ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും ഹ്രസ്വതയുടെയും ഒരു ഓർമ്മപ്പെടുത്തൽ എന്റെ മുൻവാതിലിനു പുറത്ത് വളരുന്നുണ്ട്. കഴിഞ്ഞ വസന്തകാലത്ത്, എന്റെ ഭാര്യ മൂൺഫ്ളവർ ചെടിയുടെ വള്ളികൾ നട്ടുപിടിപ്പിച്ചു, പൂർണ്ണ ചന്ദ്രനെപ്പോലെ വലുതും വൃത്താകൃതിയിലുള്ളതുമായ വെളുത്ത പൂക്കൾ കാരണമാണ് ചെടിക്ക് ഈ പേര് ലഭിച്ചത്. ഓരോ പൂവും ഒരു രാത്രി വിടർന്ന് പിറ്റേന്നു രാവിലെ സൂര്യപ്രകാശത്തിൽ വാടിപ്പോകും, പിന്നൊരിക്കലും വിടരുകയില്ല. എന്നാൽ ചെടി പൂക്കളാൽ സമൃദ്ധമാണ്, എല്ലാ വൈകുന്നേരവും പുഷ്പങ്ങളുടെ ഒരു പുതിയ പരേഡ് അവതരിപ്പിക്കുന്നു. ഓരോ ദിവസവും വീട്ടിൽ വരുമ്പോഴും പോകുമ്പോഴും അത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു, മടങ്ങിവരുമ്പോൾ എന്ത് പുതിയ സൗന്ദര്യം നമ്മെ സ്വീകരിക്കുമെന്ന് ആശ്ചര്യപ്പെടുന്നു.
ഈ ദുർബലമായ പൂക്കൾ തിരുവെഴുത്തുകളിൽ നിന്നുള്ള ഒരു സുപ്രധാന സത്യത്തെ ഓർമ്മിപ്പിക്കുന്നു. യെശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് എഴുതി, ”കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
”സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി” (1 പത്രൊസ് 1:23-25). എന്നാൽ ദൈവം തന്റെ വാഗ്ദാനങ്ങൾ എന്നേക്കും പാലിക്കുമെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു! (വാ. 25).
ഒരു പൂന്തോട്ടത്തിലെ പൂക്കൾ പോലെ, നിത്യതയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിലെ നമ്മുടെ ജീവിതം ഹ്രസ്വമാണ്. എന്നാൽ നമ്മുടെ ഹ്രസ്വതയിൽ ദൈവം സൗന്ദര്യം ആവേശിച്ചിരിക്കുന്നു. യേശുവിന്റെ സുവാർത്തയിലൂടെ, നാം ദൈവവുമായി ഒരു പുതിയ തുടക്കം കുറിക്കുകയും അവന്റെ സ്നേഹനിർഭരമായ സാന്നിധ്യത്തിൽ പരിധിയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അവന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഭൂമിയിലെ സൂര്യനും ചന്ദ്രനും ഒരു ഓർമ്മ മാത്രമാകുന്ന കാലത്തും, നാം എപ്പോഴും അവനെ സ്തുതിക്കും.
ദൈവവുമായുള്ള നിത്യതയെക്കുറിച്ച് നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്? അവന്റെ വാഗ്ദത്തങ്ങളിൽ നിങ്ങൾക്ക് പ്രിയപ്പെട്ടത് ഏതാണ്?
സുന്ദര രക്ഷകനേ, എന്റെ രക്ഷയുടെ ദാനത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ സ്നേഹം എന്നേക്കും നിലനിൽക്കുന്നു, അതിനായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു.