ആഴ്ചയിലൊരിക്കൽ അമ്മയെ വിളിക്കുന്നത് മാഡലീൻ എൽ’എൻഗിൾ ഒരു ശീലമാക്കി. അവളുടെ അമ്മ കൂടുതൽ വാർദ്ധക്യത്തിലേക്കു നീങ്ങിയപ്പോൾ, ആ പ്രിയപ്പെട്ട ആത്മീയ എഴുത്തുകാരി അമ്മയുമായുള്ള ബന്ധം “ശക്തിപ്പെടുത്താൻ വേണ്ടി” കൂടുതൽ തവണ വിളിച്ചു. അതുപോലെ, മാഡലീൻ തന്റെ മക്കളെ വിളിക്കാനും ആ ബന്ധം നിലനിർത്താനും ഇഷ്ടപ്പെട്ടു. ചിലപ്പോഴൊക്കെ കാര്യമായ ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ ഒരു നീണ്ട സംഭാഷണമായിരുന്നു അത്. മറ്റ് സമയങ്ങളിൽ ഫോൺനമ്പർ ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പുവരുത്താനുള്ള ഒരു കോൾ മാത്രമാകും. അവൾ തന്റെ വാക്കിംഗ് ഓൺ വാട്ടർ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, “കുട്ടികൾ സമ്പർക്കം പുലർത്തുന്നത് നല്ലതാണ്. കുട്ടികളായ നാമെല്ലാവരും പിതാവുമായി സമ്പർക്കം പുലർത്തുന്നത് അതിലേറെ നല്ലതാണ്.”
മത്തായി 6:9-13-ലെ കർത്താവിന്റെ പ്രാർത്ഥന നമ്മിൽ മിക്കവർക്കും പരിചിതമാണ്. എന്നാൽ അതിനുമുമ്പുള്ള വാക്യങ്ങൾ വളരെ പ്രധാനമാണ്, കാരണം അവ തുടർന്നുള്ള കാര്യങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ “മറ്റുള്ളവർ കാണുന്നതിനായി” (വാ. 5) പ്രകടനമാകരുത്. നമ്മുടെ പ്രാർത്ഥനകൾ എത്ര ദൈർഘ്യമുള്ളതായിരിക്കണം എന്നതിന് ഒരു പരിധിയുമില്ലെങ്കിലും, “അതിഭാഷണം” (വാ. 7) സ്വയമേവ ഗുണമേന്മയുള്ള പ്രാർത്ഥനയ്ക്ക് തുല്യമാകില്ല. ‘[നാം] അവനോട് യാചിക്കുംമുമ്പ്” (വാ. 8) നമ്മുടെ ആവശ്യം അറിയുന്ന നമ്മുടെ പിതാവുമായി പതിവായി സമ്പർക്കം പുലർത്തുന്നതിനാണ് ഊന്നൽ നൽകുന്നത്. നമ്മുടെ പിതാവുമായി സമ്പർക്കം പുലർത്തുന്നത് എത്ര നല്ലതാണെന്ന് യേശു ഊന്നിപ്പറയുന്നു. എന്നിട്ട് നമ്മോട് നിർദ്ദേശിക്കുന്നു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ” (വാ.9).
പ്രാർത്ഥന ഒരു നല്ലതും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണ്, കാരണം അത് നമ്മുടെ എല്ലാവരുടെയും പിതാവും ദൈവവുമായവനുമായുള്ള ബന്ധം നിലനിർത്തുന്നു.
നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ കഴിയും? പിതാവുമായി സമ്പർക്കം പുലർത്തുന്നത് നിങ്ങൾ എങ്ങനെയാണ് അനുഭവിക്കുന്നത്?
പിതാവേ, എന്റെ ആവശ്യങ്ങൾ ഞാൻ സംസാരിക്കുന്നതിന് മുമ്പ് അറിയുന്നതിന് നന്ദി.