ഈയിടെ, സിനിമകളിലും ടിവിയിലും അനേക പ്രാവശ്യം തവണ ഞാൻ കണ്ട ഒരു സ്ഥലത്ത് ഞാൻ എത്തി: കാലിഫോർണിയയിലെ ഹോളിവുഡിൽ. അവിടെ, ലോസ് ഏഞ്ചൽസിന്റെ താഴ്വരയിലെ എന്റെ ഹോട്ടൽ ജനാലയിലൂടെ ഞാൻ നോക്കുമ്പോൾ, ആ പ്രസിദ്ധമായ മലഞ്ചെരുവിലെ ആ ഭീമാകാരമായ വെളുത്ത അക്ഷരങ്ങൾ അഭിമാനത്തോടെ തലയുയർത്തിനിന്നു.
അപ്പോൾ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു: ഇടതുവശത്തെ ഒരു ഭീമാകാരമായ ക്രൂശ്. ഞാൻ അത് സിനിമയിൽ കണ്ടിട്ടില്ല. ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ നിമിഷം, ഒരു പ്രാദേശിക സഭയിലെ ചില വിദ്യാർത്ഥികൾ എന്നോട് യേശുവിനെക്കുറിച്ചു പറയാൻ തുടങ്ങി.
ദൈവരാജ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ലൗകികതയുടെ പ്രഭവകേന്ദ്രം മാത്രമായി ഹോളിവുഡിനെക്കുറിച്ച് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നിട്ടും ക്രിസ്തു അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അവന്റെ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി.
യേശു എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന് പരീശന്മാർ നിരന്തരം ആശ്ചര്യപ്പെട്ടു. അവർ പ്രതീക്ഷിച്ച ആളുകളുമായല്ല അവൻ സഞ്ചരിച്ചത്. പകരം, മർക്കൊസ് 2:13-17 നമ്മോട് പറയുന്നു, അവൻ “ചുങ്കക്കാരോടും പാപികളോടും” കൂടെ (വാ. 15) സമയം ചെലവഴിച്ചു, പരീശന്മാർ “അശുദ്ധർ” എന്ന് വിളിക്കുന്ന ആളുകളായിരുന്നു അവർ. എങ്കിലും അവനെ ഏറ്റവും ആവശ്യമുള്ളവരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരുന്നു (വാ. 16-17).
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് ശേഷം, യേശു തന്റെ പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, ഏറ്റവും അപ്രതീക്ഷിതമായ ആളുകൾക്കിടയിൽ, പ്രചരിപ്പിക്കുന്നത് തുടരുന്നു. ആ ദൗത്യത്തിന്റെ ഭാഗമാകാൻ അവൻ നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു.
നിങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു സ്ഥലത്ത് ദൈവം പ്രവർത്തിക്കുന്നത് എപ്പോഴാണ് നിങ്ങൾ ശ്രദ്ധിച്ചത്? അപ്രതീക്ഷിതമായ സ്ഥലങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ആത്മാവിന് മുന്നിൽ തുറന്നിരിക്കാൻ നിങ്ങൾക്ക് എന്ത് ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും?
സ്വർഗ്ഗീയ പിതാവേ, അങ്ങ് ഇല്ലെന്ന് വിശ്വസിക്കാൻ ഞാൻ പ്രലോഭിപ്പിക്കപ്പെട്ട സ്ഥലങ്ങളിൽ പോലും അങ്ങയെ വെളിപ്പെടുത്തിയതിനു നന്ദി. അങ്ങയുടെ ദൗത്യത്തിന്റെ ഭാഗമാകാൻ എന്നെ വിളിച്ചതിന് നന്ദി.