1960കളിലെ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ മൂർദ്ധന്യാവസ്തയിലാണ് ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ദാരുണമായ കൊലപാതകം നടന്നത്. എന്നാൽ വെറും നാല് ദിവസത്തിന് ശേഷം, സമാധാനപരമായ ഒരു പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നതിൽ അദ്ദേഹത്തിന്റെ വിധവ കൊറെറ്റ സ്കോട്ട് കിംഗ് ധൈര്യത്തോടെ ഭർത്താവിന്റെ സ്ഥാനം ഏറ്റെടുത്തു. കോറെറ്റയ്ക്ക് നീതിയോട് അഗാധമായ അഭിനിവേശമുണ്ടായിരുന്നു, കൂടാതെ പല നല്ല പ്രവൃത്തികൾക്കും നേതൃത്വം നല്കുന്നവളുമായിരുന്നു.
യേശു പറഞ്ഞു, “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” (മത്തായി 5:6). ഒരുനാൾ ദൈവം നീതി നടപ്പിലാക്കുവാനും എല്ലാ തെറ്റും ശരിയാക്കുവാനും വരുമെന്ന് നമുക്കറിയാം, എന്നാൽ ആ സമയം വരെ, കൊറെറ്റ ചെയ്തതുപോലെ ഭൂമിയിൽ ദൈവത്തിന്റെ നീതി യാഥാർത്ഥ്യമാക്കുന്നതിൽ പങ്കുചേരാനുള്ള അവസരം നമുക്കുണ്ട്. യെശയ്യാവ് 58ൽ, എന്ത് ചെയ്യുവാനാണ് ദൈവം തന്റെ ജനത്തെ വിളിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രം നൽകിയിരിക്കുന്നു: അനീതിയുടെ ചങ്ങലകൾ അഴിക്കുക, അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കുക, വിശക്കുന്നവരുമായി താങ്കളുടെ ഭക്ഷണം പങ്കിടുക. . . പാവപ്പെട്ട അലഞ്ഞുതിരിയുന്നവന് അഭയം നൽകുക. . . [നഗ്നരെ] വസ്ത്രം ധരിപ്പിക്കുക, [സഹായം ആവശ്യമുള്ളവരിൽ നിന്ന്] പിന്തിരിയരുത്” (വാ. 6-7). അടിച്ചമർത്തപ്പെട്ടവർക്കും തരംതാഴ്ത്തപ്പെട്ടവർക്കും വേണ്ടി നീതി തേടുന്നത് നമ്മുടെ ജീവിതം ദൈവത്തിലേക്ക് തിരിച്ചുവിടാനുള്ള ഒരു വഴിയാണ്. നീതി തേടുന്ന തന്റെ ജനം പ്രഭാതത്തിന്റെ വെളിച്ചം പോലെയാണെന്നും അവർക്കും മറ്റുള്ളവർക്കും രോഗശാന്തി നൽകുമെന്നും യെശയ്യാവ് എഴുതുന്നു (വാക്യം 8).
ഇന്ന്, ഈ ഭൂമിയിൽ അവന്റെ നീതിക്കുവേണ്ടിയുള്ള വിശപ്പ് വളർത്തിയെടുക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. അവന്റെ വഴിയിലും അവന്റെ ശക്തിയിലും നാം നീതി തേടുമ്പോൾ, നാം സംതൃപ്തരാകും എന്ന് ബൈബിൾ പറയുന്നു.
താങ്കളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു അനീതി എന്താണ്? ഇന്ന് നീതിയും ശരിയും ചെയ്യുന്നതിലേക്ക് താങ്കൾക്ക് എങ്ങനെ ഒരു ചുവടുവെപ്പ് നടത്താനാകും?
ദൈവമേ നീതിക്കുവേണ്ടിയുള്ള വിശപ്പ് എനിക്ക് തരേണമേ. നീതി ചെയ്യുന്നതിലൂടെ അങ്ങയുടെ വേലയുടെ ഭാഗമാകാൻ എന്നെ സഹായിക്കണേ.