”മരണത്തെ ഭയപ്പെടരുത്, വിന്നി,” ആംഗസ് ടക്ക് പറഞ്ഞു, ”ജീവിക്കാത്ത ജീവിതത്തെ ഭയപ്പെടുക.” പിന്നീട് സിനിമയാക്കിയ ടക്ക് എവർലാസ്റ്റിംഗ് എന്ന പുസ്തകത്തിലെ ആ ഉദ്ധരണി, മരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തിൽ നിന്നാണ് വരുന്നതെന്ന വസ്തുത കൂടുതൽ രസകരമാക്കുന്നു. കഥയിൽ, ടക്ക് കുടുംബം അനശ്വരമായി. വിന്നിയുമായി പ്രണയത്തിലാകുന്ന ചെറുപ്പക്കാരനായ ജെയിംസ് ടക്ക് അവളോടും അമർത്യത തേടാൻ അപേക്ഷിക്കുന്നു, അങ്ങനെ അവർക്ക് എന്നേക്കും ഒരുമിച്ചായിരിക്കാൻ കഴിയും. എന്നാൽ, കേവലം എന്നേക്കും ജീവിക്കുന്നത് പൂർത്തീകരണം നൽകുന്നില്ല എന്ന് ജ്ഞാനിയായ ആംഗസ് മനസ്സിലാക്കുന്നു.
ആരോഗ്യമുള്ളവരും ചെറുപ്പക്കാരും ഊർജ്ജസ്വലരുമായി എന്നേക്കും ജീവിക്കാൻ കഴിയുമെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ സന്തോഷമുള്ളവരായിരിക്കുമെന്ന് നമ്മുടെ സംസ്കാരം പറയുന്നു. എന്നാൽ അവിടെയല്ല നമ്മുടെ സാക്ഷാത്ക്കാരം. ക്രൂശിലേക്ക് പോകുന്നതിനുമുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കും ഭാവി വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. അവൻ പറഞ്ഞു, ‘ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു’ (യോഹന്നാൻ 17:3). യേശുവിലുള്ള വിശ്വാസത്തിലൂടെ ലഭ്യമാകുന്ന ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ ജീവിത സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അവൻ നമ്മുടെ ഭാവിയിലേക്കുള്ള പ്രതീക്ഷയും ഈ വർത്തമാനകാലത്തെ സന്തോഷവുമാണ്.
തന്റെ ശിഷ്യന്മാർ പുതിയ ജീവിതത്തിന്റെ മാതൃകകൾ സ്വീകരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു: അവർ ദൈവത്തെ അനുസരിക്കും (വാ. 6), യേശുവിനെ പിതാവായ ദൈവം അയച്ചതാണെന്ന് വിശ്വസിക്കും (വാ. 8), ഒന്നായി ഐക്യപ്പെടും (വാ. 11). ക്രിസ്തുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അവനോടൊപ്പമുള്ള ഒരു ഭാവി നിത്യജീവിതത്തിനായി നാം കാത്തിരിക്കുന്നു. എന്നാൽ നാം ഭൂമിയിൽ ജീവിക്കുന്ന ഈ ദിവസങ്ങളിൽ, അവൻ വാഗ്ദാനം ചെയ്ത ”സമ്പന്നവും സംതൃപ്തിദായകവുമായ ജീവിതം” (10:10 NLT) നമുക്ക് ജീവിക്കാൻ കഴിയും – ഇവിടെ, ഇപ്പോൾത്തന്നെ.
ഈ ജീവിതത്തിൽ നിങ്ങളുടെ സന്തോഷവും സംതൃപ്തിയും എവിടെയാണ്? ഏതെല്ലാം വിധത്തിലാണ് നിങ്ങൾ ക്രിസ്തുവിലുള്ള പുതിയ ജീവിതം വെളിപ്പെടുത്തുന്നത്?
യേശുവേ, അങ്ങ് എനിക്ക് നൽകിയ സമൃദ്ധമായ ജീവിതം മുറുകെ പിടിക്കാൻ എന്നെ സഹായിക്കണമേ.