ഒരു വ്യക്തിയുടെ കൈവശം 40 കോടി ഡോളറിലധികം വിലവരുന്ന ബിറ്റ്‌കോയിൻ ഉണ്ടായിരുന്നു, എന്നാൽ അയാൾക്ക് അതിന്റെ ഒരു പൈസപോലും എടുക്കാൻ കഴിഞ്ഞില്ല. തന്റെ ഫണ്ടുകൾ ശേഖരിച്ചിരുന്ന ഉപകരണത്തിന്റെ പാസ്‌വേഡ് അയാൾക്ക് നഷ്ടപ്പെട്ടു, അതിലും വലിയ ദുരന്തം, പത്ത് പാസ്‌വേഡ് ശ്രമങ്ങൾക്കു ശേഷം, സ്വയം നശിപ്പിക്കപ്പെടുന്നതായിരുന്നു ഉപകരണം. എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു ഭാഗ്യം. ഒരു ദശാബ്ദക്കാലം ആ മനുഷ്യൻ വേദനിച്ചു, തന്റെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന നിക്ഷേപത്തിന്റെ പാസ്‌വേഡ് ഓർത്തെടുക്കാൻ തീവ്രമായി ശ്രമിച്ചു. എട്ട് പാസ്‌വേഡുകൾ പരീക്ഷിച്ച് എട്ട് തവണ പരാജയപ്പെട്ടു. 2021-ൽ, എല്ലാം ആവിയായി പോകുന്നതിന് മുമ്പ് തനിക്ക് രണ്ട് അവസരങ്ങൾ കൂടി മാത്രമേയുള്ളൂവെന്ന് അയാൾ വിലപിച്ചു.

നമ്മൾ മറവിയുള്ള ആളുകളാണ്. ചിലപ്പോൾ നമ്മൾ ചെറിയ കാര്യങ്ങൾ മറക്കുന്നു (നമ്മുടെ താക്കോലുകൾ എവിടെ വെച്ചു എന്ന കാര്യം), ചിലപ്പോൾ നമ്മൾ വലിയ കാര്യങ്ങൾ മറക്കുന്നു (ദശലക്ഷക്കണക്കിന് ഡോളർ അൺലോക്ക് ചെയ്യുന്ന ഒരു പാസ്‌വേഡ്). ഭാഗ്യവശാൽ, ദൈവം നമ്മെപ്പോലെയല്ല. തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെയോ ആളുകളെയോ അവൻ ഒരിക്കലും മറക്കുകയില്ല. കഷ്ടകാലങ്ങളിൽ, ദൈവം തങ്ങളെ മറന്നുവെന്ന് യിസ്രായേൽ ഭയപ്പെട്ടു. ‘യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു’ (യെശയ്യാവ് 49:14) എന്നവർ വിലപിച്ചു. എന്നിരുന്നാലും, അവരുടെ ദൈവം എപ്പോഴും ഓർക്കുന്നുവെന്ന് യെശയ്യാവ് അവർക്ക് ഉറപ്പുനൽകി. “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ?” പ്രവാചകൻ ചോദിക്കുന്നു. തീർച്ചയായും, മുലയൂട്ടുന്ന കുഞ്ഞിനെ അമ്മ മറക്കയില്ല. ഇനി, ഒരു അമ്മ അത്തരമൊരു അസംബന്ധം ചെയ്താലും, ദൈവം നമ്മെ ഒരിക്കലും മറക്കില്ലെന്ന് നമുക്കറിയാം (വാ. 15).

“നോക്കൂ,” ദൈവം പറയുന്നു, “ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു” (വാ. 16). ദൈവം നമ്മുടെ പേരുകൾ സ്വന്തം അസ്തിത്വത്തിൽ കൊത്തിവെച്ചിരിക്കുന്നു. അവന് നമ്മെ-അവൻ സ്‌നേഹിക്കുന്നവരെ -മറക്കാൻ കഴികയില്ലെന്ന് ഓർക്കുക.