എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്‌കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. ‘മനോഹരമായ ഘടകം’ എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം – അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ ‘ആരാധനാ’ പാത്രങ്ങളാണ്.

“ശരി, അതു വ്യക്തമാണല്ലോ!” എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: “അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.”

ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു “എംആർഐ ചിത്രം” വരയ്ക്കുന്നു: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്‌നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, “നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.” സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: “അവരുടെ കഷ്ടതയിലൊക്കെയും അവൻ കഷ്ടപ്പെട്ടു” (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: “യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു” (സങ്കീർത്തനം 149:4).

നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.