തന്റെ ആൺകുട്ടികളെ ദത്തെടുത്ത റഷ്യൻ അനാഥാലയത്തിലെ ഭയാനകമായ നിശബ്ദതയെക്കുറിച്ച് ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ റസ്സൽ മൂർ വിവരിച്ചു. തങ്ങളുടെ കരച്ചിൽ കേട്ട് ആരും പ്രതികരിക്കില്ല എന്നറിഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയതെന്ന് ആരോ തന്നോട് വിശദീകരിച്ചു.

പ്രയാസകരമായ സമയങ്ങൾ നേരിടുമ്പോൾ, ആരും കേൾക്കുന്നില്ലെന്ന് നമുക്കും അനുഭവപ്പെടും. ഏറ്റവും പ്രയാസകരം, ദൈവം തന്നെ നമ്മുടെ നിലവിളി കേൾക്കുകയോ കണ്ണുനീർ കാണുകയോ ചെയ്യുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാൽ അവൻ കേൾക്കുന്നു! അതുകൊണ്ടാണ് പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്ന അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും ഭാഷ നമുക്ക് ആവശ്യമായി വരുന്നത്. സങ്കീർത്തനക്കാർ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുകയും അവരുടെ അവസ്ഥയിൽ അവനോട് പ്രതിഷേധിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 61-ൽ, ദാവീദ് തന്റെ അപേക്ഷകളും പ്രതിഷേധങ്ങളും തന്റെ സ്രഷ്ടാവിന്റെ മുമ്പാകെ കൊണ്ടുവരുന്നു, “എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ, ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.” (വാക്യം 2). ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു, കാരണം അവൻ മാത്രമാണ് തന്റെ “സങ്കേതവും” “ഉറപ്പുള്ള  ഗോപുരവും” (വാ. 3).

സങ്കീർത്തനങ്ങളിലെ അപേക്ഷകളും പ്രതിഷേധങ്ങളും പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തെ സ്ഥിരീകരിക്കുന്നതിനും, അവന്റെ നന്മയ്ക്കായും വിശ്വസ്തതയ്ക്കായും ദൈവത്തോടു അപേക്ഷിക്കാനുമുള്ള ഒരു മാർഗമാണ്. ദൈവത്തോട്ന മുക്ക് അനുഭവിക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവാണ് അവ. പ്രയാസകരമായ നിമിഷങ്ങളിൽ, അവൻ ശ്രദ്ധിക്കുന്നില്ല എന്ന നുണ വിശ്വസിക്കാൻ നമുക്കെല്ലാവർക്കും പ്രലോഭനമുണ്ടാകാം. എന്നാൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ വാക്കുകൾ കേൾക്കുന്നു, അവൻ നമ്മോടൊപ്പമുണ്ട്.