തന്റെ സഭയിലെ ഒരാൾ തന്റെ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചുവെന്ന് കേട്ടപ്പോൾ, ആകസ്മികമായി ആ മനുഷ്യനെ കണ്ടുമുട്ടാനും അവനോട് സംസാരിക്കുവാനും ഇടയാകണമെന്ന് പാസ്റ്റർ വാറൻ ദൈവത്തോട് പ്രാർത്ഥിച്ചു. അതുപോലെതന്നെ അത് സംഭവിച്ചു! ഒരിക്കൽ വാറൻ ഒരു റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ, അടുത്തുള്ള മേശയിൽ ആ മനുഷ്യനെ കണ്ടു. “വിശക്കുന്ന ഒരാൾക്ക് കുറച്ച് സ്ഥലമുണ്ടോ?” അദ്ദേഹം ചോദിച്ചു, താമസിയാതെ അവർ മനസ്സ് ആഴത്തിൽ പങ്കിടുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

ഒരു പാസ്റ്റർ എന്ന നിലയിൽ, വാറൻ തന്റെ സഭാ സമൂഹത്തിലുള്ളവർക്ക് ഇടയനായി പ്രവർത്തിക്കുകയായിരുന്നു; ദൈവം തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുമെന്ന് പ്രവാചകനായ യെഹെസ്കേൽ മുഖേന പറഞ്ഞതുപോലെ. ചിതറിപ്പോയ തന്റെ ആടുകളെ പരിപാലിക്കുമെന്നും അവയെ രക്ഷിച്ച് ഒരുമിച്ചുകൂട്ടുമെന്നും ദൈവം വാഗ്ദാനം ചെയ്തു (യെഹെസ്കേൽ 34:12-13). “നല്ല മേച്ചൽപ്പുറത്തു ഞാൻ അവയെ മേയിക്കും… കാണാതെ പോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും” (വാ.14-16). തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം ഈ ഓരോ ചിത്രങ്ങളിലൂടെയും പ്രതിഫലിക്കുന്നു. യെഹെസ്‌കേലിന്റെ വാക്കുകൾ ദൈവത്തിന്റെ ഭാവി പ്രവർത്തനങ്ങളെ മുൻകൂട്ടിക്കാണുന്നുണ്ടെങ്കിലും, യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെയും ഇടയന്റെയും നിത്യഹൃദയത്തെ അവ പ്രതിഫലിപ്പിക്കുന്നു.

നമ്മുടെ സാഹചര്യം എന്തുതന്നെയായാലും, ദൈവം നമ്മിൽ ഓരോരുത്തരിലേക്കും എത്തുന്നു, നമ്മെ രക്ഷിക്കാനും സമൃദ്ധമായ മേച്ചിൽപ്പുറങ്ങളിൽ അഭയം നൽകാനും ശ്രമിക്കുന്നു. തന്റെ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ല ഇടയനെ നാം അനുഗമിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു (യോഹന്നാൻ 10:14-15 കാണുക).