“അയ്യോ!” റിപ്പയർ ട്രക്ക് എന്റെ മുന്നിൽ പെട്ടെന്നു നിർത്തിയപ്പോൾ ഞാൻ അലറി.

അപ്പോഴാണ് ഞാൻ മെസ്സേജ് കണ്ടത്: “എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?” ഒപ്പം ഒരു ഫോൺ നമ്പറും. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. ഞാൻ എന്തിനാണ് വിളിക്കുന്നതെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഞാൻ എന്റെ നിരാശ പറഞ്ഞു. അവൾ ട്രക്കിന്റെ നമ്പർ എഴുതിയെടുത്തു. എന്നിട്ട് അവൾ ക്ഷീണത്തോടെ പറഞ്ഞു, “നിങ്ങൾക്കറിയാമോ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെക്കുറിച്ച് അറിയിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും വിളിക്കാം.”

അവളുടെ തളർന്ന വാക്കുകൾ തൽക്ഷണം എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി. ജാള്യത എന്നെ അലട്ടി. ‘നീതി’ക്കുവേണ്ടിയുള്ള തീക്ഷ്ണതയിൽ, എന്റെ രോഷം നിറഞ്ഞ സ്വരം ഈ സ്ത്രീയെ അവളുടെ പ്രയാസകരമായ ജോലിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല. എന്റെ വിശ്വാസവും ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമില്ലായ്മ – ആ നിമിഷത്തിൽ – വിനാശകരമായിരുന്നു.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ബോധ്യങ്ങളും തമ്മിലുള്ള വിടവിലാണ് യാക്കോബിന്റെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാക്കോബ് 1:19-20-ൽ നാം വായിക്കുന്നു,“പ്രിയസഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” പിന്നീട്, അവൻ കൂട്ടിച്ചേർക്കുന്നു, “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ” (വാ. 22).

നമ്മളാരും തികഞ്ഞവരല്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ “ഡ്രൈവിംഗിന്” സഹായം ആവശ്യമാണ്, അത് ഏറ്റുപറച്ചിലിൽ തുടങ്ങുകയും നമ്മുടെ സ്വഭാവത്തിന്റെ പരുക്കൻ അരികുകൾ മിനുസപ്പെടുത്തുന്നത് തുടരാൻ അവനെ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് സഹായം ചോദിക്കുകയും ചെയ്യുന്നു.