“കൂടാരം ക്ഷീണിച്ചിരിക്കുന്നു!” കെനിയയിലെ നെയ്‌റോബിയിൽ ഒരു സഭയിൽ പാസ്റ്ററായിരിക്കുന്ന എന്റെ സുഹൃത്ത് പോളിന്റെ വാക്കുകളായിരുന്നു അത്. 2015 മുതൽ, കൂടാരം പോലുള്ള ഷെഡിലാണ് സഭ ആരാധിക്കുന്നത്. ഇപ്പോൾ, പോൾ എഴുതി, ”ഞങ്ങളുടെ കൂടാരം ജീർണിച്ചിരിക്കുന്നു, മഴ പെയ്യുമ്പോൾ അത് ചോർന്നൊലിക്കുന്നു.”

അവരുടെ കൂടാരത്തിന്റെ ഘടനാപരമായ ബലഹീനതകളെക്കുറിച്ചുള്ള എന്റെ സുഹൃത്തിന്റെ വാക്കുകൾ, നമ്മുടെ മാനുഷിക നിലനിൽപ്പിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു. ”ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു… ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു” (2 കൊരിന്ത്യർ 4:16; 5:4).

നമ്മുടെ ദുർബലമായ മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള അവബോധം താരതമ്യേന ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സംഭവിക്കുന്നുണ്ടെങ്കിലും, പ്രായമാകുന്തോറും നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. തീർച്ചയായും, സമയം നമ്മുടെ പോക്കറ്റടിക്കുന്നു. യുവത്വത്തിന്റെ ചൈതന്യം വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് മനസ്സില്ലാമനസ്സോടെ കീഴടങ്ങുന്നു (സഭാപ്രസംഗി 12:1-7 കാണുക). നമ്മുടെ ശരീരം – നമ്മുടെ കൂടാരങ്ങൾ-ക്ഷീണിച്ചുപോകുന്നു.

എന്നാൽ ക്ഷീണിച്ച കൂടാരങ്ങൾ ക്ഷീണിച്ച വിശ്വാസത്തിന് തുല്യമാകേണ്ടതില്ല. പ്രായമാകുമ്പോൾ പ്രതീക്ഷയും ഹൃദയവും മങ്ങേണ്ടതില്ല. “അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല,” അപ്പൊസ്തലൻ പറയുന്നു (2 കൊരിന്ത്യർ 4:16). നമ്മുടെ ശരീരങ്ങളെ ഉണ്ടാക്കിയവൻ തന്റെ ആത്മാവിലൂടെ നമ്മിൽ വസിക്കുന്നു. ഈ ശരീരത്തിന് മേലാൽ നമ്മെ സേവിക്കാൻ കഴിയാതെ വരുമ്പോൾ, ഒടിവുകൾക്കും വേദനകൾക്കും വിധേയമല്ലാത്ത ഒരു വാസസ്ഥലം നമുക്കുണ്ടാകും – നമുക്ക് ‘കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു’ (5:1).