തൊണ്ണൂറ്റി നാല് വയസ്സുള്ള ജർമ്മൻ ദൈവശാസ്ത്രജ്ഞനായ ജർഗൻ മോൾട്ട്മാൻ എഴുതിയ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ചർച്ചയ്ക്കിടെ, ഒരു അഭിമുഖക്കാരൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ എങ്ങനെയാണ് പരിശുദ്ധാത്മാവിനെ പ്രവർത്തനക്ഷമമാക്കുന്നത്? നിങ്ങൾ ഒരു ഗുളിക കഴിക്കുമോ? ഫാർമസ്യൂട്ടിക്കൽ കമ്പനികൾ [ആത്മാവിനെ വിതരണം] ചെയ്യുന്നുണ്ടോ?” മോൾട്ട്മാന്റെ പുരികങ്ങൾ ഉയർന്നു. തല കുലുക്കി അദ്ദേഹം ചിരിച്ചു, ഉച്ചാരണഭേദമുള്ള ഇംഗ്ലീഷിൽ മറുപടി പറഞ്ഞു. “എനിക്കെന്തു ചെയ്യാൻ കഴിയും? ഒന്നും ചെയ്യേണ്ടതില്ല. ആത്മാവിനായി കാത്തിരിക്കുക, ആത്മാവ് വരും.”
നമ്മുടെ ഊർജ്ജവും വൈദഗ്ധ്യവുമാണ് കാര്യങ്ങളെ സംഭവിപ്പിക്കുന്നത് എന്ന നമ്മുടെ തെറ്റായ വിശ്വാസത്തെ മോൾട്ട്മാൻ ഉയർത്തിക്കാട്ടി. ദൈവം കാര്യങ്ങൾ സംഭവിപ്പിക്കുന്നുവെന്ന് അപ്പൊ. പ്രവൃത്തികൾ വെളിപ്പെടുത്തുന്നു. സഭയുടെ തുടക്കത്തിൽ, അതിന് മാനുഷിക തന്ത്രവുമായോ ശ്രദ്ധേയമായ നേതൃത്വവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. പകരം, പരിഭ്രാന്തരും നിസ്സഹായരും അമ്പരപ്പുള്ളവരുമായ ശിഷ്യന്മാർ ഇരുന്ന മുറിയിലേക്കാണ് ആത്മാവ് “കൊടിയ കാറ്റടിക്കുന്നതുപോലെ” എത്തിയത് (2:2). അടുത്തതായി, ഭിന്നതയുള്ള ആളുകളെ ഒരു പുതിയ സമൂഹത്തിലേക്ക് കൂട്ടിച്ചേർത്ത് ആത്മാവ് എല്ലാ വംശീയ മേധാവിത്വങ്ങളെയും തകർത്തു. തങ്ങളുടെ ഉള്ളിൽ ദൈവം ചെയ്യുന്നതെന്തെന്ന് കണ്ട് ശിഷ്യന്മാരും ആരെയും പോലെ ഞെട്ടി. അവർ ഒന്നും സംഭവിപ്പിച്ചില്ല; ‘ആത്മാവ് അവരെ പ്രാപ്തമാക്കി’ (വാ. 4).
സഭയും – ലോകത്തിലെ നമ്മുടെ പങ്കിട്ട ജോലിയും – നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൊണ്ടല്ല നിർവചിക്കപ്പെടുന്നത്. ആത്മാവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ നാം പൂർണ്ണമായും ആശ്രയിക്കുന്നു. ധൈര്യത്തോടെയും സ്ഥിരതയോടെയും ആയിരിക്കാൻ ആത്മാവ് നമ്മെ അനുവദിക്കുന്നു. പെന്തെക്കൊസ്ത്ത് ആഘോഷിക്കുന്ന ഈ ദിനത്തിൽ നമുക്ക് ആത്മാവിനായി കാത്തിരിക്കുകയും പ്രതികരിക്കുകയും ചെയ്യാം.
നിങ്ങളുടെ സ്വന്തം പരിശ്രമത്തിലോ സ്ഥിരോത്സാഹത്തിലോ ആശ്രയിക്കാൻ നിങ്ങൾ എങ്ങനെയാണ് പ്രലോഭിപ്പിക്കപ്പെടുന്നത്? ആത്മാവിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കായി നിങ്ങൾ എവിടെയാണ് കാത്തിരിക്കേണ്ടത്?
ദൈവമേ, കാര്യങ്ങളെ ഞാൻ സംഭവിപ്പിക്കണം എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്നെത്തന്നെ തളർത്തി. പരിശുദ്ധാത്മാവേ, വന്ന് എന്നെ സഹായിക്കണമേ.