തിരക്കേറിയ ഒരു തെരുവിലൂടെ തന്റെ ഊർജ്ജസ്വലരായ നാല് കുഞ്ഞുങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ഒരു വൈറൽ വീഡിയോ എന്റെ മുഖത്ത് പുഞ്ചിരി പടർത്തി. അതെനിക്കു പരിചിതമായ അനുഭവമായിരുന്നു. അവൾ തന്റെ കുഞ്ഞുങ്ങളെ ഒന്നൊന്നായി എടുത്ത് റോഡിന് കുറുകെ എത്തിക്കുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു – കുട്ടികൾ വീണ്ടും മറുവശത്തേക്ക് ഓടിക്കൊണ്ടിരുന്നു. നിരാശാജനകമെന്ന് തോന്നുന്ന നിരവധി ശ്രമങ്ങൾക്ക് ശേഷം, അമ്മക്കരടി ഒടുവിൽ അവളുടെ നാല് കുഞ്ഞുങ്ങളെയും ഒരുമിച്ചുകൂട്ടി അവയെ സുരക്ഷിതമായി റോഡിന് അപ്പുറം എത്തിച്ചു.

വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന രക്ഷാകർത്തൃത്വത്തിന്റെ അക്ഷീണമായ ജോലി, തെസ്സലൊനീക്യ സഭയിലെ ആളുകളോടുള്ള തന്റെ കരുതലിനെ വിവരിക്കാൻ പൗലൊസ് ഉപയോഗിച്ച ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നു. തന്റെ അധികാരത്തെ ഊന്നിപ്പറയുന്നതിനുപകരം, അപ്പൊസ്തലൻ അവരുടെ ഇടയിലെ തന്റെ ജോലിയെ കൊച്ചുകുട്ടികളെ പരിപാലിക്കുന്ന അമ്മയോടും പിതാവിനോടും താരതമ്യം ചെയ്തു (1 തെസ്സലൊനീക്യർ 2:7,12). തെസ്സലൊനീക്യരോടുള്ള അഗാധമായ സ്‌നേഹമാണ് (വാ. 8) “ദൈവത്തിനു യോഗ്യമായി നടപ്പാൻ തക്കവണ്ണം” (വാ. 11) അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമുള്ള പൗലൊസിന്റെ തുടർച്ചയായ ശ്രമങ്ങളെ പ്രേരിപ്പിച്ചത്. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ ദൈവത്തെ ബഹുമാനിക്കുന്നത് കാണാനുള്ള അവന്റെ സ്‌നേഹപൂർവമായ ആഗ്രഹത്തിൽ നിന്നാണ് ദൈവിക ജീവിതത്തിലേക്കുള്ള ഈ വികാരാധീനമായ ആഹ്വാനം ഉണ്ടായത്.

നമ്മുടെ എല്ലാ നേതൃത്വ അവസരങ്ങളിലും – പ്രത്യേകിച്ചും ഉത്തരവാദിത്വങ്ങൾ നമ്മെ തളർത്തുമ്പോൾ, പൗലൊസിന്റെ മാതൃക നമുക്ക് ഒരു വഴികാട്ടിയായി വർത്തിക്കും. ദൈവാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടതിനാൽ, നമ്മുടെ സംരക്ഷണത്തിൻ കീഴിലുള്ളവരെ യേശുവിങ്കലേക്ക് ഉത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്തുകൊണ്ട് നമുക്ക് സൗമ്യമായും സ്ഥിരതയോടെയും അവരെ സ്‌നേഹിക്കാൻ കഴിയും.