പള്ളിയിലെ ആരാധനാ സംഘം “എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ” എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഞാൻ ആ സ്ത്രീയുടെ പുറകിലെ കസേരയിൽ ഇരുന്നു. ആ സ്ത്രീയുടെ മധുരസ്വരം എന്റേതുമായി ഇണങ്ങിച്ചേർന്നപ്പോൾ, ഞാൻ കൈകൾ ഉയർത്തി ദൈവത്തെ സ്തുതിച്ചു. പിന്നീട് അവളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ, അവളുടെ വരാനിരിക്കുന്ന കാൻസർ ചികിത്സകളിൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം, ലൂയിസ് എന്നോട് പറഞ്ഞു, അവൾ മരിക്കുമെന്ന് ഭയപ്പെടുന്നു. അവളുടെ ആശുപത്രി കിടക്കയിൽ ചാരികൊണ്ട് ഞാൻ അവളുടെ തലയുടെ അരികിൽ തലചായ്ച്ച് ഒരു പ്രാർത്ഥന മന്ത്രിച്ചു, നിശബ്ദമായി ഒരു പാട്ട് പാടി. ഏതാനും ദിവസങ്ങൾക്കുശേഷം ലൂയിസ് യേശുവിനെ മുഖാമുഖം ആരാധിക്കുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ.

മരണത്തെ അഭിമുഖീകരിക്കുന്ന തന്റെ വായനക്കാർക്ക് അപ്പൊസ്തലനായ പൗലൊസ് ആശ്വാസകരമായ ഉറപ്പ് നൽകി (2 കൊരിന്ത്യർ 5:1). നിത്യതയുടെ ഇപ്പുറത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞരക്കത്തിന് കാരണമായേക്കാം, എന്നാൽ നമ്മുടെ പ്രത്യാശ നമ്മുടെ സ്വർഗ്ഗീയ വാസസ്ഥലത്ത് നങ്കൂരമിട്ടിരിക്കുന്നു. അത് യേശുവിനൊപ്പമുള്ള നമ്മുടെ നിത്യമായ വാസത്തെ കാംക്ഷിക്കുന്നു (വാ. 2-4). അവനോടൊപ്പമുള്ള നിത്യജീവിതത്തിനായിട്ടാണ് ദൈവം നമ്മെ രൂപകല്പന ചെയ്തിരിക്കുന്നതെങ്കിലും (വാ. 5-6), അവന്റെ വാഗ്ദാനങ്ങൾ, നാം ഇപ്പോൾ അവനുവേണ്ടി ജീവിക്കുന്ന രീതിയെയും സ്വാധീനിക്കുന്നതാണ് (വാ. 7-10). 

യേശുവിനെ പ്രസാദിപ്പിക്കുന്നവരായി നാം ജീവിക്കുമ്പോൾ, അവൻ മടങ്ങിവരുന്നതിനോ നമ്മെ അവന്റെ ഭവനത്തിലേക്ക് വിളിക്കുന്നതിനോ നാം കാത്തിരിക്കുമ്പോൾ, അവന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ സമാധാനത്തിൽ നമുക്ക് സന്തോഷിക്കാം. നമ്മുടെ ഭൗമിക ശരീരങ്ങൾ ഉപേക്ഷിച്ച് നിത്യതയിൽ യേശുവിനോട് ചേരുന്ന നിമിഷം നമുക്ക് എന്ത് അനുഭവപ്പെടും? നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ!