എമോറി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ മുത്തശ്ശിമാരുടെ തലച്ചോറിനെക്കുറിച്ച് പഠിക്കാൻ എംആർഐ സ്കാനുകൾ ഉപയോഗിച്ചു. സ്വന്തം പേരക്കുട്ടിയുടെയും പ്രായപൂർത്തിയായ സ്വന്തം മകന്റെയും/മകളുടെയും അജ്ഞാതനായ ഒരു കുട്ടിയുടെയും ചിത്രങ്ങളോടുള്ള സഹാനുഭൂതിയുടെ പ്രതികരണങ്ങൾ അവർ അളന്നു. പ്രായപൂർത്തിയായ സ്വന്തം മക്കളോടുള്ളതിനെക്കാൾ മുത്തശ്ശിമാർക്ക് സ്വന്തം പേരക്കുട്ടിയോട് ഉയർന്ന സഹാനുഭൂതി ഉണ്ടെന്ന് പഠനം തെളിയിച്ചു. ‘മനോഹരമായ ഘടകം’ എന്ന് അവർ വിളിക്കുന്ന ഒന്നാണ് ഇതിന് കാരണം – അവരുടെ സ്വന്തം പേരക്കുട്ടി മുതിർന്നവരേക്കാൾ കൂടുതൽ ‘ആരാധനാ’ പാത്രങ്ങളാണ്.
“ശരി, അതു വ്യക്തമാണല്ലോ!” എന്ന് പറയുന്നതിന് മുമ്പ്, പഠനം നടത്തിയ ജെയിംസ് റില്ലിംഗിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം: “അവരുടെ പേരക്കുട്ടി പുഞ്ചിരിക്കുകയാണെങ്കിൽ, [മുത്തശ്ശി] കുട്ടിയുടെ സന്തോഷം അനുഭവിക്കുന്നു. അവരുടെ പേരക്കുട്ടി കരയുകയാണെങ്കിൽ, അവർക്ക് കുട്ടിയുടെ വേദനയും വിഷമവും അനുഭവപ്പെടുന്നു.”
ഒരു പ്രവാചകൻ തന്റെ ജനത്തെ നോക്കിയിട്ട് ദൈവത്തിന്റെ വികാരങ്ങളുടെ ഒരു “എംആർഐ ചിത്രം” വരയ്ക്കുന്നു: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17). ചിലർ ഇത് ഇങ്ങനെ വിവർത്തനം ചെയ്യുന്നു, “നീ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും, അവൻ ഉച്ചത്തിൽ പാടും.” സഹാനുഭൂതിയുള്ള ഒരു മുത്തശ്ശിയെപ്പോലെ, ദൈവം നമ്മുടെ വേദന അനുഭവിക്കുന്നു: “അവരുടെ കഷ്ടതയിലൊക്കെയും അവൻ കഷ്ടപ്പെട്ടു” (യെശയ്യാവ് 63:9), അവൻ നമ്മുടെ സന്തോഷം അനുഭവിക്കുന്നു: “യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു” (സങ്കീർത്തനം 149:4).
നമുക്ക് നിരുത്സാഹം തോന്നുമ്പോൾ, ദൈവത്തിന് നമ്മോട് യഥാർത്ഥ വികാരങ്ങളുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അവൻ ഒരു നിസംഗനായ, അകലെയുള്ള ദൈവമല്ല, മറിച്ച് നമ്മെ സ്നേഹിക്കുകയും നമ്മിൽ സന്തോഷിക്കുകയും ചെയ്യുന്നവനാണ്. അവനോട് അടുക്കാനും അവന്റെ പുഞ്ചിരി അനുഭവിക്കാനും അവന്റെ ഗാനം കേൾക്കാനുമുള്ള സമയമാണിത്.
ദൈവത്തിന്റെ പ്രീതി നിങ്ങൾക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്? ഇത് നിങ്ങളിൽ എന്തു വികാരമാണ് ഉളവാക്കിയത്?
പ്രിയ ദൈവമേ, എന്നെപ്രതിയുള്ള അങ്ങയുടെ പുഞ്ചിരി അനുഭവിക്കാൻ എന്നെ സഹായിക്കണമേ.