“എനിക്ക് ഇനി ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ആഗോള ആരോഗ്യ പ്രതിസന്ധി ചർച്ചയിൽ ഒരു നഴ്സ് എന്ന നിലയിൽ അവൾ അഭിമുഖീകരിച്ച അഗാധമായ നിരാശയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എന്റെ സുഹൃത്ത് കണ്ണുനീരോടെ പറഞ്ഞു. “ദൈവം എന്നെ നഴ്സിംഗിലേക്ക് വിളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഞാൻ തളർന്നുപോയി, വൈകാരികമായി തളർന്നുപോയി,” അവൾ സമ്മതിച്ചു. തളർച്ചയുടെ ഒരു കാർമേഘം അവളുടെ മേൽ വന്നിരിക്കുന്നത് കണ്ടപ്പോൾ ഞാൻ മറുപടി പറഞ്ഞു, “താങ്കൾ ഇപ്പോൾ നിസ്സഹായയാണെന്നു എനിക്കറിയാം, എന്നാൽ നിങ്ങൾ അന്വേഷിക്കുന്ന വഴിയും സഹിച്ചുനിൽക്കാനുള്ള ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുക.” ആ നിമിഷം, പ്രാർത്ഥനയിലൂടെ ദൈവത്തെ അന്വേഷിക്കാൻ അവൾ തീരുമാനിച്ചു. താമസിയാതെ, എന്റെ സുഹൃത്തിന് ഒരു പുതിയ ലക്ഷ്യ ബോധത്താൽ ആവേശം നിറഞ്ഞവളായി. നഴ്സിംഗ് തുടരാൻ അവൾ ധൈര്യപ്പെട്ടു എന്ന് മാത്രമല്ല, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ യാത്ര ചെയ്ത് കൂടുതൽ ആളുകളെ സേവിക്കാനുള്ള ശക്തിയും ദൈവം അവൾക്ക് നൽകി.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്ക് അമിതഭാരം അനുഭവപ്പെടുമ്പോൾ സഹായത്തിനും പ്രോത്സാഹനത്തിനും വേണ്ടി എപ്പോഴും ദൈവത്തിലേക്ക് നോക്കാം, കാരണം “അവൻ ക്ഷീണിക്കുകയോ തളർന്നു പോകുകയോ ചെയ്യുകയില്ല” (യെശയ്യാവ് 40:28). സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് “ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.” (വാക്യം 29) എന്ന് പ്രവാചകനായ യെശയ്യാവ് പ്രസ്താവിക്കുന്നു. ദൈവത്തിന്റെ ശക്തി ശാശ്വതമാണെങ്കിലും, നമ്മൾ ശാരീരികമായും മാനസികമായും തളർന്നു പോകുന്ന ദിവസങ്ങൾ നമുക്കുണ്ടാകുമെന്ന് അവനറിയാം. (വാക്യം 30). എന്നാൽ ജീവിതത്തിലെ വെല്ലുവിളികളെ ഒറ്റയ്ക്ക് മറികടക്കാൻ ശ്രമിക്കുന്നതിനുപകരം ശക്തിക്കായി നാം നമ്മുടെ ദൈവത്തിലേക്ക് നോക്കുമ്പോൾ, അവൻ നമ്മെ പുനഃസ്ഥാപിക്കുകയും പുതുക്കുകയും വിശ്വാസത്തിൽ മുന്നേറാനുള്ള ദൃഢനിശ്ചയം നൽകുകയും ചെയ്യും.
താങ്കൾ എപ്പോഴാണ് അസഹനീയമായ സാഹചര്യങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിച്ചത്? സഹായത്തിനായി താങ്കൾ എങ്ങനെയാണ് ദൈവത്തിലേക്ക് നോക്കിയത്?
പ്രിയ ദൈവമേ, ജീവിതത്തിലെ വെല്ലുവിളികൾ അസഹനീയമാണെന്ന് തോന്നുമ്പോൾ എന്നെ സഹായിച്ചതിന് നന്ദി.