ഒരു മാരത്തൺ ഓടുന്നത് ശാരീരികമായും മാനസികമായും നിങ്ങളെ സ്വം മുന്നോട്ടു തള്ളിവിടാൻ പ്രേരിപ്പിക്കുന്നതാണ്. എന്നിരുന്നാലും, ഒരു ഹൈസ്കൂൾ ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം, ഒരു ക്രോസ്-കൺട്രി ഓട്ടത്തിൽ മത്സരിക്കുന്നത് മറ്റാരെയെങ്കിലും തള്ളിവിടുക എന്നതാണ്. എല്ലാ പരിശീലനത്തിലും മത്സരത്തിലും, പതിനാലുകാരിയായ സൂസൻ ബെർഗെമാൻ തന്റെ ജ്യേഷ്ഠൻ ജെഫ്രിയെ വീൽചെയറിൽ മുന്നോട്ടുതള്ളുന്നു. ജെഫ്രിക്ക് ഇരുപത്തിരണ്ട് മാസം പ്രായമുള്ളപ്പോൾ, അദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായി – തൽഫലമായി ഗുരുതരമായ മസ്തിഷ്ക ക്ഷതവും സെറിബ്രൽ പാൾസിയും സംഭവിച്ചു. ഇന്ന്, സൂസൻ വ്യക്തിഗത ഓട്ട് ലക്ഷ്യങ്ങൾ ത്യജിച്ചിട്ട് ജെഫ്രിയെ മത്സരിപ്പിക്കുന്നു. എന്തൊരു സ്നേഹവും ത്യാഗവും!
”സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായി” ഉള്ളവരായിരിക്കാൻ (റോമർ 12:10) തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചപ്പോൾ അപ്പോസ്തലനായ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് സ്നേഹവും ത്യാഗവും ആയിരുന്നു. റോമിലെ വിശ്വാസികൾ അസൂയ, കോപം, കഠിനമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയാൽ മല്ലിടുന്നത് അവനറിയാമായിരുന്നു (വാ. 18). അതുകൊണ്ട്, ദൈവിക സ്നേഹം അവരുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കണമെന്ന് അവൻ അവരെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയ ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവരുടെ സാധ്യമായ ഏറ്റവും ഉയർന്ന നന്മയ്ക്കായി പോരാടും. അത് ആത്മാർത്ഥമായിരിക്കും, അത് ഉദാരമായ പങ്കുവെക്കലിലേക്ക് നയിക്കും (വാ. 13). ഈ രീതി ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരെ തങ്ങളേക്കാൾ ബഹുമാനത്തിന് യോഗ്യരായി കണക്കാക്കാൻ ഉത്സുകരാണ് (വാ. 16).
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, ഓട്ടം പൂർത്തിയാക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം സ്നേഹത്തിന്റെ ഓട്ടം ഓടുകയാണ്. അത് പ്രയാസകരമാണെങ്കിലും, അത് യേശുവിന് മഹത്വം കൈവരുത്തുന്നു. അതിനാൽ, മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും നമ്മെ ശക്തിപ്പെടുത്താൻ അവനിൽ ആശ്രയിക്കാം.
ദൈവം അവരെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണ്? സ്നേഹം വികാരത്തേക്കാൾ കൂടുതലാണെന്ന് യേശു വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?
സ്നേഹത്തിന്റെ ദൈവമേ, സ്നേഹത്തിനും നിന്റെ മഹത്വത്തിനും വേണ്ടി, ഞാൻ എന്നെക്കുറിച്ചുതന്നേ ചിന്തിക്കുന്നതിനുമുമ്പ് മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാൻ എന്നെ സഹായിക്കണമേ.