ഒരേ ജയിൽ ഗാർഡിൽ നിന്ന് ഡാൻ ദിവസവും മർദ്ദനങ്ങൾ ഏറ്റു. എങ്കിലും ആ മനുഷ്യനെ സ്നേഹിക്കാൻ യേശു തന്നെ നിർബന്ധിക്കുന്നതായി അവനു തോന്നി, അതുകൊണ്ട് ഒരു ദിവസം രാവിലെ, അടി തുടങ്ങും മുമ്പ്, ഡാൻ പറഞ്ഞു, “സർ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ എല്ലാ ദിവസവും കാണാൻ പോകുകയാണെങ്കിൽ, നമുക്ക് സുഹൃത്തുക്കളാകാം.” കാവൽക്കാരൻ പറഞ്ഞു, ”ഇല്ല സർ. നമുക്ക് ഒരിക്കലും സുഹൃത്തുക്കളാകാൻ കഴിയില്ല.” ഡാൻ നിർബന്ധപൂർവ്വം കൈ നീട്ടി.
ഗാർഡ് മരവിച്ചുനിന്നു. അയാൾ വിറയ്ക്കാൻ തുടങ്ങി, പിന്നെ ഡാനിന്റെ കൈ പിടിച്ചു, വിട്ടില്ല. അയാളുടെ മുഖത്തുകൂടി കണ്ണുനീർ ഒഴുകി. അയാൾ പറഞ്ഞു, ”ഡാൻ, എന്റെ പേര് റോസോക്ക്. നിങ്ങളുടെ സുഹൃത്താകാൻ ഞാൻ ആഗ്രഹിക്കുന്നു.” ഗാർഡ് അന്നും പിന്നെ ഒരിക്കലും ഡാനെ അടിച്ചില്ല.
തിരുവെഴുത്തുകൾ നമ്മോട് പറയുന്നു: ”നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും” (സദൃശവാക്യങ്ങൾ 25:21-22). ‘തീക്കനൽ’ രൂപകം ഒരു ഈജിപ്ഷ്യൻ ആചാരത്തെ സൂചിപ്പിക്കുന്നു. അതിൽ കുറ്റവാളി ഒരു പാത്രത്തിൽ തീക്കനൽ തലയിൽ വഹിച്ചുകൊണ്ട് പശ്ചാത്താപം പ്രകടിപ്പിക്കുന്നു. അതുപോലെ, നമ്മുടെ ദയ നമ്മുടെ ശത്രുക്കളെ നാണക്കേടുനിമിത്തം മുഖം ചുവക്കാൻ കാരണമായേക്കാം, അത് അവരെ മാനസാന്തരത്തിലേക്ക് നയിച്ചേക്കാം.
ആരാണ് നിങ്ങളുടെ ശത്രു? നിങ്ങൾക്ക് ആരെയാണ് ഇഷ്ടപ്പെടാത്തത്? ക്രിസ്തുവിന്റെ ദയ ഏതൊരു ഹൃദയത്തെയും-തന്റെ ശത്രുവിന്റെയും സ്വന്തം ഹൃദയത്തെയും -മാറ്റാൻ ശക്തമാണെന്ന് ഡാൻ കണ്ടെത്തി. നമുക്കും അതു കഴിയും.
നിങ്ങളുടെ ശത്രുവിന്റെ തലയിൽ “തീക്കനൽ” കുന്നിക്കാൻ നിങ്ങൾക്ക് ഇന്ന് എന്ത് പ്രവൃത്തി ചെയ്യാൻ കഴിയും? അവർക്കുവേണ്ടി നിങ്ങൾക്ക് എങ്ങനെ പ്രത്യേകമായി പ്രാർത്ഥിക്കാം?
പ്രിയ യേശുവേ, അങ്ങയുടെ ദയ എന്നെ മാനസാന്തരത്തിലേക്ക് നയിക്കുകയും ശത്രുക്കളോട് ദയ കാണിക്കാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു.