യുഎസും കാനഡയും പങ്കിടുന്നതാണ് രണ്ടുരാജ്യങ്ങൾക്കിടയിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി. വെള്ളത്തിലും കരയിലുമായി അവിശ്വസനീയമെന്നു തോന്നുന്ന 5,525 മൈൽ (8892 കി.മീ.) ദൈർഘ്യമാണിതിനുള്ളത്. അതിർത്തി രേഖ തെറ്റാതിരിക്കാൻ അതിർത്തിയുടെ ഇരുവശത്തും പത്തടി വീതിയിൽ മരങ്ങൾ തൊഴിലാളികൾ സ്ഥിരമായി മുറിച്ചുമാറ്റുന്നു. “സ്ലാഷ്” എന്ന് വിളിക്കപ്പെടുന്ന ഈ നീളമുള്ള അതിർത്തിയിൽ എണ്ണായിരത്തിലധികം അടയാളക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ വിഭജന രേഖ എവിടെയാണെന്ന് സന്ദർശകർക്ക് എളുപ്പത്തിൽ തിരിച്ചറിയാം.

“സ്ലാഷിന്റെ” പേരിലുള്ള വനനശീകരണം സർക്കാരുകളുടെയും സംസ്‌കാരങ്ങളുടെയും വേർതിരിവിനെ പ്രതിനിധീകരിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമുക്കിടയിലുള്ള അത്തരം വേർതിരിവുകളെ ദൈവം മാറ്റിമറിക്കുകയും ലോകമെമ്പാടുമുള്ള എല്ലാ ജനതകളെയും തന്റെ ഭരണത്തിൻ കീഴിൽ ഒന്നിപ്പിക്കുകയും ചെയ്യുന്ന ഒരു സമയത്തിനായി, നാം കാത്തിരിക്കുകയാണ്. യെശയ്യാ പ്രവാചകൻ തന്റെ ആലയം സുസ്ഥിരമായി സ്ഥാപിക്കപ്പെടുകയും ഉന്നതമാക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയെക്കുറിച്ച് സംസാരിച്ചു (യെശയ്യാവ് 2:2). ദൈവത്തിന്റെ വഴികൾ പഠിക്കാനും “അവന്റെ പാതകളിൽ നടക്കാനും” എല്ലാ ജനതകളിൽ നിന്നുമുള്ള ആളുകൾ അന്ന് ഒത്തുചേരും (വാ. 3). സമാധാനം നിലനിറുത്തുന്നതിൽ പരാജയപ്പെടുന്ന മനുഷ്യപ്രയത്‌നങ്ങളിൽ നാം ഇനിമേൽ ആശ്രയിക്കുകയില്ല. നമ്മുടെ യഥാർത്ഥ രാജാവെന്ന നിലയിൽ, ദൈവം രാജ്യങ്ങൾക്കിടയിൽ ന്യായംവിധിക്കുകയും എല്ലാ തർക്കങ്ങളും പരിഹരിക്കുകയും ചെയ്യും (വാ. 4).

ഭിന്നതയും സംഘട്ടനങ്ങളുമില്ലാത്ത ഒരു ലോകം നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? അതാണ് ദൈവം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നത്! നമുക്ക് ചുറ്റുമുള്ള അനൈക്യങ്ങൾ പരിഗണിക്കാതെ തന്നെ, നമുക്ക് “കർത്താവിന്റെ വെളിച്ചത്തിൽ നടക്കാം” (വാ. 5). ഇപ്പോൾ തന്നെ നമ്മുടെ കൂറ് അവനോടു പ്രഖ്യാപിക്കാം. കാരണം, ദൈവം എല്ലാറ്റിനും മേൽ ഭരിക്കുന്നുവെന്നും ഒരിക്കൽ അവൻ തന്റെ ജനത്തെ ഒരു കൊടിക്കീഴിൽ ഒന്നിപ്പിക്കുമെന്നും നമുക്കറിയാം.