1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.
അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).
ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ”സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.
നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.
നിങ്ങൾ ഏറ്റവും അധികമായി ആഗ്രഹിക്കുന്നത് എന്താണ്? എന്ത് അന്വേഷണങ്ങളും ആസക്തികളുമാണ് നിങ്ങളെ ശൂന്യനതയിലേക്കു തള്ളിവിട്ടത്?
പ്രിയ ദൈവമേ, ഞാൻ എന്റെ ആഗ്രഹങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങു വിലമതിക്കുന്ന നിധികൾ കൊതിക്കാൻ എന്നെ സഹായിക്കണമേ.