കഴിയാത്തത്രയായിരുന്നു അത്. ഓരോ വ്യക്തിയുടെയും ദുർബലത കൂടുതൽ സുതാര്യതയിലേക്ക് നയിച്ചു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞു, പ്രാർത്ഥിച്ചു, അപരിചിതരുടെ കൂട്ടമായി തുടങ്ങിയത് ആഴ്ചകൾക്കുള്ളിൽ അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പായി മാറി.

സഭാ ശരീരത്തിന്റെ ഭാഗമായി, യേശുവിലുള്ള വിശ്വാസികൾക്ക് അവരുടെ കഷ്ടപ്പാടുകളിൽ ആഴത്തിലുള്ളതും വ്യക്തിപരവുമായ രീതിയിൽ ആളുകളോടൊപ്പം പങ്കുചേരാൻ കഴിയും. ക്രിസ്തുവിലുള്ള സഹോദരീസഹോദരന്മാരെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ, നമ്മൾ പരസ്പരം അറിയുന്ന സമയത്തെയോ പൊതുവായ കാര്യങ്ങളെയോ ആശ്രയിച്ചിരിക്കുന്നില്ല. പകരം, 'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക' (ഗലാത്യർ 6:2) എന്ന് പൗലൊസ് വിളിക്കുന്നത് നമ്മൾ ചെയ്യുന്നു. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, നാം കേൾക്കുന്നു, മനസ്സലിവു കാണിക്കുന്നു, കഴിയുന്നിടത്ത് പരസ്പരം സഹായിക്കുന്നു, പ്രാർത്ഥിക്കുന്നു. “എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും’’ (വാ. 10) നന്മ ചെയ്യുന്നതിനുള്ള വഴികൾ നമുക്കു നോക്കാം. അങ്ങനെ ചെയ്യുമ്പോൾ, നാം ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിക്കുകയാണ് (വാ. 2): ദൈവത്തെ സ്‌നേഹിക്കുകയും നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക. ജീവിതഭാരങ്ങൾ ഭാരമുള്ളതായിരിക്കാം, എന്നാൽ ഭാരം കുറയ്ക്കാൻ അവൻ നമുക്കു നമ്മുടെ സഭാ കുടുംബത്തെ തന്നിരിക്കുന്നു.

ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം

മരിയ തന്റെ ഫാസ്റ്റ്-ഫുഡ് ഉച്ചഭക്ഷണവുമായി ഒരു ഒഴിഞ്ഞ മേശയിലേക്കു പോയി. അവൾ അവളുടെ ബർഗറിൽ കടിച്ചപ്പോൾ, അവളുടെ കണ്ണുകൾ കുറെ മേശകൾക്കപ്പുറത്ത് ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഉടക്കി. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞതും, തലമുടി പാറിപ്പറന്നതുമായിരുന്നു, അവൻ ഒരു ഒഴിഞ്ഞ പേപ്പർ കപ്പിൽ മുറുകെ പിടിച്ചിരുന്നു. അയാൾക്ക് വിശക്കുന്നുണ്ടെന്ന് വ്യക്തം. അവൾക്ക് എങ്ങനെ സഹായിക്കാനാകും? അല്പം പണം കൊടുക്കുന്നത് ബുദ്ധിശൂന്യമായി തോന്നി. അവൾ ഒരു ഭക്ഷണം വാങ്ങി അവനു സമ്മാനിച്ചാൽ, അവനു നാണക്കേടാകുമോ?

ധനികനായ ഒരു ഭൂവുടമയായ ബോവസ് ദരിദ്രയായ കുടിയേറ്റ വിധവ രൂത്തിനെ തന്റെ വയലിൽ നിന്ന് പെറുക്കാൻ ക്ഷണിച്ച കഥ അപ്പോഴാണ് മരിയ ഓർത്തത്. അവൻ തന്റെ ആളുകളോട് ആജ്ഞാപിച്ചു: “അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു. പെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു’’ (രൂത്ത് 2:15-16). അതിജീവനത്തിനായി സ്ത്രീകൾ പുരുഷന്മാരുമായുള്ള ബന്ധത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു സംസ്‌കാരത്തിൽ, ബോവസ് ദൈവത്തിന്റെ സ്‌നേഹനിർഭരമായ കരുതൽ പ്രകടമാക്കി. ഒടുവിൽ, ബോവസ് രൂത്തിനെ വിവാഹം കഴിച്ചു, അവളുടെ അതിദരിദ്രമായ അവസ്ഥയിൽ നിന്ന് അവളെ വീണ്ടെടുത്തു (4:9-10).

മരിയ പോകാൻ എഴുന്നേറ്റപ്പോൾ, അവൾ ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് താൻ ഭക്ഷിക്കാതിരുന്ന ഫ്രൈ പാക്കറ്റ് അടുത്തുള്ള മേശപ്പുറത്ത് വെച്ചു. അയാൾക്ക് വിശക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവളുടെ “ഫാസ്റ്റ് ഫുഡ് വയലിൽ’’ നിന്ന് പെറുക്കാം. പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പരിഹാരങ്ങൾ ചിത്രീകരിക്കുന്നതിലൂടെ ദൈവത്തിന്റെ ഹൃദയമാണ് തിരുവെഴുത്തുകളിലെ കഥകളിൽ വെളിപ്പെടുന്നത്.