ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് ശേഷം, മോസ്‌കോയിലെ എന്റെ ആതിഥേയൻ കോട്ടയ്ക്ക് പുറത്തുള്ള ഒരു റസ്റ്റോറന്റിൽ എന്നെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ, വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികളുടെ ഒരു നിര ക്രെംലിൻ മതിലിന് പുറത്തുള്ള അജ്ഞാത സൈനികന്റെ ശവകുടീരത്തെ സമീപിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അവരുടെ വിവാഹദിനത്തിലെ ആഘോഷത്തിൽ, അത്തരമൊരു ദിവസം സാധ്യമാക്കാൻ മറ്റുള്ളവർ ചെയ്ത ത്യാഗങ്ങളെ മനഃപൂർവം ഓർക്കുന്നതും ഉൾപ്പെടുന്നു. സ്മാരകത്തിന്റെ ചുവട്ടിൽ വിവാഹ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് ദമ്പതികൾ ചിത്രമെടുത്തത് ഒരു മനോഹര കാഴ്ചയായിരുന്നു.
നമ്മുടെ ജീവിതത്തിൽ ഒരു പരിധിവരെ പൂർണ്ണത കൊണ്ടുവരാൻ ത്യാഗങ്ങൾ ചെയ്ത മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാൻ നമുക്കെല്ലാവർക്കും കാരണമുണ്ട്. ആ ത്യാഗങ്ങളൊന്നും അപ്രധാനമല്ല, എന്നാൽ ആ ത്യാഗങ്ങൾ ഏറ്റവും പ്രധാനവുമല്ല. യേശു നമുക്കുവേണ്ടി ചെയ്ത ത്യാഗം കാണുന്നതും നമ്മുടെ ജീവിതം രക്ഷകനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ തുടങ്ങുന്നതും ക്രൂശിന്റെ ചുവട്ടിൽ മാത്രമാണ്.
അപ്പവീഞ്ഞുകൾ സ്വീകരിക്കാൻ കർത്താവിന്റെ മേശയിലേക്ക് വരുന്നത്, അപ്പത്തിലും പാനപാത്രത്തിലും ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. പൗലൊസ് എഴുതി, “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരിന്ത്യർ 11:26). യേശു നമ്മിലും നമുക്കുവേണ്ടിയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും സ്മരണയിലും നന്ദിയിലും എല്ലാ ദിവസവും ജീവിക്കാൻ അവന്റെ മേശയിങ്കലെ നമ്മുടെ സമയം നമ്മെ ഓർമ്മിപ്പിക്കട്ടെ.
നിങ്ങൾ കർത്താവിന്റെ മേശയെ സമീപിക്കുമ്പോൾ, നിങ്ങൾ അതിനെ എങ്ങനെയാണ് കാണുന്നത്? നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ ത്യാഗത്തിന് നന്ദി പറയാനുള്ള അവസരമായി നിങ്ങൾക്ക് എങ്ങനെ അതിനെ ഉപയോഗിക്കാം?
സ്നേഹമുള്ള ദൈവമേ, യേശുവിന്റെ ക്രൂശിലെ ത്യാഗത്തിൽ പ്രകടമായ സ്നേഹത്തിന്റെ വിലമതിക്കാനാകാത്ത പ്രദർശനം ഒന്നിനും ഒരിക്കലും തിരിച്ചുനൽകാനാവില്ല. അവൻ എനിക്കുവേണ്ടി ചെയ്തതിന് എന്റെ നന്ദി പ്രകടിപ്പിക്കാൻ എന്നെ സഹായിക്കണമേ.