ഞങ്ങളുടെ കുട്ടിക്കാലത്തെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സാധനങ്ങൾ മാറ്റുന്നതിനായി എന്റെ സഹോദരങ്ങളും കുടുംബങ്ങളും ഒരു ദിവസം ചെലവഴിച്ചു. ഉച്ചകഴിഞ്ഞ്, ഞങ്ങൾ അവസാനത്തെ ലോഡ് എടുക്കുന്നതിനായി ഒരു പിക്കപ്പുമായി തിരികെ പോയി. ഇത് ഞങ്ങളുടെ കുടുംബ വീട്ടിലെ അവസാന സമയമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട്, പുറകിലെ വരാന്തയിൽ ഒരു ഫോട്ടോയ്ക്കു ഞങ്ങൾ പോസ് ചെയ്തു. “ഇപ്പോൾ എല്ലാം ശൂന്യമാണ്” എന്ന് അമ്മ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു. അതെനിക്ക് അടക്കാൻ കഴിഞ്ഞില്ല. അൻപത്തിനാലു വർഷത്തെ ഓർമ്മകൾ സൂക്ഷിക്കുന്ന വീട് ഇപ്പോൾ ശൂന്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു.
എന്റെ ഹൃദയത്തിലെ വേദന യിരെമ്യാവിന്റെ വിലാപങ്ങളുടെ ആദ്യ വാക്കുകളിൽ പ്രതിധ്വനിക്കുന്നു: ”അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?” (1:1). ഒരു പ്രധാന വ്യത്യാസം, “അവളുടെ അനേകം പാപങ്ങൾ നിമിത്തം” യെരൂശലേം ശൂന്യമായി എന്നതാണ് (വാ. 5). ദൈവം തന്റെ ജനത്തെ ബാബിലോണിലേക്ക് പ്രവാസികളാക്കി അയച്ചു, കാരണം അവർ അവനെതിരെ മത്സരിക്കുകയും മാനസാന്തരപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു (വാ. 18). എന്റെ മാതാപിതാക്കൾ പാപം നിമിത്തമല്ല വീടുവിടേണ്ടിവന്നത്, കുറഞ്ഞപക്ഷം പ്രത്യക്ഷമായിട്ടെങ്കിലും അല്ല. എന്നാൽ ഏദൻ തോട്ടത്തിൽ ആദാം പാപം ചെയ്തതുമുതൽ, ഓരോ വ്യക്തിയുടെയും ആരോഗ്യം അവരുടെ ജീവിതകാലത്തുതന്നേ ക്ഷയിച്ചുപോകുന്നു. നമുക്ക് പ്രായമാകുമ്പോൾ, പരിപാലിക്കാൻ എളുപ്പമുള്ള വലുപ്പം കുറഞ്ഞ വീടുകളിലേക്ക് മാറുന്നത് അസാധാരണമല്ല.
ഞങ്ങളുടെ എളിയ വീടിനെ സവിശേഷമാക്കിയ ഓർമ്മകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. വേദനയാണ് സ്നേഹത്തിന്റെ വില. അടുത്ത വിടവാങ്ങൽ എന്റെ മാതാപിതാക്കളുടെ വീടിനോടല്ല, മറിച്ച് എന്റെ മാതാപിതാക്കളോട് തന്നെയായിരിക്കുമെന്ന് എനിക്കറിയാം. ഞാൻ കരയുന്നു. ഞാൻ യേശുവിനോട് വരണമെന്നും വിടവാങ്ങലുകൾ അവസാനിപ്പിക്കണമെന്നും എല്ലാം പുനഃസ്ഥാപിക്കണമെന്നും അപേക്ഷിക്കുന്നു. എന്റെ പ്രത്യാശ അവനിലാണ്.
നിങ്ങൾക്ക് മനോഹരമായ ഓർമ്മകൾ നിലനിർത്തുന്ന സ്ഥലം ഏതാണ്? അവിടെ നിങ്ങളെ സ്നേഹിച്ച ആളുകൾക്കായി ദൈവത്തിന് നന്ദി. ഇന്ന് നിങ്ങൾക്ക് എങ്ങനെ പുതിയ ഓർമ്മകൾ ഉണ്ടാക്കാം?
പിതാവേ, അങ്ങയുടെ നിത്യമായ കുടുംബത്തിൽ എനിക്ക് ഒരു വീട് നൽകിയതിനു നന്ദി.