കൗമാരക്കാരിയുടെ മുഖത്തെ ഭാവം പരിഭ്രമവും ലജ്ജയും പ്രതിഫലിപ്പിച്ചു. 2022-ലെ വിന്റർ ഒളിമ്പിക്‌സിലേക്ക് പോകുമ്പോൾ, ഫിഗർ സ്‌കേറ്റർ എന്ന നിലയിൽ അവളുടെ വിജയം സമാനതകളില്ലാത്തതായിരുന്നു-ചാമ്പ്യൻഷിപ്പുകളുടെ ഒരു നിര അവളെ ഒരു സ്വർണ്ണ മെഡൽ നേടാനുള്ള ഒരു മികച്ച ഫോമിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു പരിശോധനാഫലം അവളുടെ സിസ്റ്റത്തിൽ നിരോധിത പദാർത്ഥം കണ്ടെത്തി. പ്രതീക്ഷകളുടെയും അപലപനങ്ങളുടെയും അപാരമായ ഭാരം അവളുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതിനാൽ, ഫ്രീ-സ്‌കേറ്റ് പ്രോഗ്രാമിനിടെ അവൾ ഒന്നിലധികം തവണ വീണു, വിജയികളുടെ പ്ലാറ്റ്‌ഫോമിൽ അവൾ നിന്നില്ല-മെഡലില്ല. ആരോപണത്തിനു മുമ്പ് അവൾ കലാസ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പ്രദർശിപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഒരു നിയമലംഘനത്തിന്റെ ആരോപണം അവളെ തകർന്ന സ്വപ്‌നങ്ങളിൽ തളച്ചിട്ടു.
മനുഷ്യരാശിയുടെ ആദ്യനാളുകൾ മുതൽ, നാം നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുമ്പോൾ അനുസരണത്തിന്റെ പ്രാധാന്യം ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അനുസരണക്കേട് ആദാമിനെയും ഹവ്വായെയും നമ്മെയെല്ലാവരെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നു, പാപം നമ്മുടെ ലോകത്തിന് തകർച്ചയും മരണവും കൊണ്ടുവന്നു (ഉല്പത്തി 3:6-19). അത് അങ്ങനെ ആയിരിക്കേണ്ടിയിരുന്നില്ല. “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം-ഒരെണ്ണമൊഴികെ” എന്ന് ദൈവം രണ്ടുപേരോടും പറഞ്ഞിരുന്നു (2:16-17). തങ്ങളുടെ ”കണ്ണുകൾ തുറക്കപ്പെടുമെന്നും [അവർ] ദൈവത്തെപ്പോലെയാകുമെന്നും” കരുതി അവർ വിലക്കപ്പെട്ട ”നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം” (3:5; 2:17) ഭക്ഷിച്ചു. പാപവും അപമാനവും മരണവും പിന്നാലെ വന്നു.
നമുക്ക് ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും ധാരാളം നല്ല കാര്യങ്ങളും ദൈവം കൃപയോടെ നൽകുന്നു (യോഹന്നാൻ 10:10). സ്‌നേഹത്തിൽ, നമ്മുടെ നന്മയ്ക്കായി അവനെ അനുസരിക്കാൻ അവൻ നമ്മെയും വിളിക്കുന്നു. അനുസരണം തിരഞ്ഞെടുക്കാനും സന്തോഷം നിറഞ്ഞതും ലജ്ജിക്കേണ്ടതില്ലാത്തതുമായ ജീവിതം കണ്ടെത്താൻ അവൻ നമ്മെ സഹായിക്കട്ടെ.
ലോകം സ്വാതന്ത്ര്യത്തെ എങ്ങനെയാണ് കാണുന്നത്? ദൈവത്തെയും അവന്റെ വഴികളെയും അനുസരിക്കുന്നത് ആത്യന്തികമായി സ്വാതന്ത്ര്യം നൽകുന്നത് എന്തുകൊണ്ട്?
പിതാവേ, അങ്ങയോടുള്ള അനുസരണം തിരഞ്ഞെടുക്കുന്നതിൽ കണ്ടെത്തുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും നന്ദി പറയുന്നു.