മോണിക്ക തന്റെ മകൻ ദൈവത്തിലേക്ക് മടങ്ങിവരാൻ ആത്മാർഥമായി പ്രാർത്ഥിച്ചു. അവന്റെ വഴിപിഴച്ച ജീവിതത്തെ ഓർത്തു അവൾ കരയുകയും അവൻ താമസിക്കാൻ തിരഞ്ഞെടുത്ത വിവിധ നഗരങ്ങളിൽ അവൾ അവനെ പിന്തുടരുകയും ചെയ്തു. സാഹചര്യം നിരാശാജനകമാണെന്ന് തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം അത് സംഭവിച്ചു: അവളുടെ മകൻ ദൈവവുമായി സമൂലമായ ഒരു ഏറ്റുമുട്ടൽ നടത്തി. സഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം മാറി. ഹിപ്പോയിലെ ബിഷപ്പ് അഗസ്റ്റിൻ എന്നാണ് അദ്ദേഹത്തെ നമ്മൾ അറിയുന്നത്.
“എത്ര നേരം, കർത്താവേ?” (ഹബക്കൂക്ക് 1:2). നീതിയെ വികൃതമാക്കിയ അധികാരികളെ സംബന്ധിച്ച ദൈവത്തിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ച് പ്രവാചകനായ ഹബക്കൂക്ക് വിലപിച്ചു (വാക്യം 4). നാം നിരാശയോടെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ സമയത്തെക്കുറിച്ച് ചിന്തിക്കുക-നീതി കിട്ടാതെ പോയ നിമിഷത്തെ നമ്മുടെ വിലാപം, പ്രത്യാശ നഷ്ടപ്പെട്ട ആശുപത്രി യാത്ര, തുടർച്ചയായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ദൈവത്തിൽ നിന്ന് അകന്നുപോയ കുഞ്ഞുങ്ങൾ.
ഓരോ തവണയും ഹബക്കൂക്ക് വിലപിച്ചപ്പോൾ ദൈവം അവന്റെ നിലവിളി കേട്ടു. വിശ്വാസത്തോടെ കാത്തിരിക്കുമ്പോൾ, നമ്മുടെ വിലാപത്തെ സ്തുതിയാക്കി മാറ്റാൻ പ്രവാചകനിൽ നിന്ന് നമുക്ക് പഠിക്കാം, കാരണം അവൻ പറഞ്ഞു, “എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (3:18). അവൻ ദൈവത്തിന്റെ വഴികൾ മനസ്സിലാക്കിയില്ല, എന്നാൽ അവൻ അവനിൽ വിശ്വസിച്ചു. വിലാപവും സ്തുതിയും വിശ്വാസത്തിന്റെ പ്രവൃത്തികളാണ്, വിശ്വാസത്തിന്റെ പ്രകടനങ്ങളാണ്. അവന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി ദൈവത്തോടുള്ള അപേക്ഷയായി നാം വിലപിക്കുന്നു. അവനെക്കുറിച്ചുള്ള നമ്മുടെ സ്തുതി അവൻ ആരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് – നമ്മുടെ അത്ഭുതകരവും സർവ്വശക്തനുമായ ദൈവം. ഒരു ദിവസം, അവന്റെ കൃപയാൽ, ഓരോ വിലാപവും സ്തുതിയായി മാറും.
ഇന്ന് താങ്കളുടെ വിലാപങ്ങൾ എന്തൊക്കെയാണ്? താങ്കൾക്കു അവയെ എങ്ങനെ സ്തുതികളാക്കി മാറ്റാനാകും?
പ്രിയ യേശുവേ, നീ ആരാണെന്നും എന്റെ ജീവിതത്തിൽ നീ ചെയ്തതെന്താണെന്നും എന്നെ ഓർമ്മിപ്പിക്കുക.