നിങ്ങൾക്ക് ഉണരാൻ കഴിയാത്ത ഒരു സ്വപ്നത്തിൽ ജീവിക്കുന്നതുപോലെയാണത്. ചിലപ്പോൾ ‘ഡീറിയലൈസേഷൻ’ അല്ലെങ്കിൽ ‘ഡിപേഴ്സണലൈസേഷൻ’ എന്ന് വിളിക്കപ്പെടുന്ന കാര്യത്തോടു പൊരുതുന്ന ആളുകൾക്ക് പലപ്പോഴും തങ്ങൾക്ക് ചുറ്റുമുള്ളതൊന്നും യഥാർത്ഥമല്ലെന്ന് തോന്നും. സ്ഥിരമായി ഈ വികാരം ഉള്ളവർക്ക് ഒരു മാനസിക അപഭ്രംശം ഉണ്ടെന്ന് കണ്ടെത്താനാകുമെങ്കിലും, ഇതൊരു സാധാരണ മാനസികപ്രശ്നമാണെന്ന് വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് സമ്മർദ്ദം അനുഭവിക്കുന്ന സമയങ്ങളിൽ. എന്നാൽ ചിലപ്പോഴൊക്കെ ജീവിതം നല്ലരീതിയിൽ പോകുമ്പോഴും ആ തോന്നൽ നിലനിൽക്കും. നല്ല കാര്യങ്ങളാണ് ശരിക്കും സംഭവിക്കുന്നതെന്ന് നമ്മുടെ മനസ്സിന് വിശ്വസിക്കാൻ കഴിയാത്തതുപോലെയാണത്.
ചില സമയങ്ങളിൽ ദൈവത്തിന്റെ ശക്തിയും വിടുതലും ഒരു സ്വപ്നമല്ല യാഥാർത്ഥ്യമാണെന്നു വിശ്വസിക്കാൻ കഴിയാത്ത ദൈവജനത്തിന്റെ സമാനമായ പോരാട്ടത്തെ തിരുവെഴുത്ത് വിവരിക്കുന്നുണ്ട്. അ. പ്രവൃത്തികൾ 12-ൽ, ഒരു ദൂതൻ പത്രൊസിനെ ജയിലിൽ നിന്നും വിടുവിച്ചശേഷം – പ്രതീക്ഷിച്ചിരുന്ന വധശിക്ഷയിൽ നിന്ന് (വാ. 2, 4) – അതു യാഥാർത്ഥ്യമാണോയെന്ന് അപ്പൊസ്തലൻ വിസ്മയിച്ചതായി വിവരിച്ചിരിക്കുന്നു. “ദൂതൻ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താൻ ഒരു ദർശനം കാണുന്നു എന്നു നിരൂപിച്ചു” (വാ. 9-10). ദൂതൻ അവനെ ജയിലിന് പുറത്ത് കൊണ്ടുവന്നപ്പോൾ, ഒടുവിൽ പത്രൊസിനു “സുബോധം വന്നിട്ടു” എല്ലാം യഥാർത്ഥമാണെന്ന് മനസ്സിലാക്കി (വാ. 11).
മോശം സമയങ്ങളിലും നല്ല സമയങ്ങളിലും, ദൈവം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കാനോ അനുഭവിക്കാനോ ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ പുനരുത്ഥാന ശക്തി ഒരു ദിവസം അനിഷേധ്യവും അതിശയകരവുമായ യാഥാർത്ഥ്യമായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. ദൈവത്തിന്റെ വെളിച്ചം, നമ്മുടെ ഉറക്കത്തിൽ നിന്ന് അവനോടൊത്തുള്ള ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് നമ്മെ ഉണർത്തും (എഫെസ്യർ 5:14).
ദൈവത്തിന്റെ ശക്തിയും സ്നേഹവും അനുഭവിക്കാൻ നിങ്ങൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? അവന്റെ സ്നേഹം നിങ്ങൾക്ക് എങ്ങനെ കൂടുതൽ സ്പഷ്ടമായി അനുഭവിക്കാൻ കഴിയും?
ദൈവമേ, നല്ല സമയത്തും മോശമായ സമയത്തും, എനിക്ക് അനുഭവിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും, പുതിയ ജീവിതവും പ്രത്യാശയും സൃഷ്ടിച്ചുകൊണ്ട് അങ്ങ് യഥാവാനാണെന്നതിനു നന്ദി.