രാവിലെ തീവണ്ടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ കാണുമ്പോൾ, “തിങ്കളാഴ്ച നിരാശ” കടന്നുപിടിച്ചതായി എനിക്ക് തോന്നി. തിരക്കേറിയ ക്യാബിനിലുള്ളവരുടെ ഉറക്കം തൂങ്ങിയ മുഖങ്ങളിൽ നിന്ന്, ആരും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുമായിരുന്നു. ചിലർ സ്ഥലത്തിനായി തിരക്കുകൂട്ടുകയും കൂടുതൽ പേർ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ട് പലരും മുഖം ചുളിച്ചു. ഇതാ ഞങ്ങൾ വീണ്ടും പോകുന്നു, ഓഫീസിലെ മറ്റൊരു മുഷിപ്പൻ ദിനം.
അപ്പോൾ, ഒരു വർഷം മുമ്പ് ട്രെയിനുകൾ ശൂന്യമായിരുന്നു എന്നത് ഞാൻ ചിന്തിച്ചു. കാരണം കോവഡ്-19 ലോക്ക്ഡൗൺ ഞങ്ങളുടെ ദൈനംദിന ദിനചര്യകളെ താറുമാറാക്കിയിരുന്നു. ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും പോകാൻ കഴിഞ്ഞില്ല, ചിലർക്ക് ഓഫീസിൽ പോകുന്നത് മുടങ്ങി. എന്നാൽ ഇപ്പോൾ ഞങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി, പലരും ജോലിയിലേക്ക് മടങ്ങുകയായിരുന്നു – പതിവുപോലെ. ‘പതിവ്,’ നല്ല വാർത്തയാണെന്നു ഞാൻ മനസ്സിലാക്കി, ‘ബോറടിക്കുന്നത്’ ഒരു അനുഗ്രഹമായിരുന്നു!
ദൈനംദിന അധ്വാനത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച് ചിന്തിച്ചതിനു ശേഷം ശലോമോൻ രാജാവ് സമാനമായ ഒരു നിഗമനത്തിലെത്തി (സഭാപ്രസംഗി 2:17-23). ചില സമയങ്ങളിൽ, അത് അനന്തവും ‘അർത്ഥരഹിതവും,’ പ്രതിഫലം നൽകാത്തതും ആയി കാണപ്പെട്ടു (വാ. 21). എന്നാൽ ഓരോ ദിവസവും ഭക്ഷണം കഴിക്കാനും കുടിക്കാനും ജോലി ചെയ്യാനും കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്ന് അവൻ മനസ്സിലാക്കി (വാ. 24).
നമുക്ക് ദിനചര്യകൾ ഇല്ലാതാകുമ്പോഴാണ്, ഈ ലളിതമായ പ്രവർത്തനങ്ങൾ ഒരു ആഡംബരമാണെന്ന് നമുക്ക് കാണാൻ കഴിയുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും നമ്മുടെ എല്ലാ പ്രയത്നങ്ങളിലും സംതൃപ്തി കണ്ടെത്താനും കഴിയുന്നതിന് ദൈവത്തിന് നന്ദി പറയാം, കാരണം ഇത് അവന്റെ ദാനമാണ് (3:13).
പ്രിയ ദൈവമേ, എന്റെ 'സാധാരണ' ദിനചര്യകൾക്ക് നന്ദി, ചിലപ്പോൾ അവ എത്ര വിരസമായി തോന്നിയാലും. ജീവിതത്തിലെ അങ്ങയുടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ.