ചരിത്രത്തിലെ ഏറ്റവും ശക്തരായ വാഗ്മികൾ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പലപ്പോഴും അവരുടെ ശബ്ദം ഉപയോഗിച്ച നേതാക്കളാണ്. ഫ്രെഡറിക് ഡഗ്ലസിനെ കുറിച്ചു ചിന്തിക്കുക. ഉന്മൂലനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ അടിമത്തത്തിന് അന്ത്യം കുറിച്ച ഒരു പ്രസ്ഥാനത്തിനു പ്രോത്സാഹനമായി. അദ്ദേഹം മിണ്ടാതിരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലോ? സംസാരിക്കാനുള്ള ഭയം തളർത്തിയേക്കാമെങ്കിലും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സഹായിക്കാനും നമ്മുടെ ശബ്ദം ഉപയോഗിക്കാനുള്ള കഴിവ് നമുക്കെല്ലാവർക്കും ഉണ്ട്. ഈ ഭയത്താൽ നാം തളർന്നുപോകുന്ന നിമിഷങ്ങളിൽ, ദൈവിക ജ്ഞാനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായ ദൈവത്തിലേക്ക് നമുക്കു നോക്കാം.
ദൈവം യിരെമ്യാവിനെ ജനതകളുടെ പ്രവാചകനാകാൻ വിളിച്ചപ്പോൾ, അവൻ ഉടൻതന്നെ സ്വന്തം കഴിവുകളെ സംശയിക്കാൻ തുടങ്ങി. അവൻ നിലവിളിച്ചു: ”അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ” (യിരെമ്യാവ് 1:6). എന്നാൽ തന്റെ ശബ്ദത്തിലൂടെ ഒരു തലമുറയെ പ്രചോദിപ്പിക്കാനുള്ള ദൈവിക വിളിയുടെ വഴിയിൽ യിരെമ്യാവിന്റെ ഭയം കടന്നുവരാൻ ദൈവം അനുവദിച്ചില്ല. പകരം, താൻ കൽപ്പിക്കുന്നതെന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ദൈവത്തെ വിശ്വസിക്കാൻ അവൻ പ്രവാചകനോട് നിർദ്ദേശിച്ചു (വാ. 7).യിരെമ്യാവിനെ സ്ഥിരീകരിച്ചതിനു പുറമേ, അവൻ അവനെ സജ്ജനാക്കുകയും ചെയ്തു. “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു” (വാ. 9), ദൈവം അവന് ഉറപ്പുനൽകി.
നമ്മെ എങ്ങനെ ഉപയോഗിക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്നു കാണിച്ചുതരാൻ നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ, നമ്മുടെ ഉദ്ദേശ്യം നിറവേറ്റാൻ അവൻ നമ്മെ സജ്ജരാക്കും. അവന്റെ സഹായത്തോടെ, നമുക്ക് ചുറ്റുമുള്ളവരിൽ നല്ല സ്വാധീനം ചെലുത്താൻ നമ്മുടെ ശബ്ദത്തെ ധൈര്യത്തോടെ ഉപയോഗിക്കാം.
എപ്പോഴാണ് നിങ്ങളുടെ ശബ്ദം ഉപയോഗിക്കാൻ നിങ്ങൾ ഭയപ്പെട്ടിട്ടുള്ളത്? സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും ആശ്രയിക്കാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്ക് ചുറ്റുമുള്ളവരെ മെച്ചപ്പെട്ട രീതിയിൽ സ്വാധീനിക്കുന്നതിനായി എന്റെ വാക്കുകളുടെ ശക്തി ഉപയോഗിക്കാൻ എനിക്ക് ശക്തി നൽകേണമേ.