ഒരു ട്രാവലിംഗ് എക്‌സിക്യൂട്ടീവെന്ന നിലയിൽ, ഷോൺ സീപ്ലർ ഒരു വിചിത്രമായ ചോദ്യവുമായി മല്ലിട്ടു. ഹോട്ടൽ മുറികളിൽ അവശേഷിക്കുന്ന സോപ്പിന് എന്ത് സംഭവിക്കും? മാലിന്യക്കൂമ്പാരങ്ങളിലേക്കു വലിച്ചെറിയപ്പെടുന്ന ദശലക്ഷക്കണക്കിന് സോപ്പ് ബാറുകൾക്ക് പകരം പുതിയ ജീവിതം കണ്ടെത്താൻ കഴിയുമെന്ന് സീപ്ലർ വിശ്വസിച്ചു. അങ്ങനെ അദ്ദേഹം ക്ലീൻ ദ വേൾഡ് ആരംഭിച്ചു, അത് എണ്ണായിരത്തിലധികം ഹോട്ടലുകൾ, ക്രൂയിസ് ലൈനുകൾ, റിസോർട്ടുകൾ എന്നിവയെ സഹായിക്കുന്ന ഒരു റീസൈക്ലിംഗ് സംരംഭമായി മാറി. ഉപേക്ഷിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് കിലോ സോപ്പിനെ അണുവിമുക്തമാക്കിയതും പുതുതായി വാർത്തെടുത്തതുമായ സോപ്പ് ബാറുകളാക്കി മാറ്റി നൂറിലധികം രാജ്യങ്ങളിളെ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നു. റീസൈക്കിൾ ചെയ്ത ഈ സോപ്പ് എണ്ണമറ്റ രോഗങ്ങളും മരണങ്ങളും തടയാൻ സഹായിക്കുന്നു.

സീപ്ലർ പറഞ്ഞതുപോലെ, “ഇത് തമാശയാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ ഹോട്ടൽ മുറിയിലെ കൗണ്ടറിലുള്ള ആ ചെറിയ സോപ്പിന് അക്ഷരാർത്ഥത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിയും.”

ഉപയോഗിച്ചതോ വൃത്തികെട്ടതോ ആയ എന്തെങ്കിലും ശേഖരിക്കുന്നതും പുതിയ ജീവൻ നൽകുന്നതും നമ്മുടെ രക്ഷകനായ യേശുവിന്റെ ഏറ്റവും സ്‌നേഹപൂർവമായ സ്വഭാവമാണ്. ആ വിധത്തിൽ, അയ്യായിരം വരുന്ന ജനക്കൂട്ടത്തിന് അഞ്ച് ചെറിയ യവത്തപ്പവും രണ്ട് ചെറിയ മീനും നൽകിയതിനുശേഷം, അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, ”ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ” (യോഹന്നാൻ 6:12).

നമ്മുടെ ജീവിതത്തിൽ, “കഴിഞ്ഞുപോയി’’ എന്ന് തോന്നുമ്പോൾ, ദൈവം നമ്മെ കാണുന്നത് പാഴായ ജീവിതങ്ങളായല്ല, മറിച്ച് അവന്റെ അത്ഭുതങ്ങളായിട്ടാണ്. അവന്റെ ദൃഷ്ടിയിൽ നാം ഒരിക്കലും എറിഞ്ഞുകളയപ്പെട്ടവരല്ല പുതിയ രാജ്യ പ്രവർത്തനത്തിനുള്ള ദൈവിക സാധ്യതകൾ നമുക്കുണ്ട്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2 കൊരിന്ത്യർ 5:17). എന്താണ് നമ്മളെ പുതിയതാക്കുന്നത്? നമ്മുടെ ഉള്ളിൽ വസിക്കുന്ന ക്രിസ്തു.