ഫിസിക്സ് എന്ന പുസ്തകത്തിൽ, എഴുത്തുകാരായ ചാൾസ് റിബോർഗ് മാനും ജോർജ്ജ് റാൻസം ട്വിസും ചോദിക്കുന്നു: “ഏകാന്തമായ ഒരു വനത്തിൽ ഒരു മരം വീഴുമ്പോൾ, ഒരു മൃഗവും അത് കേൾക്കാൻ അടുത്തില്ലെങ്കിൽ, അത് ശബ്ദം ഉണ്ടാക്കുമോ?” ഈ ചോദ്യം വർഷങ്ങളായി, ശബ്ദം, ധാരണ, അസ്തിത്വം എന്നിവയെക്കുറിച്ചുള്ള ദാർശനികവും ശാസ്ത്രീയവുമായ ചർച്ചകളെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഒരു കൃത്യമായ ഉത്തരം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഒരു രാത്രി, ഞാൻ ആരോടും പങ്കുവയ്ക്കാത്ത ഒരു പ്രശ്നത്തെക്കുറിച്ച് ഏകാന്തതയും സങ്കടവും തോന്നിയപ്പോൾ, ഞാൻ ഈ ചോദ്യം ഓർത്തു. സഹായത്തിനായുള്ള എന്റെ നിലവിളി ആരും കേൾക്കാത്തപ്പോൾ, ഞാൻ ചിന്തിച്ചു, ദൈവം കേൾക്കുന്നുണ്ടോ?
മരണഭീഷണിയെ അഭിമുഖീകരിക്കുകയും നിരാശയാൽ മൂടപ്പെടുകയും ചെയ്തപ്പോൾ, 116-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് താൻ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിരിക്കാം. അതിനാൽ അവൻ ദൈവത്തെ വിളിച്ചു – അവൻ കേൾക്കുന്നുണ്ടെന്നും അവനെ സഹായിക്കുമെന്നും അറിഞ്ഞു. സങ്കീർത്തനക്കാരൻ എഴുതി, “യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചു” (വാ. 1-2). നമ്മുടെ വേദന ആരും അറിയാത്തപ്പോഴും ദൈവത്തിനറിയാം. നമ്മുടെ നിലവിളി ആരും കേൾക്കാത്തപ്പോഴും ദൈവം കേൾക്കുന്നു.
ദൈവം തന്റെ സ്നേഹവും സംരക്ഷണവും നമ്മോട് കാണിക്കുമെന്ന് അറിയുന്നത് (വാ. 5-6), പ്രയാസകരമായ സമയങ്ങളിൽ നമ്മെ സ്വസ്ഥമായിരിക്കാൻ സഹായിക്കും (വാ. 7). “സ്വസ്ഥത” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (മനോഖാ) ശാന്തവും സുരക്ഷിതവുമായ ഒരു സ്ഥലത്തെ വിവരിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യവും സഹായവും ഉറപ്പുനൽകുന്നതിനാൽ നമുക്ക് സമാധാനത്തിൽ ആയിരിക്കാം.
മാനും ട്വിസും ഉന്നയിച്ച ചോദ്യം നിരവധി ഉത്തരങ്ങളിലേക്ക് നയിച്ചു. എന്നാൽ ദൈവം കേൾക്കുന്നുണ്ടോ? എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉണ്ട് എന്നാണ്.
നിങ്ങൾ തനിച്ചായിരിക്കുമ്പോഴോ കൈവിടപ്പെടുമ്പോഴോ നിങ്ങൾ എന്തുചെയ്യും? നിങ്ങളുടെ എല്ലാ നിലവിളികളും കേൾക്കുകയും നിങ്ങളെ പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തോട് നിങ്ങൾ എന്ത് ചോദിക്കും?
പിതാവേ, എന്റെ ഹൃദയത്തിന്റെ നിലവിളി എപ്പോഴും കേൾക്കുന്നതിന് നന്ദി. അങ്ങയുടെ സഹായവും സാന്നിധ്യവുമാണ് എന്റെ വിശ്രമം.