ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.
ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു – അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!
യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് “[യേശുവിൽ]വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു” (3:16) എന്നാണ്. “[യേശുവിന്റെ] വചനം കേട്ട് [അവനെ] അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്” (5:24) എന്ന് നാം കണ്ടെത്തുന്നു. യേശു പറയുന്നു, “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരു നാളും ദാഹിക്കയുമില്ല” (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ … വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)
നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് “ജീവൻ . . . സമൃദ്ധിയായി” ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.
ലോകത്തിലെ പ്രശ്നങ്ങൾ നിങ്ങളെ കീഴടക്കാൻ ഭീഷണിയുയർത്തുന്നത് എങ്ങനെയാണ്? യേശുവിന്റെ സന്ദേശവും സാന്നിധ്യവും നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?
പ്രിയ സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ പുത്രനിൽ കണ്ടെത്തിയ പ്രത്യാശയ്ക്കു നന്ദി പറയുന്നു.